Order | 45 ലക്ഷം ദിർഹത്തിന്റെ പുസ്തകങ്ങൾ ലൈബ്രറികളിലേക്ക് വാങ്ങാൻ ശാർജ ഭരണാധികാരിയുടെ ഉത്തരവ്
● പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നാണ് വാങ്ങുക
● വിദ്യാർഥികൾ, ഗവേഷകർ എന്നിവർക്ക് പ്രയോജനകരം
● ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പുറത്തിറക്കിയ വർഷം
ഖാസിം ഉടുമ്പുന്തല
ശാർജ: (KVARTHA) വായനയുടെ സംസ്കാരം പരിപോഷിപ്പിക്കുവാനും വിപുലീകരിക്കാനും ശാർജയിലെ ലൈബ്രറികളിലേക്ക് 45 ലക്ഷം ദിർഹത്തിന്റെ പുസ്തകങ്ങൾ വാങ്ങാൻ സുപ്രീം കൗൺസിൽ അംഗവും ശാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
43-ാമത് ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നാണ് പുതിയ പുസ്തകങ്ങൾ വാങ്ങുന്നത്. ശാർജയിലെ ലൈബ്രറികളിലേക്ക് കൂടുതൽ അറബിക്, ഇംഗ്ലീഷ് അന്താരാഷ്ട്ര പുസ്തകങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.
വിദ്യാർഥികൾക്കും വിജ്ഞാന കുതുകികൾക്കും ഗവേഷകർക്കും പ്രയോജനകരമായ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് വാങ്ങുന്നത്. ശാർജയിലെ പൊതുലൈബ്രറികൾ സ്വദേശികളുടെ മാത്രമല്ല പ്രവിശ്യയിലെ പ്രവാസികളുടെകൂടി ഇഷ്ടകേന്ദ്രമാണ്.
ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഈ വർഷം പുതിയൊരു നാഴികക്കല്ല് സ്ഥാപിച്ചിട്ടുണ്ട്. 43 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, 600-ലധികം പുസ്തകങ്ങൾ ഈ വേദിയിൽ പുറത്തിറക്കി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഒരു വർഷം 10-15 പുസ്തകങ്ങൾ മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈ എണ്ണം ഗണ്യമായി വർധിച്ചു.
ലോകത്തെ മറ്റ് പുസ്തകമേളകളിൽ നിന്ന് വ്യത്യസ്തമായി, ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം യുവരചയിതാക്കൾക്കും പുതുമുഖങ്ങൾക്കും അവരുടെ കൃതികൾ അവതരിപ്പിക്കാനുള്ള ഏറെ അവസരം നൽകുന്നു.
#Sharjah #UAE #books #libraries #reading #education #culture #SharjahBookFair