Launch | അപൂർവ ചരിത്രമുറങ്ങുന്ന ഷാർജയിലെ മെലീഹയെ അടുത്തറിയാൻ പുസ്തകം പുറത്തിറങ്ങി; ആദ്യ കോപ്പിയിൽ ഒപ്പുവച്ച് ഭരണാധികാരി

 
sharjah unveils new book on the ancient city of mleiha
sharjah unveils new book on the ancient city of mleiha

അസൗലിൻ പവിലിയനിൽ ഷെയ്ഖ ബൂദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി. Photo: Arranged

● ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിൽ പുസ്തകത്തിന് പ്രത്യേക ഇടം ഒരുക്കി.
● മെലീഹ യുഎഇയിലെ ഒരു പ്രധാന പുരാവസ്തു കേന്ദ്രമാണ്.
● പുസ്തകം അസൗലിൻ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചു.

ഷാർജ: (KVARTHA) മെലീഹയുടെ അപൂർവ ചരിത്രവും പുരാവസ്തുക്കളും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യ കോപ്പിയിൽ ഭരണാധികാരി തന്നെ ഒപ്പു വച്ചു. ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയും ചടങ്ങിൽ സന്നിഹിതയായിരുന്നു. 

'മെലീഹ - ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ' എന്ന പേരിൽ പുറത്തിറങ്ങിയ ഈ പുസ്തകം ഷാർജ നിക്ഷേപ വികസന വകുപ്പായ ഷുറൂഖിന്റെ നേതൃത്വത്തിൽ ലോകപ്രശസ്തമായ അസൗലിൻ പബ്ലിഷേഴ്സാണ് പ്രസിദ്ധീകരിച്ചത്. രണ്ട് ലക്ഷം വർഷം പഴക്കമുള്ള ചരിത്രവും ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യകുടിയേറ്റവും കച്ചവടപാതകളും ഒക്കെ ഉൾക്കൊള്ളുന്ന മെലീഹയുടെ ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഈ പുസ്തകം സഹായിക്കും. 

'ഇന്നത്തെ ഷാർജയും യുഎഇയും എങ്ങനെ രൂപപ്പെട്ടു എന്നതിലേക്ക് നമ്മുടെ പൈതൃകത്തിലേക്ക് വാതിൽ തുറക്കുന്ന പുസ്തകമാണിത്. ഷാർജ ആർക്കിയോളജി വകുപ്പിലെ വിദഗ്ധർ, ഗവേഷകർ, വിഷയത്തിൽ അവഗാഹമുള്ള പണ്ഡിതർ എന്നിവരുമെല്ലാമായി സഹകരിച്ച് മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രധാന റഫറൻസായി മാറും, അതോടൊപ്പം നമ്മുടെ സമ്പന്നമായ പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാനും വരും തലമുറകൾക്ക് പ്രചോദനമായി മാറാനും ഈ പുസ്തകത്തിലൂടെ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു', ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ അൽ ഖാസിമി പറഞ്ഞു.

Sheikh Bodour bint Sultan Al Qasimi at Assouline Pavilion at Sharjah

ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല മനുഷ്യവാസം മുതൽ വ്യാപാരത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കാലത്തിലേക്ക് വരെ നീളുന്ന മെലീഹയുടെ ചരിത്രം പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. വെങ്കലയുഗത്തിലെ ശവകുടീരങ്ങൾ, ഇസ്ലാമിന് മുമ്പുള്ള കോട്ടകൾ, സങ്കീർണ്ണമായ പുരാവസ്തുക്കൾ എന്നിങ്ങനെ മെലീഹയിൽ കണ്ടെത്തിയിട്ടുള്ള ചരിത്രശേഷിപ്പുകളെക്കുറിച്ചെല്ലാം പുസ്തകം വിശദമായി സംസാരിക്കുന്നു.

Sheikh Bodour bint Sultan Al Qasimi at Assouline Pavilion at Sharjah

ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഈസ യൂസഫ് ഉൾപ്പെടെയുള്ള ചരിത്രകാരന്മാരിൽ നിന്നും പുരാവസ്തു ഗവേഷകരിൽ നിന്നുമുള്ള സംഭാവനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. സബാഹ് അബൗദ് ജാസിം, റോയൽ മ്യൂസിയം ഓഫ് ആർട്ട് ആൻ്റ് ഹിസ്റ്ററിയിൽ നിന്നുള്ള ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഉപദേശകനായ ഡോ. ബ്രൂണോ ഓവർലെറ്റ്, അമേരിക്കൻ ഫോട്ടോഗ്രാഫർ എറിക് വാൻ നൈനാറ്റൻ, ഫ്രഞ്ച് ആർട്ടിസ്റ്റ് ആമി എലീന നാഷ് എന്നിവരിൽ നിന്നുള്ള സംഭാവനകൾ പുസ്തകത്തിന് കലാപരമായതും അക്കാദമിക്കുമായ മാനം നൽകുന്നുണ്ട്.

മെലീഹയുടെ ചരിത്രപുസ്തകത്തിനായി പ്രത്യേക ഇടം 

'മെലീഹ - ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് അസൗലിൻ പ്രസിദ്ധീകരണങ്ങൾക്ക് മാത്രമായി പ്രത്യേക പവലിയൻ ഒരുക്കി ഷാർജ ഹൗസ് ഓഫ് വിസ്ഡം. ഷാർജ നിക്ഷേപ വികസനവകുപ്പ് (ഷുറൂഖ്) ചെയർപേഴ്സൺ ഷെയ്ഖ ബൂദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് പ്രത്യേക ചടങ്ങിൽ അസൗലിൻ പവിലിയൻ അനാവരണം ചെയ്തത്. 

ഗവേഷകർക്കു, വിദ്യാർത്ഥികൾക്കും, പുതിയ അറിവുകൾ തേടുന്ന സന്ദർശകർക്കുമെല്ലാം ഒരുപോലെ ഉപകാരപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ വൈവിധ്യമാർന്ന ശ്രേണി ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആഗോള കല, ചരിത്രം, സംസ്കാരം എന്നിവയിലേക്കുള്ള ജാലകം തുറക്കുന്നതോടൊപ്പം യുഎഇയുടെ പൈതൃകത്തോടുള്ള ജിജ്ഞാസ ഉണർത്താനും സന്ദർശകർക്ക് അതേക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുകയുമാണ് പ്രത്യേകം തയാറാക്കിയ ഈ പുസ്തക ശേഖരത്തിന്റെ ഉദ്ദേശം. 

'വിദ്യാർത്ഥികൾക്കും ​ഗവേഷകർക്കുമെല്ലാം പ്രിയപ്പെട്ട ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഈ പുതിയ ശേഖരം. പല നാടുകളുടെയും സംസ്കാരവും ചരിത്രവും അടുത്തു പരിചയപ്പെടാനും അത് വഴി സ്വന്തം ദേശത്തിന്റെ മഹത്തായ ചരിത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനും ഈ പുസ്തകങ്ങൾ പ്രേരകമാവുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്', പവിലിയൻ അനാവരണ വേളയിൽ ഷെയ്ഖ ബൂദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.

ഹൗസ് ഓഫ് വിസ്ഡത്തിൽ നടന്ന ചടങ്ങിൽ ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം അതോറിറ്റി (എസ്‌സിടിഡിഎ) ചെയർപേഴ്‌സൺ ഖാലിദ് ജാസിം അൽ മിദ്ഫ, ഷുറൂഖ് സിഇഒ അഹമ്മദ് ഉബൈദ് അൽ ഖസീർ, ഹൗസ് ഓഫ് വിസ്ഡം ഡയറക്ടർ മർവ അൽ അഖ്റൂബി എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുത്തു. 

'യുഎഇയുടെ ചരിത്രവും പൈതൃകവും അടയാളപ്പെടുത്താനും പ്രചരിപ്പിക്കാനുമായുള്ള ഈ ശ്രമത്തിൽ, ഷുറൂഖിനോടൊപ്പം പങ്കാളികളാവാൻ സാധിച്ചതിൽ ഞങ്ങൾക്കേറെ സന്തോഷമുണ്ട്. അറിവിന്റെയും വായനയുടെയും കേന്ദ്രമായ ഹൗസ് ഓഫ് വിസ്ഡത്തിൽ അസൗലിന് മാത്രമായി ഒരിടം എന്നതും ഏറെ ആഹ്ലാദം പകരുന്ന നേട്ടമാണ്', ചടങ്ങിൽ പങ്കെടുത്ത് അസൗലിൻ പബ്ലിഷിംഗ് ഹൗസിന്റെ സ്ഥാപകൻ  പ്രോസ്പർ അസൗലിൻ പറഞ്ഞു.

അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത പ്രസാധകരാണ് അസൗലിൻ. ലോകത്തെ പല പ്രമുഖന​ഗരങ്ങളുടെയും ചരിത്രവും വർത്തമാനകാലവും രേഖപ്പെടുത്തിയിട്ടുള്ള അസൗലിന്റെ പുസ്തകങ്ങൾ, സാംസ്കാരിക പ്രസിദ്ധീകരണമേഖലയിൽ കലാപരമായി ആഴത്തിലുള്ള അടയാളപ്പെടുത്തലുകളായാണ് കണക്കാക്കപ്പെടുന്നത്.

#Sharjah #Mleiha #UAEhistory #archaeology #booklaunch #historyofUAE #ancientcity #heritage

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia