Sunil P Ilayidam | ശാർജ പുസ്തകോത്സവം: 'മലയാളികൾ വിദ്വേഷത്തിന്റെയും പകയുടെയും അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും നീരാളിപ്പിടിത്തത്തിൽ'; കേരളത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് മങ്ങലേൽക്കുന്നുവെന്ന് സുനില്‍ പി ഇളയിടം

 


/ ഖാസിം ഉടുമ്പുന്തല

ശാര്‍ജ: (www.kvartha.com) നാനാവിധങ്ങളായ നവോഥാന ചിന്തകളിലൂടെ കേരളം സ്വായത്തമാക്കിയ അടിസ്ഥാന മൂല്യങ്ങള്‍ ദുര്‍ബലപ്പെട്ട് കൊണ്ടിരിക്കുന്നതായി ദാർശനികനും ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം പറഞ്ഞു. ഭാരതത്തിൽ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത വിധം സമത്വവും സാഹോദര്യവുമെന്ന മാനവികമായ മൂല്യങ്ങളില്‍ നിന്നാണ് കേരളമെന്ന സങ്കല്‍പം രൂപപ്പെടുന്നത്. നാല്‍പതുകളില്‍ കേരളമെന്ന ആശയം ഉയര്‍ന്നുവരുമ്പോള്‍ ആധുനിക സമൂഹമെന്ന നിലയില്‍ മലയാളികള്‍ വേറിട്ടൊരു ജീവിതക്രമം കെട്ടിപ്പടുത്തിരുന്നുവെന്നും 41-ാമത് ശാര്‍ജ ഇന്റർനാഷണൽ പുസ്തകമേളയില്‍ ഏഴര പതിറ്റാണ്ടിന്റെ കേരള പരിണാമം എന്ന വിഷയത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
                         
Sunil P Ilayidam | ശാർജ പുസ്തകോത്സവം: 'മലയാളികൾ വിദ്വേഷത്തിന്റെയും പകയുടെയും അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും നീരാളിപ്പിടിത്തത്തിൽ'; കേരളത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് മങ്ങലേൽക്കുന്നുവെന്ന് സുനില്‍ പി ഇളയിടം

 സാഹോദര്യവും സമത്വവും ഒരു സമൂഹത്തിലും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല. കേരള രൂപീകരണത്തിന്റെ ബിന്ദുവില്‍ ഈ ദര്‍ശനം കാണാനാവും. ഒരു വ്യക്തിയുടെ അന്തസും ഔന്നിത്യവും ഒരു സമൂഹത്തില്‍ പ്രകടമാവണമെങ്കില്‍ സാഹോദര്യ സങ്കല്‍പം അനിവാര്യമാണെന്ന് ഡോ.അംബേദ്കര്‍ മനസിലാക്കിയിരുന്നു.അത് ഭരണഘടനാ തത്വത്തില്‍ അദ്ദേഹം ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. വ്യക്തിയുടെ അന്തസ് എന്ന മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക ക്രമം കെട്ടിപ്പടുക്കാന്‍ ആധുനിക കേരളത്തിന് കഴിഞ്ഞുവെന്നതാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ വ്യത്യസ്ഥമാക്കുന്നത്.

കേരളത്തിലേക്ക് വര പ്രവഹിച്ചു കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ആകര്‍ഷിക്കുന്നത് ഉയര്‍ന്ന വരുമാനം മാത്രമല്ല, അതിലുമുപരി മനുഷ്യതുല്യമായ അവസരവും അന്തസും അവര്‍ക്ക് ലഭിക്കുന്നു. എന്നാല്‍ സമകാലിക കേരളീയ ജീവിതം നിരീക്ഷിച്ചാല്‍ വിപരീത ദിശയിലുള്ള കടന്നാക്രമണം നടക്കുന്നതായി കാണാം. ഇത് പതിറ്റാണ്ടുകളായി കേരളം ഉണ്ടാക്കിയെടുത്ത മൂല്യബോധത്തിന്റെ തകര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു.

മതബോധത്തെ സാമൂഹ്യ ബോധമാക്കി മാറ്റുകയെന്ന ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തനിക്കപ്പുറമുള്ള കരുതല്‍ എന്ന നീതി ബോധത്തെ മാറ്റിയെടുക്കാനുള്ള ശ്രമം. എല്ലാ മനുഷ്യര്‍ക്കും തത്തുല്ല്യമായ അന്തസ് എന്ന കേരളീയ മഹനീയ സങ്കല്‍പത്തെ പതിയെ ഇല്ലാതാക്കുന്നു. ദൈവ വിശ്വാസം മനുഷ്യ നന്മക്കായി മാറ്റുന്നതിന് പകരം മനുഷ്യവിഭജനത്തിനായി ഉപയോഗിക്കുന്നു. ദൈവവിശ്വാസമെന്ന മൂല്യത്തെ തന്നെ മാറ്റിമറിക്കുകയാണ് വിഭജനത്തിന്റെ ശക്തികള്‍ ചെയ്യുന്നത്. തന്നെപ്പോലെ മറ്റുള്ളവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന ചിന്തയാണ് യഥാര്‍ത്ഥത്തില്‍ ആധുനികത. പുതിയ കാലത്ത് നമ്മള്‍ ആധുനിക സമൂഹമാണോ എന്ന് ഓരോ മലയാളിയും ചിന്തിക്കേണ്ടതുണ്ട്.


അന്യന്റെ ഭൂമിയിലേക്കും വഴി വക്കിലേക്കും മാലിന്യ അവശിഷ്ടങ്ങൾ വലിച്ചെറിയുന്ന മലയാളി ആധുനികനാണോ എന്നാണ് ചിന്തിക്കേണ്ടത്. ഇത്രയും വിജ്ഞാനം നേടിയെടുത്ത ഒരു സമൂഹം പരമത വിദ്വേഷത്തിന്റെയും പകയുടെയും അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും നീരാളിപ്പിടിത്തത്തിലാണ്. ഇത് പാടെ മാറ്റിയെടുക്കാനുള്ള ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. വ്യത്യസ്തതകളില്‍ നിന്നും വേട്ടയാടപ്പെടാതിരിക്കാനുള്ള അവകാശമാണ് ജനാധിപത്യമെന്ന് ഡോ.അംബേദ്കര്‍ നിര്‍വചിച്ചിട്ടുണ്ട്.
             
Sunil P Ilayidam | ശാർജ പുസ്തകോത്സവം: 'മലയാളികൾ വിദ്വേഷത്തിന്റെയും പകയുടെയും അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും നീരാളിപ്പിടിത്തത്തിൽ'; കേരളത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് മങ്ങലേൽക്കുന്നുവെന്ന് സുനില്‍ പി ഇളയിടം

അവശേഷിക്കുന്നവരെ സംരക്ഷിക്കുന്നതാണ് ജനാധിപത്യം. ഭിന്നസ്വരങ്ങള്‍ക്ക് എത്രത്തോളം ഇടമുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവങ്ങളെ വിഭജനത്തിന്റെ ശക്തികളായി മാറ്റുകയാണിവിടെ. സാഹോദര്യമെന്ന ഉദാത്തമായ ഭാവം കേരളത്തില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വെറുപ്പിനെതിരെ സ്നേഹമെന്ന മാനവിക മൂല്യത്തെ പ്രകാശിപ്പിക്കേണ്ടിയിരിക്കുന്നു. സാഹചര്യങ്ങളെ വിലയിരുത്തിയാൽ
ഇനിയുമൊരു നവോഥാന പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയില്ല. നവോഥാനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ നമുക്ക് ഉറപ്പിച്ച് നിര്‍ത്താന്‍ കഴിയുമോ എന്ന കാര്യമാണ് ഈ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഓരോ മലയാളിയും ചിന്തിക്കേണ്ടത്- അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തക തന്‍സി ഹാശിര്‍ അവതാരകയായിരുന്നു.

Keywords: Sunil P Ilayidam at Sharjah International Book Fair, International,News, Top-Headlines, Latest-News, Gulf, Sharjah, Book Fair, Kerala,  Report by:Qasim Udumbunthala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia