മക്ക അപകടം: മരണസംഖ്യ 107 ആയി; പരിക്കേറ്റവരില്‍ 10 ഓളം ഇന്ത്യക്കാരും

 


ജിദ്ദ: (www.kvartha.com 12.09.2015) നിര്‍മ്മാണത്തിലിരുന്ന മക്ക മസ്ജിദുല്‍ ഹറാമില്‍ ക്രെയിനുകള്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. 238 പേര്‍ക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇതില്‍ ഒരു മലയാളി തീര്‍ത്ഥാടകയും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച വൈകിട്ട് മക്കയില്‍ പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് മസ്ജിദുല്‍ ഹറാമില്‍ വികസന ജോലികള്‍ക്കായി ഉയര്‍ത്തിയിരുന്ന രണ്ടു കൂറ്റന്‍ ക്രെയിനുകള്‍ തകര്‍ന്നു വീണത്.

വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെ മഗ് രിബ് നമസ്‌കാരത്തിനു മുമ്പാണ് സംഭവം. മരിച്ചവരെ കുറിച്ചുള്ള വിവരം രാത്രി വൈകിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം കൊല്ലപ്പെട്ട 87 പേരിലേറെയും തുര്‍ക്കി, ഇന്തോനേഷ്യന്‍ സ്വദേശികളാണെന്നാണ് വിവരം. സ്വകാര്യ ഹജ്ജ് ഗ്രൂപിനൊപ്പമെത്തിയ പാലക്കാട് സ്വദേശിനിയായ മുഅ്മിന (22) ആണ് മരിച്ച മലയാളി.  സ്വകാര്യ ഏജന്‍സിയായ ഐ.ടി.എല്‍ വഴിയാണ് ഇവര്‍ മക്കയിലേക്ക് പോയതെന്നാണ് വിവരം. അപകടത്തില്‍ പത്ത് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

സഫ, മര്‍വ കുന്നുകള്‍ക്കിടയിലെ മേല്‍ക്കൂരക്കുമേല്‍ വികസനജോലികള്‍ക്കായി ഉപയോഗിച്ചുവന്ന രണ്ടു ക്രെയിനുകള്‍ കാറ്റില്‍ പൊട്ടി വീഴുകയായിരുന്നു. മേല്‍ക്കൂരയുടെ ഭാഗം തകര്‍ത്ത് കഅ്ബയുടെ പ്രദക്ഷിണ സ്ഥലമായ മതാഫിലേക്ക് പതിച്ച ക്രെയിനുകളുടെയും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളുടെയും ഇടയില്‍ കുരുങ്ങിയാണ് ഇത്രയും ആളുകള്‍ മരിക്കാനിടയായത്. അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്തും പരിസരങ്ങളിലേക്കും പ്രവേശനം തടഞ്ഞിരിക്കുകയാണ്. മക്കയിലും പരിസരപ്രദേശങ്ങളിലും കനത്ത കാറ്റും മഴയുമായിരുന്നു.

പശ്ചിമേഷ്യയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ഏറ്റവും വലിയ ക്രെയിനുകളാണ് തകര്‍ന്നു വീണത്. അപകടം നടന്നയുടന്‍ സിവില്‍ ഡിഫന്‍സും ഹറം രക്ഷാസേനയും ആതുര ശുശ്രൂഷ വിഭാഗമായ റെഡ് ക്രസന്റിന്റെ സഹായത്തോടെ മൃതദേഹങ്ങളെയും പരിക്കേറ്റവരെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. മക്കയിലെ മുഴുവന്‍ ആശുപത്രികളിലും ആരോഗ്യവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് പ്രത്യേകസമിതിയെ നിയോഗിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സയും സഹായങ്ങളും ലഭ്യമാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
മക്ക അപകടം: മരണസംഖ്യ 107 ആയി; പരിക്കേറ്റവരില്‍ 10 ഓളം ഇന്ത്യക്കാരും

Also Read:
ടിക്കറ്റിലെ 'മറിമായം': ഹജ്ജിന് പുറപ്പെട്ട 55 പേര്‍ മംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി

Keywords:  Two Indians among 107 killed by falling crane at Grand Mosque in Makkah, Injured, Malayalees, hospital, Treatment, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia