ഫ്രാൻസുമായി ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യു എ ഇ; 6600 കോടി ദിർഹം വിലമതിക്കുന്ന 80 റഫാൽ യുദ്ധവിമാനങ്ങൾ രാജ്യത്തേക്ക്
Dec 4, 2021, 22:44 IST
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 04.12.2021) ഫ്രാൻസുമായി ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യു എ ഇ. 6600 കോടി ദിർഹം വിലമതിക്കുന്ന 80 റഫാൽ യുദ്ധവിമാനങ്ങൾ യു എ ഇക്ക് വിൽക്കാനുള്ള കരാർ എക്കാലത്തെയും വലിയ ആയുധ ഇടപാടാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. വെള്ളിയാഴ്ച എക്സ്പോ ദുബൈ സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അബുദബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു. രാജ്യത്തെ വ്യവസായപ്രമുഖരും യോഗത്തിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാൻ ട്വീറ്റ് ചെയ്തു.
നൂതന സാങ്കേതികവിദ്യ, ഊർജം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ സൗഹൃദബന്ധങ്ങളും നിസ്സീമമായ സഹകരണവും നേതാക്കൾ ചർച ചെയ്തു. മറ്റ് പ്രാദേശിക, അഭ്യന്തര, അന്താരാഷ്ട്ര വിഷയങ്ങളും ചർചയായി. ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
യു എ ഇ 80 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറൻസ് പാർലി ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപുറമേ 12 ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിലും യു എ ഇ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
യു എ ഇസുവർണജൂബിലി ആഘോഷിക്കുന്ന വേളയിൽ യു എ ഇ സർകാ രിനെ ഫ്രഞ്ച് പ്രസിഡന്റ് അഭിനന്ദിച്ചു. രാജ്യത്തിന്റെ ശോഭനമായ പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
സൈനികപരമായി ഫ്രാൻസിന്റെ പ്രധാന പങ്കാളിയാണ് ഐക്യ അറബ് എമിറേറ്റുകൾ എന്ന് ഫ്രഞ്ച് സായുധസേനാ വക്താവ് ഹെർവ് ഗ്രാൻഡ്ജീൻ വ്യക്തമാക്കി. ഡസോൾട് ഏവിയേഷൻ നിർമിക്കുന്ന റഫാൽ വിമാനങ്ങൾ 2026-നും 2031-നുമിടയിൽ യു എ ഇയിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Gulf, News, Dubai, UAE, France, Report by Qasim Udumbumthala, President, Visit, Top-Headlines, UAE and France sign strategic deals.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.