Golden Visa | ആരംഭവര്‍ഷം മുതല്‍ ദുബൈയില്‍ ഇതുവരെ അനുവദിച്ചത് ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍

 



ദുബൈ: (www.kvartha.com) ആരംഭവര്‍ഷം മുതല്‍ ഇതുവരെയുള്ള കാലയളവില്‍ ദുബൈയില്‍ ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചതായി ജെനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്.
ഗോള്‍ഡന്‍ വിസ ആരംഭിച്ച 2019 മുതല്‍ 2022 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളിലാണ് 151,600 ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചത്. 

കഴിഞ്ഞ വര്‍ഷം മുതലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഗോള്‍ഡന്‍ വിസയ്ക്ക് ലഭിച്ചത്. ഈ വര്‍ഷം 1.5 കോടി എന്‍ട്രി റെസിഡന്‍സി പെര്‍മിറ്റുകളാണ് അതോറിറ്റി നല്‍കിയിട്ടുള്ളതെന്നും 2020-21 കാലയളവിനെ അപേക്ഷിച്ച് 43 ശതമാനം വര്‍ധനയാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എമിറേറ്റിലെ താമസക്കാരുടെ എണ്ണം വര്‍ധിച്ചതായാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 

ആരോഗ്യ പ്രവര്‍ത്തകര്‍, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍, മറ്റ് മേഖലകളിലെ പ്രൊഫഷനലുകള്‍ എന്നിവര്‍ക്കാണ് പ്രധാനമായും ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഗോള്‍ഡന്‍ വിസ ലഭിച്ചവരില്‍ ബിസിനസുകാരും ജോലി ചെയ്യുന്നവരും പഠിക്കുന്നവരും അവരുടെ ആശ്രിത വിസയിലുള്ളവരും ഉള്‍പെടും. നിരവധി ആനുകൂല്യങ്ങള്‍ കൂടി ലഭിക്കുന്നതിനാലാണ് പ്രവാസികള്‍ കൂടുതലായി ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. 

അതിനിടെ, യുഎഇയില്‍ ഗോള്‍ഡന്‍ വിസാ ഉടമകള്‍ക്ക് 10 വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി നല്‍കി. ഒക്ടോബറില്‍ നിലവില്‍ വന്ന ഗോള്‍ഡന്‍ വിസാ ചട്ടങ്ങളുടെ ഭാഗമായാണ് മാതാപിതാക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് നിക്ഷേപ തുക കെട്ടിവയ്‌ക്കേണ്ടതില്ലെന്നും നിശ്ചിത ശമ്പളം വേണമെന്ന വ്യവസ്ഥയും നിര്‍ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് 2800 ദിര്‍ഹം മുതല്‍ 3800 ദിര്‍ഹം വരെ ആണ് ചിലവ് വരിക. 

Golden Visa | ആരംഭവര്‍ഷം മുതല്‍ ദുബൈയില്‍ ഇതുവരെ അനുവദിച്ചത് ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍


ഇതിനായി മാതാപിതാക്കളുടെ ഏകസംരക്ഷകരാണ് തങ്ങളെന്ന സര്‍ടിഫികറ്റ് കോണ്‍സുലേറ്റില്‍ നിന്ന് ഹാജരാക്കണം. നിലവില്‍ യുഎഇയിലെ താമസ വിസക്കാര്‍ക്ക് ഒരു വര്‍ഷത്തേക്കായിരുന്നു മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ എമിഗ്രേഷന്‍ ഡിപാര്‍ട്മെന്റിന്റെ നിര്‍ദേശാനുസരണം നിശ്ചിത തുക ഡെപോസിറ്റ് നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. കുറഞ്ഞത് 20000 ദിര്‍ഹം പ്രതിമാസം ലഭിക്കുന്നവര്‍ക്കായിരുന്നു മാതാപിതാക്കളെ സ്പോണ്‍ ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്. 

Keywords:  News,World,international,Dubai,Gulf,Visa,Top-Headlines, UAE Golden Visa: Dubai issues over 150,000 long-term residencies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia