Penalty | യുഎഇയിൽ വിസിറ്റിങ് വിസയിൽ വന്നവരെ ജോലിക്കു നിയമിച്ചാൽ വൻ പിഴ! സ്ഥാപന ഉടമകൾ ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ അടക്കണം

 

 
uae imposes hefty fines for hiring visitors on visiting visa
uae imposes hefty fines for hiring visitors on visiting visa

Representational image generated by Gemini AI

സന്ദർശക വിസയിൽ എത്തുന്ന ആളുകളെ ജോലി ചെയ്യിപ്പിച്ച ശേഷം ശമ്പളം നൽകാതെ വഞ്ചിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നടപടി 

ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) യുഎഇയിൽ സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ സ്ഥാപന ഉടമകൾ ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ അടക്കണം. ജോലി ചെയ്യാൻ എത്തുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. കൂടാതെ, തൊഴിൽ അനുമതിയില്ലാതെ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ സ്ഥാപന ഉടമകൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. 

സന്ദർശക വിസയിൽ എത്തുന്ന ആളുകളെ ജോലി ചെയ്യിപ്പിച്ച ശേഷം ശമ്പളം നൽകാതെ അവരെ വഞ്ചിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് തൊഴിൽ നിയമം കർശനമാക്കാൻ യു എ ഇ ഗവൺമെന്റ് തീരുമാനിച്ചത്. യുഎഇയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നില്ല.

എന്നാൽ, തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വിസക്കാർ കമ്പനികളിൽ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികൾ തൊഴിൽ വീസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക. വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്കു വയ്ക്കുന്നതിന് മുൻപ് 50000 മുതൽ രണ്ട് ലക്ഷം ദിർഹം വരെയായിരുന്നു നേരത്തെയുള്ള പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ പല മടങ്ങ് വർധിപ്പിച്ചത്. 

പുതിയ നിയമം വന്നതോടെ സന്ദർശക വിസയിൽ എത്തുന്നവർക്കെതിരെയുള്ള ചൂഷണം പാടേ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കമ്പനികൾ തൊഴിൽ വാഗ്ദാനം ചെയ്തു സന്ദർശക വിസയിൽ ആളുകളെ കൊണ്ടുവരാറുണ്ട്. ജോലി നൽകുമെന്നു വിശ്വസിപ്പിച്ച് ഇവരുടെ കയ്യിൽ നിന്നു പണവും വാങ്ങും. കമ്പനികൾ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദർശക വിസയിൽ അല്ല, എൻട്രി പെർമിറ്റിലാണ്. 

ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാൽ, റസി‍ഡൻസി വീസയുടെ തുടർനടപടികൾ പൂർത്തിയാക്കുകയും തൊഴിൽ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്മെന്റുകളും അനധികൃതമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia