UAE Law | യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം പ്രാബല്യത്തില്‍
അബൂദബി: (www.kvartha.com) യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം മുതല്‍ തൊഴില്‍ സാഹചര്യങ്ങളും കരാര്‍ വ്യവസ്ഥകളും ഉള്‍പെടെയുള്ള എല്ലാ വിഷയങ്ങളും പുതിയ നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഡിസംബര്‍ 15ന് വ്യാഴാഴ്ച മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിബന്ധനകളും ഇതിന്റെ ഭാഗമാണ്. പുതിയ നിയമമനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ സ്ഥിരമായും താത്കാലികമായുമുള്ള റിക്രൂട്‌മെന്റുകള്‍ നടത്തണമെങ്കില്‍ യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് വേണം.
18 വയസില്‍ താഴെയുള്ള വ്യക്തിയെ ഗാര്‍ഹിക തൊഴിലാളിയായി നിയമിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കരാറില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ലംഘിച്ചാല്‍ തൊഴിലുടമയ്ക്ക് ഗാര്‍ഹിക തൊഴിലാളിയെ നിയമിക്കാതിരിക്കാനും അവകാശമുണ്ടാവും.
തൊഴിലിന്റെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാതെ ഗാര്‍ഹിക തൊഴിലാളികളെ അവരുടെ രാജ്യത്തു നിന്ന് കൊണ്ടുവരാന്‍ പാടില്ല. അതുപോലെ തന്നെ അവരുടെ ആരോഗ്യസ്ഥിതി, രോഗങ്ങളുണ്ടെങ്കില്‍ അതിന്റെ വിവരം, മാനസിക നില തുടങ്ങിയ വിവരങ്ങള്‍ ജോലിക്ക് നിയമിക്കും മുമ്പ് ലഭ്യമാക്കുകയും വേണം.
യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം നിഷ്‌കര്‍ശിച്ചിരിക്കുന്ന ഫോര്‍മാറ്റില്‍ വേണം തൊഴില്‍ കരാര്‍ തയ്യാറാക്കാന്‍. തൊഴില്‍ സംബന്ധിച്ച നിബന്ധനകള്‍ ഇതില്‍ വിശദീകരിച്ചിരിക്കണം. റിക്രൂട്ട് ചെയ്യുന്ന കാലയളവ്, ശമ്പളം, ജോലിയുടെ സ്വഭാവം തുടങ്ങിയവ തൊഴിലുടമ കരാറില്‍ തന്നെ വിശദമാക്കണം. ഗാര്‍ഹിക തൊഴിലാളിയെ നാട്ടില്‍ നിന്ന് കൊണ്ടുവരുന്നതിന്റെ ചെലവും റിക്രൂട്‌മെന്റ് ഏജെന്‍സിയുടെ ഫീസും കരാറില്‍ പ്രതിപാദിച്ചിരിക്കണം.
അതേസമയം കരാര്‍ വ്യവസ്ഥകള്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ലംഘിച്ചാല്‍ പകരം തൊഴിലാളിയെ ലഭ്യമാക്കുകയോ അല്ലെങ്കില്‍ പണം തിരികെ നല്‍കുകയോ വേണം. കരാര്‍ ലംഘനത്തിനും മറ്റ് നഷ്ടങ്ങള്‍ക്കും തൊഴിലുടമയ്ക്ക് ഏജെന്‍സിക്കെതിരെ നിയമനടപടിയും സ്വീകരിക്കാം. നേരിട്ടോ അല്ലാതെയോ തൊഴിലാളികളുടെ നിയമനത്തിന് അവരില്‍ നിന്ന് ഫീസോ കമീഷനോ വാങ്ങാന്‍ പാടില്ലെന്നും നിയമം വ്യക്തമാക്കുന്നു.
Keywords: Abu Dhabi, News, Gulf, World, Law, UAE, UAE: New domestic worker law comes into force from Dec. 15.