Unemployment Insurance | തൊഴില്‍ നഷ്ടമായാലും നിശ്ചിത വരുമാനം; യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം അടുത്ത വര്‍ഷം ആദ്യം മുതല്‍ പുതിയ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

 




അബൂദബി: (www.kvartha.com) യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം അടുത്ത വര്‍ഷം മുതല്‍ പുതിയ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ തുടങ്ങും. 

ഫെഡറല്‍ സര്‍കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയിലെ അംഗത്വം എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. 

രാജ്യത്തെ ഒന്‍പത് ഇന്‍ഷുറന്‍സ് കംപനികളുമായാണ് പദ്ധതിക്കായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ധാരണയിലെത്തിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് അവരുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങള്‍ കൊണ്ട് ജോലി നഷ്ടമായാല്‍ ശമ്പളത്തിന്റെ 60 ശതമാനം വരെയായിരിക്കും കിട്ടുക. 

ജോലി നഷ്ടമായാല്‍ ഇന്‍ഷുറന്‍സ് കംപനികളുടെ പൂളിന്റെ പ്രത്യേക വെബ്‌സൈറ്റ്, സ്മാര്‍ട് ആപ്ലികേഷന്‍, കോള്‍ സെന്റര്‍ എന്നിവയിലൂടെ ക്ലെയിം അപേക്ഷ നല്‍കാം. ജോലി നഷ്ടമായ ദിവസം മുതല്‍ 30 ദിവസത്തിനകം അപേക്ഷ നല്‍കിയിരിക്കണം. അപേക്ഷ ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കകം പണം ലഭിക്കും. പരമാവധി മൂന്ന് മാസം വരെയായിരിക്കും ഒരു തവണ ഇങ്ങനെ പണം ലഭിക്കുക. 

ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവുകയും അതിന് ശേഷം തുടര്‍ച്ചയായി 12 മാസമെങ്കിലും ജോലി ചെയ്യുകയും ചെയ്ത് കഴിഞ്ഞവര്‍ക്കേ ക്ലെയിം ലഭിക്കൂകയുള്ളൂ. മറ്റൊരു ജോലിയില്‍ പ്രവേശിച്ചാലോ അല്ലെങ്കില്‍ രാജ്യം വിട്ടുപോയാലോ പദ്ധതിയിലൂടെയുള്ള തുക ലഭിക്കില്ല. അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കപ്പെട്ടവര്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കില്ല.

യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കാന്‍ പോകുന്നത്. 

ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പെടുന്നത്. ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്‌ക്കേണ്ടത്.

അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവരാണ് രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പെടുക. ഇവര്‍ മാസം 10 ദിര്‍ഹം വെച്ച് വര്‍ഷത്തില്‍ 120 ദിര്‍ഹം പ്രീമിയം അടയ്ക്കണം. 

വാര്‍ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതുമല്ലെങ്കില്‍ ഓരോ മാസമായോ പ്രീമിയം അടയ്ക്കാനുള്ള അവസരമുണ്ടാകും. ഈ ഇന്‍ഷുറന്‍സ് പോളിസിക്ക് മൂല്യവര്‍ദ്ധിത നികുത ബാധകമാണ്. പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം നിലയ്ക്ക് അടയ്‌ക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ അധിക ബാധ്യത സ്ഥാപനങ്ങളുടെ മേല്‍ വരില്ല.

Unemployment Insurance | തൊഴില്‍ നഷ്ടമായാലും നിശ്ചിത വരുമാനം; യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം അടുത്ത വര്‍ഷം ആദ്യം മുതല്‍ പുതിയ ഇന്‍ഷുറന്‍സ് നിര്‍ബന്ധം


ഒന്നാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 10,000 ദിര്‍ഹം വരെയും രണ്ടാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 20,000 ദിര്‍ഹം വരെയോ ആയിരിക്കും ജോലി നഷ്ടമായാല്‍ ലഭിക്കുക.

ഇന്‍ഷുറന്‍സ് കംപനികളുടെ പൂളിന്റെ വെബ്‌സൈറ്റ്, സ്മാര്‍ട് ആപ്ലികേഷന്‍, ബാങ്ക് എടിഎമുകള്‍, കിയോസ്‌ക് മെഷീനുകള്‍, ബിസിനസ് സര്‍വീസ് സെന്ററുകള്‍, മണി എക്‌സ്‌ചേന്‍ജ് കംപനികള്‍, ടെലികോം കംപനികളായ ടു, എതിസാലാത്, എസ് എം എസ് എന്നിവയിലൂടെയും മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നിശ്ചയിക്കുന്ന മറ്റ് ചാനലുകളിലൂടെയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാം.

നിക്ഷേപകര്‍, സ്വന്തം കംപനിയില്‍ ജോലി ചെയ്യുന്നവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍, 18 വയസിന് താഴെയുള്ളവര്‍, ഒരു ജോലിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റി വിരമിച്ച ശേഷം മറ്റൊരു ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവരൊന്നും പദ്ധതിയില്‍ ചേരാന്‍ യോഗ്യരല്ല. എന്നാല്‍ കമീഷന്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പദ്ധതിയില്‍ ചേരാനാവും.

Keywords: News,World,international,Abu Dhabi,Labours,Job,Salary,Finance,Top-Headlines,Gulf, UAE, UAE unemployment insurance mandatory from next year, announces ministry
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia