ലണ്ടനില്‍ 1500 കോടി നിക്ഷേപത്തില്‍ വി.പി.എസ് ഗ്രൂപ്പിന്റെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി
Jul 29, 2015, 13:30 IST
- ലക്ഷ്യം കാന്‍സറിന് മികച്ച ചികിത്സ, 2000 പേര്‍ക്ക് തൊഴിലവസരം
- ലണ്ടന്‍ ആരോഗ്യമേഖലയില്‍ ഒരു ഇന്ത്യക്കാരന്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം
അബുദാബി: (www.kvartha.com 29.07.2015) ഗള്‍ഫ് മേഖലയിലെയും ഇന്ത്യയിലെയും പ്രമുഖ ഹെല്‍ത്ത് കെയര്‍ കമ്പനിയായ വി.പി.എസ് ഹെല്‍ത്ത് കെയര്‍, യൂറോപ്യന്‍ മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ലണ്ടനില്‍ 1500 കോടി രൂപ മുതല്‍മുടക്കി, കാന്‍സര്‍ ഉള്‍പെടെയുള്ള രോഗ ചികിത്സകള്‍ക്കുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കും.
ലണ്ടന്‍ ഭരണാധികാരികളും വ്യവസായ - വാണിജ്യ - നയതന്ത്ര മേഖലയിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍, വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്‌റുമായ ഡോ. ഷംഷീര്‍ വയലില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. ലണ്ടനിലെ ആരോഗ്യ മേഖലയില്‍ ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ വലിയ നിക്ഷേപത്തോടെ വന്‍കിട ആശുപത്രി ആരംഭിക്കുന്നത്.
103 വര്‍ഷത്തെ പാരമ്പര്യവും രണ്ടാം ലോക മഹായുദ്ധത്തിലൂടെ ലണ്ടന്‍ ചരിത്രത്തില്‍ ഇടം നേടിയ പ്രമുഖ ആശുപത്രി സമുച്ചയമായ റാവന്‍സ്‌കോര്‍ട്ട് പാര്‍ക്ക് ഹോസ്പിറ്റല്‍ ആണ്, ഇനി വി.പി.എസ് ഗ്രൂപ്പിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മാറുക. രണ്ടാം ലോക മഹായുദ്ധത്തില്‍ പരുക്കേറ്റ പതിനായിരങ്ങളെ ഈ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. 1933ല്‍ സ്ഥാപിച്ച ഹോസ്പ്പിറ്റല്‍, നേരത്തെ റോയല്‍ മസോണിക് ഹോസ്പിറ്റല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന ഈ ആശുപത്രി 2017 പ്രവര്‍ത്തനം ആരംഭിക്കും. ഇതുവഴി, പ്രത്യക്ഷമായും പരോക്ഷമായും മലയാളികള്‍ ഉള്‍പടെ രണ്ടായിരം പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കും.
കാന്‍സര്‍ ചികില്‍സയിലെ ആധുനിക ചികില്‍സാ രീതിയായ പ്രോട്ടോണ്‍ ബീം ചികിത്സാ സൗകര്യങ്ങളോടെയാണ് ആശൂപത്രി ആരംഭിക്കുന്നതെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. കാന്‍സര്‍ ബാധിച്ച കോശങ്ങളെ മാത്രം കണ്ടുപിടിച്ച്, ചികിത്സ നടത്തുന്ന ആധുനിക സംവിധാനമാണ് പ്രോട്ടോണ്‍ ബീം. ഇതോടെ, ലണ്ടനില്‍ സ്വകാര്യ മേഖലയില്‍ ഈ ചികിത്സ കൊണ്ടുവരുന്ന ആദ്യ ആശുപത്രിയായും ഇത് മാറും. നിലവില്‍ പ്രോട്ടോണ്‍ ബീം തെറാപ്പിക്കുള്ള സൗകര്യങ്ങള്‍ ലണ്ടനില്‍ കുറവാണ്. ഈ സാഹചര്യത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ പദ്ധതി.
ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സ്വപ്‌ന പദ്ധതിയായ മെഡ് സിറ്റിയുടെ പൂര്‍ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. അതിനാല്‍, ആരോഗ്യ മേഖലയ്ക്ക് ഈ പദ്ധതി വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി സംബന്ധിച്ച ലണ്ടന്‍ ഡപ്യൂട്ടി മേയര്‍ എഡ്‌വേര്‍ഡ് ലിസ്റ്റര്‍ പറഞ്ഞു. ലണ്ടനിലെ ഡോര്‍ചെസ്റ്റര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലണ്ടനിലെ യു.എ.ഇ സ്ഥാനപതി അബ്ദുര്‍ റഹ് മാന്‍ ഘാനം അല്‍ മുതൈവി, ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോ. വീരേന്ദ്രപോള്‍, ലുലു ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ എം.എ യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, അറബ് മേഖലയിലെ രാജകുടുംബാംഗങ്ങള്‍ തുടങ്ങീ പ്രമുഖര്‍ സംബന്ധിച്ചു.
Keywords : Abu Dhabi, Gulf, Health, Hospital, London, Business, VPS Group.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.