സഊദിയിലെ സ്‌കൂളുകളില്‍ കായിക വിനോദമെന്ന നിലയില്‍ യോഗ ഉടന്‍ അവതരിപ്പിക്കുമെന്ന് എസ് വൈ സി
Mar 14, 2022, 17:34 IST
ജുബൈല്‍: (www.kvartha.com 14.03.2022) സഊദിയിലെ സ്‌കൂളുകളില്‍ കായിക വിനോദമെന്ന നിലയില്‍ യോഗ ഉടന്‍ അവതരിപ്പിക്കുമെന്ന് സഊദി യോഗ കമിറ്റി (എസ് വൈ സി) അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പരിപാടി നടത്തുകയെന്ന് എസ് വൈ സി പ്രസിഡന്റ് നൗഫ് അല്‍ മര്‍വായ് പറഞ്ഞു. നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതിനാല്‍ പാഠ്യപദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സ്‌കൂളുകളിലും യോഗ പരിചയപ്പെടുത്താനാണ് തീരുമാനം.
എസ് വൈ സിയും സഊദി സ്‌കൂള്‍ സ്പോര്‍ട്സ് ഫെഡറേഷനും തമ്മിലെ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ യോഗയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ചിരുന്നു. സ്‌കൂള്‍ പ്രിന്‍സിപല്‍മാരും ശാരീരിക വിദ്യാഭ്യാസ അധ്യാപകരും ഇതില്‍ പങ്കെടുത്തു. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ യോഗയ്ക്ക് രാജ്യത്ത് നല്ല സ്വീകാര്യതയുണ്ടെന്ന് അല്‍ മര്‍വായ് വ്യക്തമാക്കി.
പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ വിദ്യാര്‍ഥികളുടെ കായിക പങ്കാളിത്തം ഉയര്‍ത്താനും സഊദി യുവതയുടെ ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള ആവശ്യകതയെക്കുറിച്ചും യോഗം ചര്‍ച ചെയ്തു. സര്‍ടിഫൈഡ് യോഗ പരിശീലകനും ആനന്ദ യോഗ സ്റ്റുഡിയോയുടെ സ്ഥാപകനുമായ ഖാലിദ് ജമാഅന്‍ അല്‍ സഹ്റാനി യോഗത്തില്‍ സംബന്ധിച്ചു.
'രാജ്യത്തെ തങ്ങളുടെ സ്‌കൂള്‍ സംവിധാനവും അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികളുടെ ശാരീരികവും അകാഡമികവുമായ വികസനത്തിന് സംഭാവന നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. സഊദി വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് യോഗ അവതരിപ്പിക്കുന്നത് പോഷകപ്രദവും ഫലപ്രദവുമായ നീക്കമാണ്. കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്ന കൂടുതല്‍ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്ക് ഇത് വഴിയൊരുക്കുമെന്നും സ്‌കൂളില്‍ യോഗ നടത്തുന്നത് ഒരു നിക്ഷേപമാകും'- അല്‍ സഹ്റാനി പറഞ്ഞു.
2017 നവംബറിലാണ് രാജ്യത്ത് ഒരു കായിക വിനോദമെന്ന നിലക്ക് യോഗ പഠിപ്പിക്കാനും പരിശീലിക്കാനും വാണിജ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. യോഗ പഠിപ്പിക്കുന്ന ആദ്യത്തെ സഊദി വനിതയാണ് മര്‍വായ്. സഊദിയിലെ ആദ്യത്തെ യോഗാചാര്യ (സര്‍ടിഫൈഡ് യോഗ ഇന്‍സ്ട്രക്ടര്‍) കൂടിയാണ് നൗഫ് അല്‍ മര്‍വായ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.