Killed | ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടതായി ഇസ്രാഈൽ; സംഭവം ജൂലൈ 13ന് ഗസ്സയിലുണ്ടായ വ്യോമാക്രമണത്തിലെന്ന് പ്രതിരോധ മന്ത്രി
ഹമാസിൻ്റെ ഖസ്സാം ബ്രിഗേഡ്സ് എന്ന സൈനിക വിഭാഗത്തിൻ്റെ സ്ഥാപകരിൽ ഒരാളാണ് മുഹമ്മദ് ദൈഫ്
ടെൽ അവീവ്: (KVARTHA) ഫലസ്തീൻ സായുധ സംഘടനയായ ഹമാസിൻ്റെ സൈനിക മേധാവി മുഹമ്മദ് ദൈഫ് ജൂലൈ 13 ന് ഗസ്സയിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രാഈൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞു. ഖാൻ യൂനിസ് പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ മുഹമ്മദ് ദൈഫിനെ വധിച്ചെന്നാണ് ഇസ്രാഈൽ സൈന്യം പറയുന്നത്. ഹമാസിൻ്റെ ഖസ്സാം ബ്രിഗേഡ്സ് എന്ന സൈനിക വിഭാഗത്തിൻ്റെ സ്ഥാപകരിൽ ഒരാളാണ് മുഹമ്മദ് ദൈഫ്.
1990 കളിൽ സ്ഥാപിതമായ ഈ സംഘത്തെ 20 വർഷത്തിലേറെയായി നയിച്ചുവരികയായിരുന്നു അദ്ദേഹം. എന്നാൽ, ഹമാസ് ഇതുവരെ മരണം സ്ഥിരീകരിച്ചിട്ടില്ല. 1,200 പേർ കൊല്ലപ്പെടുകയും 200 പേരെ ബന്ദികളാക്കുകയും ചെയ്ത തെക്കൻ ഇസ്രാഈലിൽ ഒക്ടോബർ ഏഴിന് നടന്ന ആക്രമണം ആസൂത്രണം ചെയ്ത ഹമാസ് നേതാക്കളിൽ ഒരാളാണ് മുഹമ്മദ് ദൈഫ് എന്നാണ് ഇസ്രാഈലിന്റെ ആരോപണം.
We can now confirm: Mohammed Deif was eliminated.
— Israel Defense Forces (@IDF) August 1, 2024
ഒക്‌ടോബർ മുതൽ ഇസ്രാഈൽ ഗസ്സയിൽ ശക്തമായ വ്യോമ, കര ആക്രമണങ്ങൾ നടത്തിവരികയാണ്. ആക്രമണങ്ങളിൽ ഇതുവരെ 15,000-ത്തിലധികം കുട്ടികൾ ഉൾപ്പെടെ 39,445 പേർ കൊല്ലപ്പെട്ടിട്ടുണ്ട്..
ജൂലൈ 13 ന് നടന്ന വ്യോമാക്രമണത്തിൽ 90-ലധികം പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അധികൃതർ പറഞ്ഞു, എന്നാൽ മരിച്ചവരിൽ മുഹമ്മദ് ദൈഫ് ഉണ്ടെന്ന അവകാശവാദം അധികൃതർ നിഷേധിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
The IDF and the Shin Bet officially confirm this morning The elimination of Muhammad Deif pic.twitter.com/KHQNqQFGNX
— Mossad Commentary (@MOSSADil) August 1, 2024
യുദ്ധത്തിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് ദൈഫിന്റെ കൊലപാതകമെന്നാണ് ഇസ്രാഈൽ പ്രതിരോധ മന്ത്രി പറഞ്ഞത്. ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിൽ ഹമാസിൻ്റെ രാഷ്ട്രീയ നേതാവ് ഇസ്മാഈൽ ഹനിയ്യ കൊലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ദൈഫ് മരണപ്പെട്ടതായുള്ള വിവരം ഇസ്‌റാഈൽ പുറത്തുവിട്ടത്.