Controversy | ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ മൂടുപടം അഴിഞ്ഞു വീണതാരുടെ,
പ്രതിക്കൂട്ടിൽ സർക്കാരോ താരങ്ങളോ?

 
 A protest against the government regarding the Hema Committee Sparks
 A protest against the government regarding the Hema Committee Sparks

Representational Image Generated by Meta AI

 * ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകളെ ചോദ്യം ചെയ്യുന്നു.
 * സർക്കാർ റിപ്പോർട്ട് നാല് വർഷം മറച്ചുവെച്ചു എന്ന ആരോപണം ശക്തമായി ഉയർന്നിട്ടുണ്ട്.
 * സിനിമയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങൾ റിപ്പോർട്ടിൽ ഉണ്ട്.
 

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ മറനീക്കി വരുമ്പോൾ, ഇടതു സർക്കാരിൻ്റെ സ്ത്രീപക്ഷ നിലപാടുകളിൽ പൊള്ളത്തരങ്ങളെന്ന ആരോപണവുമായി പ്രതിഷേധവും ശക്തമാവുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പുറത്തുവന്നതിൻ്റെ ഇംപാക്ടായി മറ്റു ചില ആരോപണങ്ങൾ കൂടി ചർച്ചയാവുന്നതാണ് രണ്ടാം പിണറായി സർക്കാരിനെ വിഷമ വൃത്തത്തിലാക്കുന്നത്. 

പാർട്ടി കൊല്ലം എംഎൽഎമായ മുകേഷിനെതിരെ ഉയർന്ന അതീവ ഗൗരവമുള്ള മൂന്ന് പീഡന പരാതികൾ കേസായി മാറിയതിനെ തുടർന്നുണ്ടായ ധാർമ്മിക പ്രശ്നങ്ങൾ കമ്യുണിസ്റ്റ് പുരോഗമന സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നാണക്കേടായിരിക്കുകയാണ് മുകേഷിനെതിരെ സി.പി.ഐ നേതാക്കൾഉൾപ്പെടെ പരസ്യമായി രംഗത്തുവന്നത് പാർട്ടിയെയും സർക്കാരിനെയും രണ്ടു തട്ടിലാക്കിയിരിക്കുകയാണ്.

മുകേഷിൻ്റെ രാജിയിൽ കുറഞ്ഞ് മറ്റൊന്നും ഇവർ ആവശ്യപ്പെടില്ലെന്നതാണ് ശ്രദ്ധേയം. സി.പി.ഐ മുകേഷ് രാജിവയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു സർക്കാരിനെയും മുന്നണിയെയും സമ്മർദ്ദത്തിലാക്കുന്നുണ്ടെങ്കിൽ മറ്റു പാർട്ടികൾ മൗനം പാലിക്കുന്നത് താൽക്കാലിക ആശ്വാസമായിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാർ സ്ത്രീപക്ഷ സമീപനങ്ങളിൽ വെള്ളം ചേർക്കുന്നുവെന്ന വിമർശനങ്ങൾ ഉയർന്നുവന്ന ഘട്ടത്തിൽ തന്നെയാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അത്തരം വിമർശനങ്ങൾ അതേ അർത്ഥത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടിയായിരുന്നില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തുമ്പോഴും അത്തരം വിഷയങ്ങൾ അന്തരീക്ഷത്തിലുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇടതുമുന്നണി സർക്കാരിൻ്റെ ധാർമ്മികത തന്നെചോദ്യം ചെയ്യപ്പെടുകയാണ്.

2019ൽ സർക്കാരിൻ്റെ കൈവശം ലഭിച്ച റിപ്പോർട്ട് യാതൊരു നടപടിയും സ്വീകരിക്കാതെ പൂഴ്ത്തി  വെച്ചുവെന്നതാണ് ഇപ്പോൾ പ്രധാനമായും ഉയരുന്ന വിമർശനം. സർക്കാർ മുൻകൈയെടുത്ത് മലയാള സിനിമയിലെ നടിമാരുടെ വിഷയം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചുവെന്നത് നിലപാടായി നേരത്തെ ഇടതുപക്ഷം ഉയർത്തിക്കാണിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് പുറത്ത് വിടാനോ റിപ്പോർട്ടിലെ കണ്ടെത്തലുകളിലും ആരോപണങ്ങളിലും ചർച്ചകൾ നടത്താനോ നടപടികൾ സ്വീകരിക്കാനോ ഒന്നാം പിണറായി സർക്കാർ തയ്യാറായില്ല. 

സർക്കാരും പാർട്ടിയുമായി അടുപ്പമുള്ളവരെ സംരക്ഷിക്കാനുള്ള കള്ളക്കളിയാണ് കളിച്ചതെന്നാണ് ആരോപണം.
മാധ്യമപ്രവർത്തകർ അടക്കം നടത്തിയ നീക്കങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സ്വകാര്യത ലംഘിക്കാത്ത വിഷയങ്ങൾ പുറത്ത് വിടാൻ വിവാരാവകാശ കമ്മീഷനും നിയമപോരാട്ടത്തിനൊടുവിൽ ഹൈകോടതിയും ഉത്തരവിട്ടത്. 

റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ക്രിമിനൽ നിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ട നിരവധി കുറ്റകൃത്യങ്ങളുടെ പട്ടിക കൂടിയാണ് പുറത്ത് വന്നത്. സിനിമാ രംഗത്തുള്ള സ്ത്രീകൾക്ക് മൂത്രമൊഴിക്കാനോ ആർത്തവ ദിവസങ്ങളിൽ ശുചിത്വം ഉറപ്പാക്കാനോ സൗകര്യങ്ങളില്ലായിരുന്നുവെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ടായിരുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. 

ഈ നിലയിൽ ​ഗൗരവമായ വിഷയങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒരു റിപ്പോർട്ടാണ് സർക്കാർ നാലു വർഷത്തിലേറെ ഒരു നടപടിയും സ്വീകരിക്കാതെ സൂക്ഷിച്ചത് എന്ന വിമർശനത്തെ അവഗണിക്കാൻ സാധിക്കില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ സൂചന ഔദ്യോഗികമായി കൈവശം ലഭിച്ചിട്ടും അതിൽ നടപടി എടുത്തില്ലെന്നത് സിനിമയിലെ വിഷയങ്ങൾ പഠിക്കാനായി കമ്മിറ്റിയെ നിയോഗിച്ചതിൻ്റെ ഉദ്ദ്യേശശുദ്ധിയെ പോലും ചോദ്യം ചെയ്യുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലനും, ഇപ്പോഴത്തെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും സ്വീകരിച്ച നിലപാടുകൾ ഇടതുപക്ഷത്തിൻ്റെ പ്രഖ്യാപിത സ്ത്രീപക്ഷ നിലപാടുകൾക്ക് കടകവിരുദ്ധമായിരുന്നു. സർക്കാരിന് ആരെയോ സംരക്ഷിക്കാനുണ്ടെന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന ദുർബലമായ ന്യായീകരണങ്ങളായിരുന്നു സജി ചെറിയാൻ്റെ ഭാഗത്തുനിന്നും ഉണ്ടായത്. 

ഇരയുടെ സ്വകാര്യത സംരക്ഷിക്കാനാണ് റിപ്പോർട്ടിൽ നടപടിയെടുക്കാത്തത് എന്ന് പറയുമ്പോഴും കുറ്റക്കാരായ വേട്ടക്കാർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യമുന സർക്കാരിന് നേരെ നീളുന്നുണ്ട്.
മുകേഷിനെതിരെയുള്ള കേസുകൾ തെളിയിക്കുന്നതും അതു തന്നെയാണ്

 

#HemaCommittee #KeralaPolitics #WomenSafety #CinemaIndustry #Corruption #JusticeForWomen

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia