Conflict | ഇസ്രാഈലിനെതിരായ തിരിച്ചടിയുടെ ആദ്യ ഘട്ടം അവസാനിച്ചതായി ഹിസ്ബുല്ല; ഇസ്രാഈലിന്റെ മുഖത്തേറ്റ അടിയെന്ന് ഹമാസ്
ഇസ്രാഈലിൽ 48 മണിക്കൂറിന് അടിയന്തരാവസ്ഥ
എയർ ഫ്രാൻസ് ടെൽ അവീവ്, ബെയ്‌റൂട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
ടെൽ അവീവ്: (KVARTHA) ഇസ്രാഈലിനെതിരായ തിരിച്ചടിയുടെ ആദ്യഘട്ടം പൂർണ വിജയത്തോടെ അവസാനിച്ചതായി ലബനീസ് സായുധ സംഘടനയായ ഹിസ്ബുല്ല. ഞായറാഴ്ച രാവിലെ ഇസ്രാഈലിന് നേരെ 320 ലധികം റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടതിന് പിന്നാലെയായിരുന്നു ഹിസ്ബുല്ലയുടെ പ്രഖ്യാപനം. പ്രധാനമായും വടക്കൻ ഇസ്രാഈലിലെ പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണം.
ഇസ്രാഈലിന്റെ നിര്‍ണായക സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ സ്‌ഫോടകശേഷിയുള്ള നിരവധി ഡ്രോണുകള്‍ തൊടുത്തുവിട്ടതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ജൂലൈ 30 ന് പ്രധാന കമാന്‍ഡര്‍ ഫുആദ് ഷുക്കര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രാഈലിനെതിരെ ഡ്രോണ്‍, റോക്കറ്റ് ആക്രമണം നടത്തുമെന്ന പ്രഖ്യാപനം ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.
ഹമാസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിന് ശേഷം ഹിസ്ബുല്ല ഇസ്രാഈലിലേക്ക് ഇതിനകം 8,000 റോക്കറ്റുകൾ വിക്ഷേപിച്ചിട്ടുണ്ട്. 200-ലധികം ഡ്രോൺ ആക്രമണങ്ങളും നടത്തി. ഞായറാഴ്ചത്തെ ഏറ്റവും പുതിയ ആക്രമണങ്ങൾ ഹിസ്ബുല്ലയും ഇസ്രാഈലും തമ്മിലുള്ള കൂടുതൽ സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഇതുവരെ ഇസ്രാഈലും ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം അതിർത്തി പ്രദേശങ്ങളിൽ മാത്രമായിരുന്നു.
അതേസമയം അക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രാഈലിൽ 48 മണിക്കൂർ സമയത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ രാജ്യത്തിൻ്റെ തെക്കൻ മേഖലയിൽ ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനനിൽ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രാഈൽ ആക്രമണം നടത്തിയത്.
ടെൽ അവീവ്, ബെയ്‌റൂട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഞായറാഴ്ചയും തിങ്കളാഴ്ചയും താൽക്കാലികമായി നിർത്തിവച്ചതായി എയർ ഫ്രാൻസ് അറിയിച്ചു. ഇസ്രാഈലിനെതിരെ ഹിസ്ബുല്ല നടത്തിയ ആക്രമണങ്ങളെ ഫലസ്തീൻ സായുധ സംഘടനയായ ഹമാസ് പ്രശംസിച്ചു. ശക്തമായ പ്രതികരണം എന്ന് വിശേഷിപ്പിച്ച ഹമാസ് ഇസ്രാഈൽ സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയിൽ മരണസംഖ്യ ഉയരുന്നു
അതേസമയം ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71 ഫലസ്തീനികൾ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രാഈൽ നടത്തിയ ആക്രമണങ്ങളിൽ 40,405 പേർ കൊല്ലപ്പെടുകയും 93,468 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.