Controversy | മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു പത്രം; വിവാദ ഭാഗം പിആർ ഏജൻസി എഴുതി നൽകിയതെന്നും വിശദീകരണം
● വിവാദഭാഗങ്ങൾ പിൻവലിക്കുന്നുവെന്ന് പത്രം
● 'മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നു'
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം വലിയ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഹിന്ദു ദിനപത്രം രംഗത്തെത്തി. അഭിമുഖത്തിലെ വിവാദ ഭാഗം പിആർ ഏജൻസി തയ്യാറാക്കിയതാണെന്നും വിവാദ പരാമർശങ്ങൾ പിൻവലിക്കുകയാണെന്നും മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നുവെന്നും 'ദി ഹിന്ദു' അറിയിച്ചു.
മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയച്ചതിന് പിന്നാലെയാണ് ഈ വിശദീകരണം പുറത്തുവന്നത്. പിആർ ഏജൻസിയാണ് മുഖ്യമന്ത്രി അഭിമുഖത്തിന് തയ്യാറാണെന്ന് അറിയിച്ചതെന്നും സ്വർണക്കടത്ത്, കള്ളപ്പണ ഇടപാട് തുടങ്ങിയ വിഷയങ്ങളിൽ ചോദ്യം ചോദിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അഭിമുഖം അരമണിക്കൂർ നീണ്ടു നിന്നുവെന്നും ഹിന്ദു പറയുന്നു.
അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ തെറ്റായി നൽകിയെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് ദ ഹിന്ദുവിന്റെ പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് കത്തയച്ചത്. മലപ്പുറം ജില്ലയെ അപാനമിച്ചുവെന്ന തരത്തിലാണ് ഇത് പ്രചരിച്ചത്. എന്നാൽ മുഖ്യമന്ത്രി ഒരിക്കൽ പോലും പ്രത്യേക സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ലെന്നും, രാജ്യവിരുദ്ധം അല്ലെങ്കിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. ഹിന്ദു ദിനപത്രത്തിന്റെ വിശദീകരണത്തോടെ വിവാദത്തിൽ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
#PinarayiVijayan #KeralaPolitics #HinduNewspaper #Controversy #IndiaNews