Historic Victory | കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ കെ എസ് യു വിന് ചരിത്രവിജയം; 2 സീറ്റുകള്‍ നേടി
കെ എസ് യു സ്ഥാനാര്‍ഥികളായി മത്സരിച്ച ആഷിത് അശോകന്‍, സൂര്യ അലക്‌സ് എന്നിവരാണ് ജയിച്ചത്
എം എസ് എഫ് പാനലില്‍ മത്സരിച്ച രണ്ടുപേരും വിജയിച്ചു
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ കെ എസ് യു വിന് അട്ടിമറി വിജയം.
കെ എസ് യു സ്ഥാനാര്‍ഥികളായി മത്സരിച്ച ആഷിത് അശോകന്‍, സൂര്യ അലക്‌സ് എന്നിവരാണ് ജയിച്ചത്. ആഷിത്ത് അശോകന്‍ പ്രൊഫഷനല്‍ കാറ്റഗറി വിഭാഗത്തിലും, സൂര്യ അലക്‌സ് റിസര്‍ച് വിഭാഗത്തിലുമാണ് വിജയിച്ചത്.
കണ്ണൂര്‍ സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് കെ എസ് യു പ്രതിനിധികള്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എം എസ് എഫ് പാനലില്‍ മത്സരിച്ച രണ്ടുപേരും വിജയിച്ചു. ഫര്‍ഹാന ടി പി, മുഹമ്മദ് ഹസീബ് ടി കെ എന്നിവരാണ് വിജയിച്ചത്.
വിജയിച്ച കെ എസ് യു പ്രവര്‍ത്തകരെ ആനയിച്ച് കണ്ണൂര്‍ നഗരത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നേരത്തെ എം എസ് എഫിന് മൂന്ന് സീറ്റാണ് ഉണ്ടായിരുന്നത്. ഇത് രണ്ടായി കുറഞ്ഞിട്ടുണ്ട്. എസ് എഫ് ഐ കഴിഞ്ഞ തവണത്തെ ആറ് സീറ്റുകള്‍ നിലനിര്‍ത്തി. സര്‍വകലാശാലയില്‍ കെ എസ് യുവിനുണ്ടായ വിജയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ സാമ്പിളാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ശമ്മാസും ജില്ലാ പ്രസിഡന്റ് എംസി അതുലും പറഞ്ഞു.
വിജയികളായ കെ എസ് യു സ്ഥാനാര്‍ഥികളെ സര്‍വകലാശാല കാംപസില്‍ നിന്നും പ്രകടനമായി ആനയിച്ച് കൊണ്ട് കണ്ണൂര്‍ ഡിസിസി ഓഫിസില്‍ സ്വീകരണം നല്‍കി. നിലവില്‍ എസ് എഫ് ഐക്കുണ്ടായിരുന്ന ആധിപത്യം നിലനിര്‍ത്തിക്കൊണ്ട് കെ എസ് യു സ്ഥാനാര്‍ഥികള്‍ വിജയിച്ചതാണ് ഇത്തവണത്തെ പ്രത്യേകത.