തന്നോടാണ് കളി; അവന്‍ തെരഞ്ഞെടുത്ത വീട് മാറിപ്പോയി; വീട്ടില്‍ അതിക്രമിച്ചു കയറാനെത്തിയ മോഷ്ടാവിനെ തനിച്ച് കീഴ്‌പ്പെടുത്തി 82 വയസ്സുകാരി

 


ന്യൂയോര്‍ക്ക്: (www.kvartha.com 27.11.2019) വീട്ടില്‍ അതിക്രമിച്ചു കയറാനെത്തിയ മോഷ്ടാവിനെ തനിച്ച് കീഴ്‌പ്പെടുത്തിയ 82 വയസ്സുകാരിയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലെ താരം. ധീരയായ മുത്തശ്ശിക്കൊപ്പം സെല്‍ഫിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ന്യൂയോര്‍ക്കിലെ റോച്ചസ്റ്ററിലാണ് സംഭവം. ബോഡിബില്‍ഡിങ് പുരസ്‌കാര ജേതാവായ വില്ലി മര്‍ഫിയുടെ വീടാണെന്ന് തിരിച്ചറിയാതെയായിരുന്നു മോഷ്ടാവ് അതിക്രമിച്ച് കയറിയത്.

ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു വില്ലി. അപ്പോഴാണ് ആംബുലന്‍സ് വിളിക്കാന്‍ സഹായമഭ്യര്‍ഥിച്ച് ഒരാള്‍ വില്ലിയുടെ വീട്ടിലെ കതകില്‍ തട്ടിയത്. വീടിന്റെ വാതില്‍ തുറക്കാതെ പൊലീസിനെ വിളിക്കുകയാണ് വില്ലി ചെയ്തത്. എന്നാല്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്ന അക്രമിക്ക് നേരെ 82കാരിയായ വില്ലി നടത്തിയത് പ്രായത്തെ വെല്ലുന്ന പ്രകടനമായിരുന്നു. ബോഡി ബില്‍ഡറായ വില്ലി മോഷ്ടാവിനെ നന്നായിത്തന്നെ കൈകാര്യം ചെയ്തു.

തന്നോടാണ് കളി; അവന്‍ തെരഞ്ഞെടുത്ത വീട് മാറിപ്പോയി; വീട്ടില്‍ അതിക്രമിച്ചു കയറാനെത്തിയ മോഷ്ടാവിനെ തനിച്ച് കീഴ്‌പ്പെടുത്തി 82 വയസ്സുകാരി

ആദ്യം അക്രമിയെ മേശകൊണ്ടടിച്ചു വീഴ്ത്തി. തുടര്‍ന്ന് അയാളുടെ മുഖത്ത് ഷാംപൂ ഒഴിച്ചു. അതിനുശേഷം ചൂലെടുത്ത് തലങ്ങും വിലങ്ങും അടിച്ചു. പൊലീസ് സ്ഥലത്തെത്തുംവരെ മര്‍ദനം തുടര്‍ന്നു. വയോധികയെ കെട്ടിയിട്ട് വീട്ടിലുള്ളതെല്ലാം തട്ടിയെടുക്കാമെന്ന് കരുതിയ മോഷ്ടാവിന് തന്റെ കണക്കു കൂട്ടലുകളെല്ലാം തെറ്റിക്കുന്ന സമീപനമാണ് വില്ലിയില്‍ നിന്നും ഉണ്ടായത്. മോഷ്ടാവ് ഒരിക്കലും വില്ലിയില്‍ നിന്നും ഇത്രയധികം പ്രതീക്ഷിച്ചിട്ടേ ഉണ്ടാവില്ല.

സംഭവത്തെക്കുറിച്ച് വില്ലി പറയുന്നതിങ്ങനെ :-

'' ഞാന്‍ ആ മനുഷ്യനെ ആക്രമിച്ചതിനു പിന്നില്‍ ഒരു കാരണമേയുള്ളൂ. എനിക്ക് മരിക്കാനുള്ള സമയമായെങ്കില്‍ അവനേയും കൊണ്ടേ ഞാന്‍ പോകുമായിരുന്നുള്ളൂ''.

അക്രമി ആഗ്രഹിച്ചതുപോലെ ആംബുലന്‍സില്‍ത്തന്നെയായിരുന്നു അവന്റെ മടക്കം. ടഫ് ആസ് നെയില്‍ ( 'tough as nails.') എന്ന അടിക്കുറിപ്പോടെയാണ് പൊലീസ് ധീരയായ മുത്തശ്ശിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ചത്. സംഭവം പുറത്തറിഞ്ഞതോടെ മുത്തശ്ശിയെ അഭിനന്ദനങ്ങള്‍കൊണ്ട് പൊതിയുകയാണ് വെര്‍ച്വല്‍ ലോകം.

'' എനിക്ക് 58 വയസ്സുണ്ട്. പ്രായമാകുമ്പോള്‍ എനിക്കും ഇവരെപ്പോലെ ധീരയാവണം''. 'ഞാനവരെ സ്‌നേഹിക്കുന്നു. തീര്‍ച്ചയായും അവിടുത്തെ മേയര്‍ ധീരതയ്ക്കുള്ള പുരസ്‌കാരം അവര്‍ക്ക് നല്‍കണം'. അവരുടെ ധൈര്യവും ഊര്‍ജവും തീര്‍ച്ചയായും ബഹുമാനിക്കപ്പെടേണ്ടതാണ്.' ഇങ്ങനെ പോകുന്നു വില്ലിയുടെ ധീരതയെക്കുറിച്ചറിഞ്ഞയാളുകളുടെ പ്രതികരണങ്ങള്‍.

വില്ലിമെര്‍ഫി റോച്ചെസ്റ്ററിലെ മേപ്പിള്‍വുഡ് വൈ എം സി എ യില്‍ എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യാറുണ്ടെന്നും ശരീരഭാരത്തേക്കാള്‍ രണ്ടിരട്ടി ഭാരമുള്ള 102 കിലോ ഭാരമുയര്‍ത്തുമെന്നും ഒറ്റക്കൈകൊണ്ട് പുഷ് അപും ഒറ്റക്കൈകൊണ്ട് പുള്‍അപ്പും ചെയ്യാറുണ്ടെന്നും മറ്റൊരാള്‍ പറയുന്നു. 2014 ല്‍ വേള്‍ഡ് നാച്ച്വറല്‍ പവര്‍ ലിഫ്റ്റിങ് ഫെഡറേഷന്‍ ലിഫ്റ്റര്‍ പുരസ്‌കാരം വില്ലിക്ക് ലഭിച്ചിരുന്നു.

മേപ്പിള്‍ വൈ എം സി എ കോര്‍ഡിനേറ്റര്‍ മിഷേല്‍ ലെബൂ വില്ലിയെക്കുറിച്ച് പറയുന്നതിങ്ങനെ :-

'' പ്രായത്തെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളെയും അകറ്റുന്നതാണ് വെല്ലിയുടെ പ്രവര്‍ത്തികള്‍. വെല്ലി മെര്‍ഫി കരുത്തയായ സുന്ദരിയായ സ്ത്രീയാണ്. മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നയാളാണ്''.

അതേസമയം തന്നെക്കുറിച്ചുള്ള വാര്‍ത്ത ഒരുപാടാളുകള്‍ക്ക് പ്രചോദനമാകുമെന്നാണ് മെര്‍ഫിയുടെ പ്രതീക്ഷ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  'He picked the wrong house': Bodybuilder, 82, fights break-in suspect, New York, News, Humor, Police, Twitter, Social Network, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia