Bride Eloped | 'ബ്യൂടി പാര്‍ലറിലേക്ക് ഒരുങ്ങാന്‍ പോയ വധു വിവാഹത്തിനുള്ള മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പ് കാമുകനൊപ്പം ഒളിച്ചോടി'; വിവരമറിഞ്ഞ പെണ്ണിന്റെ മാതാപിതാക്കള്‍ വേദിയില്‍ കുഴഞ്ഞുവീണു; ബന്ധുക്കളെ സമാധാനപ്പെടുത്തി വരന്‍!
Aug 21, 2023, 13:07 IST
തിരുവനന്തപുരം: (www.kvartha.com) കല്ലമ്പലത്ത് വിവാഹത്തിനുള്ള മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പ് വധു കാമുകനൊപ്പം ഒളിച്ചോടിയതായി ആരോപണം. ആയിരങ്ങളെ സല്‍ക്കരിച്ച് തയ്യാറായി നിന്ന വധുവിന്റെ മാതാപിതാക്കള്‍ മകളുടെ വിവാഹം മുടങ്ങിയ വിവരമറിഞ്ഞ് വിവാഹവേദിയില്‍ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
മാസങ്ങള്‍ക്ക് മുന്‍പേ നിശ്ചയിച്ച വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ മാന്തറ സ്വദേശിയായ യുവാവിന്റെയും വിവാഹമായിരുന്നു മുടങ്ങിയത്. ഇതോടെ വരന്റെ വീട്ടുകാര്‍ രംഗത്തിറങ്ങിയെങ്കിലും മുതിര്‍ന്നവര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വാക് തര്‍ക്കത്തില്‍ കാര്യങ്ങള്‍ ഒതുങ്ങി. വരന്റെ കൃത്യമായ ഇടപെടലും പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയായിരുന്നു എന്നാണ് വിവരം.
ഞായറാഴ്ച കല്ലമ്പലം ജെ ജെ ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 11.25നും 12നും മധ്യേയാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ ഓഡിറ്റോറിയത്തില്‍ എത്തുകയും ചെയ്തിരുന്നു. വധുവിന് ഒരുങ്ങാനുള്ള സൗകര്യം ചെയ്തിരുന്നത് ബ്യൂടി പാര്‍ലറില്‍ ആയിരുന്നു. ഇതിനായി വധു രാവിലെ തന്നെ ബ്യൂടി പാര്‍ലറിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ ബ്യൂടി പാര്‍ലറില്‍ പോയിരുന്ന കല്യാണപ്പെണ്ണിനെ മുഹൂര്‍ത്ത സമയമായിട്ടും കാണാതെ വന്നതോടെയാണ് പ്രശ്‌നങ്ങളാരംഭിച്ചത്. വധുവിനെ തിരക്കി പോയവരാണ് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയ വിവരം അറിയിക്കുന്നത്.
ഇതോടെ ഏകദേശം 1200 ഓളം പേര്‍ക്കുള്ള സദ്യയാണ് പാഴായിപ്പോയത്. വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മില്‍ വാക് തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും വരന്റെ സമയോചിതമായ ഇടപെടല്‍ മൂലം വരന്റെ വീട്ടുകാര്‍ വാക് തര്‍ക്കങ്ങളില്‍ നിന്നും പിന്മാറുകയും ചെയ്തു.
ഇതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്ലമ്പലം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പെണ്‍കുട്ടി ഒളിച്ചോടിയ സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലായിരുന്നു. അതുകൊണ്ടുതന്നെ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Keywords: News, Kerala, Kerala-News, Humour-News, Humor, Thiruvananthapuram, Wedding Day, Bride, Groom, Lover, Beauty Parlor, Eloped, Marriage, Thiruvananthapuram: On wedding day bride went to the beauty parlor and eloped with lover.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.