Freebies | വാഗ്ദാനപ്പെരുമഴ വോട്ട് പിടിക്കാനുള്ള മാജിക്! സൗജന്യ രാഷ്ട്രീയം നേട്ടമോ ദോഷമോ?

 


/ സാമുവൽ സെബാസ്റ്റ്യൻ

(KVARTHA)
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളും നേതാക്കളും വാരിക്കോരി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുകയാണ്. ഇപ്പോൾ തന്നെ ഒരുപാട് വാഗ്ദാനങ്ങളുടെ നീണ്ടനിരയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിൽ ഒരു രാഷ്ട്രീയപാർട്ടിയും പിന്നിലല്ല. ഏറ്റവും കൂടുതൽ വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നത് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോൺഗ്രസും ബി.ജെ.പിയും തന്നെ. രാഷ്ട്രീയ പാർട്ടികളുടെ ഈ സൗജന്യ വാഗ്ദാനങ്ങൾ രാജ്യത്തെ നശിപ്പിക്കുമോ വളർത്തുമോ എന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ കാലങ്ങളിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ രാഷ്ട്രീയ പാർട്ടികളും നേതാക്കളും പറഞ്ഞ പല വാഗ്ദാനങ്ങളും നടപ്പിലായില്ലെന്നതാണ് സത്യം. തെരഞ്ഞെടുപ്പിലും അല്ലാതെയും രാജ്യത്തെ വിവിധ പാർട്ടികൾ സൗജന്യങ്ങൾ വാരിക്കോരി വാഗ്ദാനം ചെയ്യുന്നതിൽ പല കോണുകളിൽനിന്നും വിമർശനം ഉയർന്നിരിക്കുന്നു.
  
Freebies | വാഗ്ദാനപ്പെരുമഴ വോട്ട് പിടിക്കാനുള്ള മാജിക്! സൗജന്യ രാഷ്ട്രീയം നേട്ടമോ ദോഷമോ?

സൗജന്യങ്ങൾ വാരിക്കോരി നൽകിയാൽ രാജ്യവും സംസ്ഥാനങ്ങളും വൻ സാമ്പത്തികമാന്ദ്യത്തിലേക്കു നീങ്ങും എന്നാണ് ഇതു സംബന്ധിച്ച വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളുടെയും പുതിയ വാഗ്ദാനപ്പെരുമഴകളിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കാം. അധികാരത്തിൽ എത്തിയാൽ നാരി ന്യായ് പദ്ധതിയിൽ പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകൾക്കു വർഷം ഒരു ലക്ഷം രൂപ നൽകുമെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം . കോണ്‍ഗ്രസിന്‍റെ 2024 ലെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് ഈ പ്രഖ്യാപനം. കുടുംബം ദാരിദ്ര്യരേഖ കടക്കുന്നതു വരെയാണ് പണം നൽകുക. തൊഴിലില്ലാത്ത ബിരുദധാരികളും ഡിപ്ലോമക്കാരുമായ യുവാക്കൾക്കും മാസം 8,000 രൂപ തൊഴിലില്ലാ വേതനം നൽകുമെന്നും രാഹുൽ പ്രഖ്യാപിച്ചിട്ടുണ്ട്.

സർക്കാർ - പൊതുമേഖലാ ജോലികളിൽ കരാർ നിയമനങ്ങൾ ഒഴിവാക്കും, പട്ടികജാതി - പട്ടികവർഗ- ഒബിസി സംവരണം വർധിപ്പിക്കും, കേന്ദ്രസർക്കാർ ജോലിയിൽ 50 ശതമാനം വനിതകൾക്ക് സംവരണം തുടങ്ങിയവയാണ് കോണ്‍ഗ്രസ് വാഗ്ദാനം. കോണ്‍ഗ്രസിന്‍റെ വാഗ്ദാനങ്ങൾ നടപ്പിലാക്കിയാൽ രാജ്യം സാമ്പത്തികമായി തകരുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പറയുന്നത്. എന്നാൽ, ഭക്ഷ്യസുരക്ഷാ പദ്ധതി അഞ്ചു വർഷത്തേക്കുകൂടി നടപ്പിലാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് നിർമല മറന്നു എന്നാണ് കരുതേണ്ടത്. 11.8 ലക്ഷം കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. എൻപിഎസ് പദ്ധതിയിൽനിന്നു പഴയ പെൻഷൻ പദ്ധതിയിലേക്കു തിരികെ പോകുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നു.

കിസാൻ സമ്മാൻ നിധി വഴി കർഷകർക്ക് ആറായിരം രൂപ നൽകുന്ന പദ്ധതിയുടെ സാമ്പത്തിക വിവരത്തെക്കുറിച്ചു കേന്ദ്രം ഒരു രേഖയും പുറത്തു വിട്ടിട്ടില്ല. ഇതോടെ സൗജന്യങ്ങൾ രാജ്യത്തെ തകർക്കുമെന്ന ചർച്ചയ്ക്ക് വീണ്ടും ചൂടുപിടിച്ചു. ഇത്തരത്തിലുള്ള സൗജന്യങ്ങൾ വൻ സാമ്പത്തിക ബാധ്യയാണ് സൃഷ്ടിക്കുന്നതെന്നു സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ജയിക്കണം എങ്കിൽ ഇങ്ങനെ ചെയ്യേണ്ടി വരും. പക്ഷേ ഇത് ചെയ്യുന്നത് രാജ്യത്തിന് ആപത്ത് ആണ്. സൗജനൃം വാരി കോരി കൊടുക്കണമെങ്കിൽ അതിനുള്ള സാമ്പത്തികം എവിടെ നിന്നും ഉണ്ടാകും എന്ന് ആരും ആലോചിക്കുന്നില്ല. ജനങ്ങളുടെ നികുതി പണത്തെ തന്നെ ആശ്രയിക്കണം. അല്ലാതെ ആരും സ്വന്തം പോക്കറ്റിൽ നിന്ന് എടുത്തു കൊടുക്കുന്നില്ലല്ലോ.

ഇങ്ങനെയുള്ള വാഗ്ദാനപ്പെരുമഴകൾ ഈ രാജൃത്തിൻറെ നാനാതുറകളിലുളള വികസനത്തെ മുരടിപ്പിക്കുകയായിരിക്കും ചെയ്യുന്നത്. ഇത് ഈ രാജൃത്തെ അരാജകത്വത്തിലേക്കു നയിക്കുകയേ ഉളളു. രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ്. അതു മനസിലാക്കി സൗജന്യം കൊടുക്കുന്നു ഡൽഹി, പഞ്ചാബ് സർക്കാരുകൾ അവരുടെ കടബാധ്യതയും തീർത്തു, കോടികൾ മിച്ചം വയ്ക്കുന്നു. കാരണം അവിടെ കൈയ്യിട്ടു വാരുന്നില്ല, കമ്മീഷൻ വാങ്ങുന്നില്ല. സൗജന്യങ്ങൾ കൊടുത്ത് ആരും നന്നായിട്ടില്ല. ജനങ്ങൾക്ക് വേണ്ടത് തൊഴിൽ ആണ്. അതിനു വ്യവസായങ്ങൾ തുടങ്ങണം. കോർപ്പറേറ്റ് ഭീമൻമാർക്ക് ഉണ്ടാക്കി കൊടുക്കുന്ന പണം ഉണ്ടെങ്കിൽ ഇന്ത്യയിൽ ജനങ്ങൾക്ക് സൗജന്യങ്ങൾ എന്തും കൊടുക്കാം.

കിറ്റിലൂടെ ഇതൊക്കെ നേരിട്ട് അനുഭവിച്ചിട്ടും മനസ്സിലാക്കാത്ത മലയാളികളോട് ഇതൊക്കെ എഴുത്തിലൂടെ പറഞ്ഞിട്ട് എങ്ങനെ മനസ്സിലാകാൻ? മലയാളികൾ തുടർന്നും ഇതൊക്കെ തന്നെയാണ് ആഗ്രഹിക്കുന്നത്. അതിൻ്റെ പരിണിതഫലമാണ് ഈ നാട് ഇന്ന് അനുഭവിക്കുന്നത്. വിഷയം സൗജന്യത്തിലെ രാഷ്ട്രീയം ആയത് കൊണ്ട് നമുക്ക് ചെറിയൊരു വിശകലനം നടത്തം. മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും നിർലോഭമായി സൗജന്യ സർവീസുകൾ ലഭിക്കുന്നു. അവർക്ക് വീടിന് വാടക നൽകേണ്ടതില്ല. സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, സൗജന്യ വിമാന യാത്ര അല്ലെങ്കിൽ സ്വകാര്യ വിമാനങ്ങൾ/ഹെലികോപ്റ്റർ, സൗജന്യ ട്രെയിൻ യാത്ര, സൗജന്യ ബസ് യാത്ര അല്ലെങ്കിൽ സ്വകാര്യ ആഡംബര ബസ്, സൗജന്യ വിദേശ യാത്രകൾ അതും കുടുംബസമേതം, സൗജന്യ ചികിത്സാ സൗകര്യം അതും വിദേശങ്ങളിൽ. ഭക്ഷണം പോലും ചെറിയ നിരക്കിൽ പാർലമെന്റിലും നിയമസഭയിലും കേരളാ ഹൗസിലും ലഭിക്കുന്നു.

നികുതി ഇളവുള്ള ശമ്പളം, കിമ്പളം പുറമെ. സൗജന്യ വാഹന വ്യൂഹങ്ങൾക്ക് പുറമെ താമസിക്കുന്നത് സർക്കാർ ഗസ്റ്റ് ഹൗസിൽ ആണെങ്കിലും സഞ്ചരിക്കുന്നിടത്ത് മുഴുവനും ട്രാവൽ അലവൻസും ബത്തയും വേറെ. സേവിക്കാൻ 25 ഓളം സ്വകാര്യവും ഔദ്യോഗികവും ആയ സേവനക്കാർ. ഇത്രയൊക്കെ ചുരുക്കം ചിലർക്ക് സൗജന്യമായി നൽകാൻ രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കാമെങ്കിൽ എന്തുകൊണ്ട് നികുതി ദായകർക്ക് കുറഞ്ഞത് 200 യൂണിറ്റ് വൈദ്യുതിയും, 20,000 ലിറ്റർ വെള്ളവും, മറ്റും സൗജന്യമായി ഏതെങ്കിലും ഒരു സർക്കാരിനെങ്കിലും നൽകിക്കൂടാ. വലിയ വാഗ്ദാനപ്പെരുമഴയൊന്നും വേണ്ട.. ഇത്രയെങ്കിലും കിട്ടിയിരുന്നെങ്കിൽ ജനത്തിന് ആശ്വാസമായിരുന്നു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണല്ലോ എല്ലാ ഭരണാധികാരികളും ആഡംബരജീവിതം നയിക്കുന്നത്. ചെറിയ കരുണയെങ്കിലും ജനത്തോട് കാട്ടാൻ മനസു വന്നിരുന്നെങ്കിൽ ഈ രാജ്യം എന്നെ രക്ഷപ്പെടുമായിരുന്നു.

Keywords: News, News-Malayalam-News, National, Politics, Lok-Sabha-Election, Impact of Freebies on Indian Economy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia