Train | 3 വന്ദേ ഭാരത് ട്രെയിനുകൾ കൂടി; രണ്ടെണ്ണം ദക്ഷിണേന്ത്യയിൽ; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

 
Prime Minister Modi flagging off Vande Bharat Express
Prime Minister Modi flagging off Vande Bharat Express

Photo Credit: X/ Southern Railway

* മീററ്റ്-ലഖ്‌നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ പാതകളിൽ സഞ്ചരിക്കും.
* ദക്ഷിണേന്ത്യയുടെ വികസനം കേന്ദ്ര സർക്കാരിന്റെ മുൻഗണനയാണെന്ന് പ്രധാനമന്ത്രി 

ന്യൂഡൽഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്‌തു. മീററ്റ്-ലഖ്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ മൂന്ന് പാതകളിൽ സഞ്ചരിക്കുന്ന ഈ അത്യാധുനിക ട്രെയിനുകൾ ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ യാത്രാസൗകര്യമൊരുക്കും. വടക്ക് മുതൽ തെക്ക് വരെ ഇന്ത്യയുടെ വികസന യാത്രയിൽ പുതിയ അധ്യായം രചിക്കപ്പെടുകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യത്ത് വന്ദേഭാരത് ട്രെയിനുകളുടെ നവീകരണവും വിപുലീകരണവും വ​ഴി രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അ‌തിവേഗം നീങ്ങുകയാണ്. ക്ഷേത്രനഗരമായ മധുര ഇപ്പോൾ ഐടി നഗരമായ ബംഗളൂരുവുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. ഇത് സമ്പർക്കസൗകര്യം സുഗമമാക്കുമെന്ന് മാത്രമല്ല, വിശേഷിച്ചും, വാരാന്ത്യങ്ങളിലോ ഉത്സവകാലങ്ങളിലോ തീർഥാടകർക്ക് വളരെ പ്രയോജനകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ചെന്നൈ-നാഗർകോവിൽ പാത വിദ്യാർത്ഥികൾക്കും കർഷകർക്കും ഐടി പ്രൊഫഷണലുകൾക്കും വളരെയധികം പ്രയോജനം ചെയ്യും. വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം അനിവാര്യമാണ്. ദക്ഷിണേന്ത്യ അപാരമായ കഴിവുകളുടെയും വിഭവങ്ങളുടെയും അവസരങ്ങളുടെയും നാടാണ്. ദക്ഷിണേന്ത്യയ്‌ക്കൊപ്പം തമിഴ്‌നാടിൻ്റെയും വികസനം ഗവണ്മെന്റിന്റെ മുൻഗണനയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

ഈ വർഷം തമിഴ്‌നാടിൻ്റെ റെയിൽവേ ബജറ്റിനായി 6000 കോടിയിലധികം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇത് 2014-നെ അപേക്ഷിച്ച് ഏഴ് മടങ്ങ് കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട്ടിലെ മൊത്തം വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം എട്ടായി ആയി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ, ഈ വർഷത്തെ ബജറ്റിൽ 7000 കോടിയിലധികം രൂപ കർണാടകയ്ക്ക് വകയിരുത്തിയിട്ടുണ്ട്, ഇത് 2014 നെ അപേക്ഷിച്ച് ഒമ്പത് മടങ്ങ് കൂടുതലാണ്. 8 വന്ദേ ഭാരത് ട്രെയിനുകൾ ഇന്ന് കർണാടകയെ കൂട്ടിയിണക്കുന്നുണ്ടെന്നും മോദി പറഞ്ഞു.


വന്ദേ ഭാരത് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ നവീകരണത്തിന്റെ പുതിയ മുഖമാണ്. ഈ അത്യാധുനിക ട്രെയിനുകൾ യാത്രക്കാർക്ക് വേഗത്തിലും സുഖകരമായും സഞ്ചരിക്കാനുള്ള അവസരം ഒരുക്കുന്നു. വന്ദേ ഭാരതിന്റെ സ്ലീപ്പർ പതിപ്പ് ഉടൻ തന്നെ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും നഗരങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വന്ദേ മെട്രോ പദ്ധതിയും നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അമൃത് ഭാരത് സ്റ്റേഷൻ യോജനയിലൂടെ രാജ്യത്തെ 1300-ലധികം റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചിട്ടുണ്ട്. ഏറ്റവും ചെറിയ സ്റ്റേഷനുകൾ പോലും അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു.

റെയിൽവേ, റോഡ്, ജലപാത തുടങ്ങിയ ബന്ധിപ്പിക്കൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് രാജ്യത്തെ ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പാവപ്പെട്ടവർക്ക് പോലും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞത് ഇത്തരത്തിലുള്ള നിരവധി ശ്രമങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

യാത്രാസമയം ലാഭിക്കും 

മീററ്റ് സിറ്റി - ലഖ്നൗ വന്ദേ ഭാരത് രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള നിലവിലെ അതിവേഗ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം ഒരു മണിക്കൂര്‍ ലാഭിക്കാന്‍ യാത്രക്കാരെ സഹായിക്കും. അതുപോലെ, ചെന്നൈ എഗ്‌മോര്‍ - നാഗര്‍കോവില്‍ വന്ദേ ഭാരത്, മധുരൈ - ബെംഗളൂരു വന്ദേ ഭാരത് ട്രെയിനുകള്‍ യഥാക്രമം രണ്ട് മണിക്കൂറില്‍ കൂടുതലും ഏകദേശം 1 മണിക്കൂര്‍ 30 മിനിറ്റും ലാഭിക്കുകയും ചെയ്യും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia