Bird Flu | മുട്ടയോ കോഴി ഇറച്ചിയോ കഴിക്കുന്നത് വഴി പക്ഷിപ്പനി മനുഷ്യരെ ബാധിക്കുമോ?
തിരുവനന്തപുരം: (KVARTHA) കേരളത്തിൽ പക്ഷിപ്പനി വ്യാപനം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, കോഴിമുട്ടയും ഇറച്ചിയും കഴിക്കുന്നത് മനുഷ്യരെ ബാധിക്കുമോ എന്ന സംശയം പലർക്കും ഉണ്ട്. പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (Avian Influenza). ഇത് പലതരം വൈറസുകൾ ഉൾപ്പെടുന്ന ഒരു രോഗകുടുംബമാണ്.
പക്ഷികളുടെ ഇടയിൽ സമ്പർക്കത്തിലൂടെ വൈറസ് പകരുന്നു. എന്നാൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷി വൈറസുകൾക്കുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുമുള്ള അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽ രോഗബാധയേൽക്കാം.
കോഴിമുട്ടയും ഇറച്ചിയും സുരക്ഷിതമാണോ?
ശരിയായി പാകം ചെയ്ത കോഴിമുട്ടയും ഇറച്ചിയും സാധാരണയായി പക്ഷിപ്പനി പകരാൻ കാരണമാകില്ല. പക്ഷിപ്പനി വൈറസ് 70 ഡിഗ്രി സെൽഷ്യസ് (158°F) ൽ ചത്തുപോകുമെന്നും അതിനാൽ, ഈ താപനിലയിൽ പാകം ചെയ്യുകയാണെങ്കിൽ അവ സുരക്ഷിതമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. എങ്കിലും ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുമ്പോൾ മുൻകരുതലുകൾ ആവശ്യമാണ്.
'70 ഡിഗ്രി സെൽഷ്യസിൽ ചുടാക്കുമ്പോൾ 30 മിനിറ്റിനകം വൈറസുകൾ നശിക്കും. ഇറച്ചി പാകം ചെയ്യുമ്പോൾ അതിൻ്റെ എല്ലാ ഭാഗവും നന്നായി വെന്തുവെന്ന് ഉറപ്പാക്കുക. നന്നായി വെന്താൽ കോഴിയിറച്ചിയുടെ പിങ്ക് നിറം മാറും. പാതിവെന്ത ഇറച്ചിയും, ഹാഫ് ബോയിൽഡ് മുട്ടയും, ബുൾ സൈയും ആഹാരമാക്കുന്നത് ഒഴിവാക്കണം. മുൻകരുതൽ എന്ന നിലയിൽ പച്ചമാംസം കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക', സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതർ പറയുന്നു.
രോഗബാധയേറ്റ പക്ഷികളിൽ നിന്നുള്ള മുട്ടത്തോടും, മുട്ടയുടെ വെള്ളയും, മഞ്ഞയും ഒന്നും തന്നെ പക്ഷിപ്പനി വൈറസിൽ നിന്നും മുക്തമല്ല. ഫ്രിഡിലോ ഫ്രീസറിലോ സൂക്ഷിച്ചാലും വൈറസുകൾ നശിക്കില്ല നാല് ഡിഗ്രി താപനിലയിൽ ഒരു മാസത്തിലധികവും, 32 ഡിഗ്രി താപനിലയിൽ ഒരാഴ്ചയോളം നിലനിൽക്കാൻ വൈറസിന് ശേഷിയുണ്ട്. മുട്ട ഉപയോഗിക്കുന്നതിന് മുമ്പ് മുട്ടത്തോടിൽ കാഷ്ടം പറ്റിയിട്ടുണ്ടെങ്കിൽ കഴുകി വൃത്തിയാക്കുക. കൈകളും ഇപ്രകാരം തന്നെ ശുചിയാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
* പാകം ചെയ്യാത്തതോ അപൂർണമായി പാകം ചെയ്തതോ ആയ കോഴിമുട്ടയോ ഇറച്ചിയോ കഴിക്കരുത്.
* മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും നന്നായി യോജിപ്പിച്ച് പാകം ചെയ്യുക.
* കൈകൾ നന്നായി കഴുകുക, പ്രത്യേകിച്ച് കോഴിമുട്ടയോ ഇറച്ചിയോ കൈകാര്യം ചെയ്ത ശേഷം.
* പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പാത്രങ്ങളും നന്നായി കഴുകുക.
* പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിൽ നിന്നുള്ള കോഴിമുട്ടയോ ഇറച്ചിയോ വാങ്ങരുത്.
* പക്ഷികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
* പക്ഷികളുടെ വിസർജ്ജ്യവുമായി സമ്പർക്കം ഒഴിവാക്കുക.
പക്ഷിപ്പനി ലക്ഷണങ്ങൾ:
പനി
തൊണ്ടവേദന
ചുമ
പേശിവേദന
തലവേദന
ക്ഷീണം
വയറിളക്കം
ഛർദി
ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.