നാലടിച്ച് പൂണെയ്ക്ക് നാലാം ജയം; ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തില്‍ തോല്‍പിച്ചത് ഡല്‍ഹി ഡൈനാമോസിനെ

 


പുണെ: (www.kvartha.com 18.11.2016) ഐ എസ് എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹി ഡൈനാമോസിനെതിരെ പൂണെ സിറ്റിക്ക് ജയം. ഗോള്‍മഴ പെയ്ത മത്സരത്തില്‍ 4 - 3 നായിരുന്നു പൂണെ സീസണിലെ നാലാം ജയം നേടിയത്.

ഇരട്ടഗോളുകള്‍ നേടിയ പൂണെയുടെ അനിബാള്‍ റോഡ്രിഗസാണ് കളിയിലെ താരം. ആദ്യ പകുതിക്ക് ഒരു മിനിറ്റു മുമ്പ് കീന്‍ ലൂയിസിലൂടെ ഡല്‍ഹിയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് കളി പൂണെയുടെ കൈയ്യിലെത്തിയത്. എട്ട് മിനിറ്റിനിടെ മൂന്ന് ഗോളുകളാണ് പൂണെ നേടിയത്. 55-ാം മിനിറ്റില്‍ ജൊനാഥന്‍ ലൂക്കയെടുത്ത ഫ്രീ കിക്ക് ഉയര്‍ന്നു ചാടി ഹെഡ്ഡ് ചെയ്ത് അനിബാള്‍ റോഡ്രിഗസാണ് പുണെയ്ക്ക് സമനില ഗോള്‍ നേടിയത്.

ഏഴു മിനിറ്റിന് ശേഷം മാര്‍ക്വീ താരം സിസോക്കോയും, തൊട്ടുപിന്നാലെ അനിബാള്‍ രണ്ടാം ഗോളും നേടിയതോടെ പൂണെ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി. എന്നാല്‍ 79 -ാം മിനിറ്റില്‍ ഫെരെയ്‌രയുടെ സെല്‍ഫ് ഗോളിലൂടെ ഡല്‍ഹിക്ക് ഒരു ഗോള്‍ കൂടി 3 - 2. സമനില പിടിക്കാനുള്ള ഡല്‍ഹിയുടെ ശ്രമത്തിനിടെ ഇന്ത്യന്‍ താരം ലെനി റോഡ്രിഗസിലൂടെ പൂണെ നാലാം ഗോള്‍ നേടി. പകരക്കാരനായി വന്ന മാല്‍സോസൗല ഇടങ്കാലന്‍ ഷോട്ടിലൂടെ ഡല്‍ഹിക്കായി ഗോള്‍ നേടിയതോടെ മത്സരം ആവേശകരമായി അന്ത്യത്തിലേക്ക് നീങ്ങി.

തോറ്റെങ്കിലും ഡല്‍ഹിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം പറ്റിയില്ല. ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് 17 പോയിന്റാണുള്ളത്. ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി പുണെ നാലാം സ്ഥാനത്തെത്തി.
നാലടിച്ച് പൂണെയ്ക്ക് നാലാം ജയം; ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തില്‍ തോല്‍പിച്ചത് ഡല്‍ഹി ഡൈനാമോസിനെ


Keywords : Sports, Football, ISL, India Super League, Pune City 4 - 3 Delhi Dynamos.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia