Exit Poll | കേരളത്തില്‍ ബിജെപിക്ക് കോഴിമുട്ടയുടെ ആകൃതിയാകും കിട്ടുകയെന്ന് കെ മുരളീധരന്‍
ആറ്റിങ്ങല്‍ ലോക് സഭാ മണ്ഡലത്തില്‍ ജയിക്കുമെന്ന എക്സിറ്റ് പോള്‍ സര്‍വേ ഫലം കണ്ട് വി മുരളീധരന്‍ ബോധം കെട്ടുകാണും
തൃശൂരിലോ നാട്ടികയിലോ ബിജെപി രണ്ടാം സ്ഥാനത്ത് വന്നേക്കാം
തൃശൂരിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലായിരുന്നു
തിരുവനന്തപുരം:(KVARTHA) കഴിഞ്ഞ ദിവസമാണ് ലോക് സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്.
ഇന്‍ഡ്യാ ടുഡേ-ആക്സിസ് മൈ ഇന്‍ഡ്യ, ടൈംസ് നൗ-ഇടിജി, എബിപി സീ വോടര്‍, ഇന്‍ഡ്യ ടിവി-സി എന്‍ എക്സ് എന്നിവയുടെ സര്‍വേകളാണ് പുറത്തുവന്നത്.
ഇതിലെല്ലാം യുഡിഎഫ് അനുകൂല ഫലങ്ങളാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോടര്‍ സര്‍വേ പ്രവചിച്ചു. യുഡിഎഫിന് 17 മുതല്‍ 19 സീറ്റുവരെയും എന്‍ഡിഎക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റുവരെയും നേടാമെന്നും എബിപി സീ വോടര്‍ പ്രവചിക്കുന്നു. ശക്തിയേറിയ പോരാട്ടം നടന്ന തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്.
സര്‍വേ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രതികരണവുമായി രംഗത്തെത്തിയത്. തൃശൂരില്‍ യുഡിഎഫിന് വിജയം ഉറപ്പാണെന്നും മുരളീധരന്‍ പറഞ്ഞു. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരിക്കും എത്തുക. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാല്‍ ഒന്നാം പ്രതി പിണറായി വിജയനായിരിക്കും. തൃശൂരിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലായിരുന്നു. തൃശൂരിലോ നാട്ടികയിലോ ബിജെപി രണ്ടാം സ്ഥാനത്ത് വന്നേക്കാം എന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു.
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ജയിക്കുമെന്ന എക്സിറ്റ് പോള്‍ സര്‍വേ ഫലം കണ്ട് വി മുരളീധരന്‍ ബോധം കെട്ടുകാണുമെന്നും കെ മുരളീധരന്‍ പരിഹസിച്ചു. മുരളീധരനെ ബോധം കെടുത്തുന്ന സര്‍വേ റിപോര്‍ടാണ് ഇതെന്നും അദ്ദേഹം പോലും ജയം പ്രതീക്ഷിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിനുശേഷം ജയിക്കുമെന്ന് വി മുരളീധരന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു.
കുറഞ്ഞത് നാല് ലക്ഷം വോടെങ്കിലും യുഡിഎഫിന് ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. പരമാവധി 25,000 വോട് മാത്രമേ ബിജെപിക്ക് കൂടുകയുള്ളൂ. എല്‍ഡിഎഫില്‍ നിന്നും ക്രോസ് വോട് നടന്നാല്‍ മാത്രമേ ബിജെപി രണ്ടാമത് എത്തുകയുള്ളൂ. കേരളത്തില്‍ ബിജെപിക്ക് കോഴിമുട്ടയുടെ ആകൃതിയാകും കിട്ടുകയെന്നും മുരളീധരന്‍ പറഞ്ഞു. 48 മണിക്കൂര്‍ കഴിയുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ പൂര്‍ണചിത്രം കിട്ടും. മോദിക്ക് കൈ കൊടുക്കാന്‍ ഒരാള്‍ പോലും ഡെല്‍ഹിക്ക് പോകില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡ്യ ടുഡേ ആക്സിസ് മൈ ഇന്‍ഡ്യ സര്‍വേയും എല്‍ഡിഎഫിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് പൂജ്യം മുതല്‍ ഒന്ന് വരെയും യുഡിഎഫ് 17 മുതല്‍ 18 വരെയും എന്‍ഡിഎ 2 മുതല്‍ 3 വരെയും സീറ്റ് നേടുമെന്ന് പറയുന്നു. ടൈംസ് നൗ-ഇടിജി സര്‍വേയില്‍ എല്‍ഡിഎഫിന് നാല് സീറ്റുകളാണ് പ്രവചിക്കുന്നത്. 14-15 സീറ്റുകള്‍ യുഡിഎഫിനും ഒരു സീറ്റ് എന്‍ഡിഎക്കും പ്രവചിക്കുന്നുണ്ട്.
ഇന്‍ഡ്യാ ടിവി-സിഎന്‍എക്സ് സര്‍വേയില്‍ എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെയും യുഡിഎഫ് 13 മുതല്‍ 15 വരെയും എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുവരെയും പ്രവചിക്കുന്നു. സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ വോടുവിഹിതം കുത്തനെ ഇടിയുമെന്നും എന്‍ഡിഎയുടെ വോടുവിഹിതം കുത്തനെ വര്‍ധിക്കുമെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു.