Controversy | കണ്ണൂർ കലക്ടറെ സ്ഥലം മാറ്റി വിവാദങ്ങളിൽ നിന്നും തലയൂരാൻ സിപിഎം നീക്കം തുടങ്ങി?
● സി.പി.എം അനുകൂല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
● കലക്ടറെ തൽസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യം
● നവീൻ ബാബു, എൻ. ജി.ഒ യൂനിയനിൽ മുൻ ഭാരവാഹിയായിരുന്നു
കണ്ണൂർ: (KVARTHA) മുൻ എ.ഡി.എം നവീൻ ബാബുവിൻ്റെ ദുരുഹ മരണത്തിൽ ആരോപണ വിധേയനായ കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെ തൽസ്ഥാനത്ത് നിന്നും മാറ്റി വിവാദങ്ങളിൽ നിന്നും തലയൂരാൻ സി.പി.എമ്മിൽ അണിയറ നീക്കമെന്ന് സൂചന. അരുൺ കെ വിജയൻ്റെ നിഷ്ക്രിയത്വം കാരണമാണ് എ.ഡി.എം ജീവനൊടുക്കിയതെന്ന ആരോപണം സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനയായ എൻ. ജി.ഒ യൂനിയൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കലക്ടർക്കെതിരെ പ്രതിപക്ഷ സംഘടനകളായ എൻ. ജി.ഒ. അസോസിയേഷനും എൻ.ജി.ഒ സംഘം ബഹിഷ്കരണ സമരത്തിലാണ്. ഈ കാര്യത്തിൽ സമവായമുണ്ടാക്കാൻ കഴിഞ്ഞ ദിവസം കലക്ടറുടെ ചേംബറിൽ സമവായ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ സംഘടനകൾ അയഞ്ഞിട്ടില്ല. എൻ.ജി.ഒ യുനിയനുമായി നേരത്തെ സഹകരിച്ചു വരുന്നയാളാണ് നവീൻബാബു. നേരത്തെ മുൻ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ മലയാലപ്പുഴയിലെ കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗം കൂടിയാണ് ഇദ്ദേഹം. ഈ സാഹചര്യത്തിൽ നവീൻ ബാബുവിന് അനുകൂലമായ വികാരം എൻ. ജി.ഒ യുനിയനിലും ശക്തമാണ്. നവീൻ ബാബു മരിച്ച ദിവസം എൻ.ജി.ഒ യുനിയൻ അംഗങ്ങൾ തങ്ങളുടെ പ്രൊഫൈൽ ചിത്രമായി നവീൻ ബാബുവിന് ആദരാജ്ഞലികളെന്ന ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദിയായി പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി.പി ദിവ്യ മാറിയതിൽ യൂനിയൻ അംഗങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ട്.
#KannurCollector #KeralaPolitics #JusticeForNaveenBabu #Corruption #Investigation