MVD Report | ആകാശ് തില്ലങ്കേരിക്ക് ഡ്രൈവിംഗ് ലൈസൻസില്ലെന്ന് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകി
വാഹനത്തിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്
കണ്ണൂർ: (KVARTHA) ശുഐബ് വധക്കേസിലെ (Shuhaib murder case) ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് (Akash Thillankeri) ഡ്രൈവിംഗ് ലൈസന്‍സ് (Driving Licence) ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് (MVD) കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം റിപ്പോർട്ട് നൽകി. വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്ന് കണ്ണൂർ എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ അറിയിച്ചു. കണ്ണൂരില്‍ എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നാണു ആര്‍ടിഒയുടെ റിപ്പോര്‍ട്ട്.
വയനാട് ജില്ലയിലെ പനമരത്ത് (Panamaram, Wayanad) നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പില്‍ ആകാശ് തില്ലങ്കേരി നടത്തിയ നിയമവിരുദ്ധ യാത്രക്ക് പിന്നാലെ വാഹനത്തിന്‍റെ ഉടമ സുലൈമാനെതിരെ പൊലീസ് കേസെടുത്തിരുന്നു (Police FIR). ഒമ്പത് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ സുലൈമാനെതിരെ 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ വാഹനം വിട്ടു നല്‍കിയതിലും ഉടമക്കെതിരെ കേസുണ്ട്.
വാഹനത്തിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. ജൂലൈ ഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ പൊലീസില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്. സംഭവത്തില്‍ ആകാശിനെതിരെ പൊലീസ് നടപടിയെടുത്തിരുന്നില്ല. വിഷയത്തില്‍ ഹൈകോടതി (High Court of Kerala) സ്വമേധയാ കേസെടുക്കുകയായിരുന്നു.
തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ ആര്‍ടിഒ ജോയിന്റ് കമ്മീഷണര്‍ക്ക് ഹൈകോടതി നിര്‍ദേശം നല്‍കി. വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാനേ പാടില്ലെന്നും ഹൈകോടതി ചൂണ്ടി കാണിച്ചിരുന്നു. ഇതിനിടെയിലാണ് ലൈൻസില്ലാതെ വാഹനമോടിച്ചുവെന്ന ആരോപണം ആകാശ് തില്ലങ്കേരിക്കെതിരെ ഉയരുന്നത്.