Condolence | സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങളെ അനുസ്മരിച്ച് കര്‍ണാടക നിയമസഭ; എല്ലാവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ ആത്മീയ ഗുരുവെന്ന് മുഖ്യന്ത്രി സിദ്ധരാമയ്യ
'വര്‍ഗീയതക്കെതിരെയും തീവ്രവാദ-സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെയും നിരന്തരം പോരാടി'
ബെംഗ്ളുറു: (KVARTHA) അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ അംഗവും ഉള്ളാള്‍ സംയുക്ത ഖാസിയും കാസർകോട് ദേളി ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന സയ്യിദ് ഫസല്‍ കോയമ്മ അല്‍ബുഖാരി കുറാ തങ്ങളെ അനുസ്മരിച്ച് കര്‍ണാടക നിയമസഭ സമ്മേളനം. 16-ാം നിയമസഭയുടെ നാലാം സമ്മേളനത്തില്‍ സ്പീക്കര്‍ യു ടി ഖാദറാണ് കുറാ തങ്ങളെ അനുസ്മരിച്ച് പ്രമേയം അവതരിപ്പിച്ചത്.
ജാതിമത വര്‍ഗീയ ചിന്തകള്‍ക്കതീതമായി എല്ലാവരുടേയും സ്‌നേഹം പിടിച്ചു പറ്റിയ ആത്മീയ ഗുരുവായിരുന്നു സയ്യിദ് കുറാ തങ്ങളെന്ന് മുഖ്യന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ഉള്ളാള്‍ അടക്കം കേരളത്തിലേയും കര്‍ണാടകയിലേയും നിരവധി മഹല്ലുകളില്‍ ഖാസി സ്ഥാനം അലങ്കരിച്ച ഫസൽ കോയമ്മ തങ്ങൾ കുറാ തങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധനായ പണ്ഡിത ശ്രേഷ്ഠനാണ്.
വിദ്യാഭ്യാസ, സാമൂഹിക, ആധ്യാത്മിക മേഖലകളില്‍ ശ്രദ്ധേയമായ സേവനമനുഷ്ടിച്ച് ദേശീയ-അന്തര്‍ദേശീയ രംഗത്തും രാജ്യത്തിനകത്തും പുറത്തും ആയിരക്കണക്കിന് അനുയായികള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
പ്രശസ്ത പണ്ഡിത സഭയായ സമസ്തയുടെ മുശാവറ അംഗം, ആയിരക്കണക്കിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മത-ഭൗതിക വിദ്യാഭ്യാസം നല്‍കുന്ന പ്രമുഖ വൈജ്ഞാനിക കേന്ദ്രമായ ജാമിഅ സഅദിയ്യ അറബിയ്യ, തന്റെ പിതാവിന്റെ ജീവിതാഭിലാഷമായിരുന്ന എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷന്‍ സെന്റര്‍ അടക്കമുള്ള നിരവധി സ്ഥാപനങ്ങളുടെ സാരഥ്യം വഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
മത സൗഹാര്‍ദത്തിന്റെ പ്രതീകമായിരുന്നു ഫസൽ കോയമ്മ തങ്ങളെന്ന് സ്പീക്കർ യു ടി ഖാദർ അനുസ്‌മരിച്ചു. ജാതി-മത ഭേദമന്യേ എല്ലാവരെയും ഒരുപോലെ കാണുന്നതോടൊപ്പം വര്‍ഗീയതക്കെതിരെയും തീവ്രവാദ-സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെയും നിരന്തരം പോരാടി.
ലളിത ജീവിതത്തിലൂടെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും പ്രശസ്തനായിരുന്നു അദ്ദേഹമെന്നും സ്പീക്കർ പറഞ്ഞു.