Kerala Police | കണ്ണൂരില്‍ കര്‍ണാടക സര്‍കാരിനെ അട്ടിമറിക്കാന്‍ മൃഗബലിയും കൂടോത്രവും നടന്നിട്ടില്ലെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്; പരിശോധനയില്‍ തെളിവുകള്‍ കണ്ടെത്തിയില്ല
കര്‍ണാടക ഉപമുഖ്യമന്ത്രി പറഞ്ഞ രീതിയില്‍ കൂടോത്രവും മൃഗബലിയും നടന്നിട്ടില്ലെന്നാണ് പൊലീസ് അന്വേഷണ റിപോര്‍ട്
നിരവധി മൃഗങ്ങളെ ബലികഴിച്ചുളള പൂജ നടന്നതായി തെളിവ് ലഭിച്ചിട്ടില്ല
സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസാണ് പരിശോധന നടത്തിയത്
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയില്‍ കര്‍ണാടക സര്‍കാരിനെ അട്ടിമറിക്കാന്‍ കൂടോത്രവും ദുര്‍മന്ത്രവാദവും നടന്നുവെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്. തളിപ്പറമ്പില്‍ ക്ഷേത്രപരിസരം കേന്ദ്രീകരിച്ച് കര്‍ണാടക സര്‍കാരിനെ അട്ടിമറിക്കാനായി മൃഗബലിയും ദുര്‍മന്ത്രവാദവും നടന്നുവെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ആരോപണം തളളി കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം.
കര്‍ണാടക ഉപമുഖ്യമന്ത്രി പറഞ്ഞ രീതിയില്‍ കൂടോത്രവും മൃഗബലിയും നടന്നിട്ടില്ലെന്നാണ് പൊലീസ് അന്വേഷണ റിപോര്‍ട്. വിശദമായ അന്വേഷണ റിപോര്‍ട് കേരള ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. നിരവധി മൃഗങ്ങളെ ബലികഴിച്ചുളള പൂജ നടന്നതായി തെളിവ് ലഭിച്ചിട്ടില്ല. ഉപമുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കര്‍ണാടക രഹസ്യാന്വേഷണ വിഭാഗവും തളിപ്പറമ്പിലും പഴയങ്ങാടി മാടായിയിലുമെത്തി അന്വേഷണം നടത്തിയിരുന്നു.
കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശമായ കേരളത്തിലെ കണ്ണൂരില്‍ തനിക്കെതിരായി മൃഗബലി നടത്തിയെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണത്തില്‍ മാടായിക്കാവ് ക്ഷേത്രത്തിലെ പൂജാരികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. പ് ടാരന്മാര്‍ എന്നറിയപ്പെടുന്ന വിഭാഗമാണ് മാടായിക്കാവില്‍ പൂജ നടത്തുന്നത്. ഇവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ കേരളത്തില്‍ ദര്‍ശനം നടത്താറുള്ള പ്രധാന ക്ഷേത്രമാണ് മാടായിക്കാവ്. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസാണ് പരിശോധന നടത്തിയത്.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ ആരോപണം വന്‍വിവാദമുയര്‍ത്തിയിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍കാരിനെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുളള പ്രവൃത്തികള്‍ നടക്കുന്നതെന്നും ശിവകുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയുടെ ആരോപണം രാഷ്ട്രീയ വിവാദമായതിനെ തുടര്‍ന്നാണ് കേരള ഡിജിപി അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടത്.