തിരൂരങ്ങാടി: ഇന്ത്യന്‍ സ്വതന്ത്ര്യസമര ചരിത്രത്തിലെ മഹത്തായ ഏടുകളിലൊന്നായ മലബാര്‍ കലാപത്തിന് 91 വയസ്. 1857ലെ ശിപായി ലഹളക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മഹത്തായ സായുധസമരങ്ങളില്‍ ഒന്നാണ് മലബാര്‍ കലാപം.
കേരള ചരിത്രത്തെ തന്നെ ഇളക്കിപ്രതിഷ്ഠിച്ച മലബാര്‍ കലാപം 1921 ഓഗസ്റ്റ് 20നായിരുന്നു തുടങ്ങിയത്. 20 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് സമരത്തിന്റെ ഒന്നാംഘട്ടമായി കരുതുന്നത്. തിരൂരങ്ങാടിയായിരുന്നു മലബാര്‍ കലാപത്തിന്റെ സിരാ കേന്ദ്രം. കലാപകാലത്ത് തിരൂരങ്ങാടിയിലെ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് നടുവില്‍ ജുമാഅത്ത് പള്ളി മുദരിസ് ആയിരുന്ന മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി എലിക്കുത്തു പാലത്ത് മൂലയില്‍ ആലി മുസ്‌ലിയാരായിരുന്നു.
മാപ്പിളമാര്‍ യുദ്ധസാമഗ്രികള്‍ തയാറാക്കുന്നുവെന്ന വ്യാജ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 19 ന് അര്‍ധരാത്രി മലബാര്‍ കളക്ടര്‍ തോമസിന്റെയും, ഡെപ്യുട്ടി കളക്ടര്‍ അമ്മുവിന്റെയും, ഡിവൈഎസ്പി ഹിച്‌കോക്കിന്റെയും നേതൃത്വത്തില്‍ വന്‍ പട്ടാള വ്യുഹം സര്‍വ സന്നാഹവുമായി കണ്ണൂരില്‍ നിന്ന് തീവണ്ടിമാര്‍ഗം പരപ്പനങ്ങാടിയിലെത്തി. പരപ്പനങ്ങാടിയില്‍ നിന്നും തിരൂരങ്ങാടിയിലെക്ക് മാര്‍ച്ച് ചെയ്ത സൈന്യം ഓഗസ്റ്റ് 20 ന് പുലര്‍ച്ചെ ഖിലാഫത്ത് ഓഫീസ്, കിഴക്കേ പള്ളി, തെക്കേ പള്ളി, ഖിലാഫത്ത് പ്രവര്‍ത്തകരുടെ വീട് എന്നിവ വളഞ്ഞു. പട്ടാളക്കാര്‍ നടുവില്‍ പള്ളിയില്‍ കയറി പരിശോധനയുടെ പേരില്‍ അക്രമംചെയ്യുകയും ചെയ്തു.നേരം വെളുത്തപ്പോഴേക്കും ഒരു വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ആലി മുസ്‌ളിയാരെ അറസ്റ്റ് ചെയ്‌തെന്നും, മമ്പുറം പള്ളിയും ജാറവും പൊളിച്ചെന്നുമൊക്കയുള്ള പ്രചാരണമുണ്ടായി.
കോട്ടക്കല്‍ ചന്തയുടെ ദിവസമായിരുന്നു അന്ന്. ചന്തയിലെത്തിയ ജനങ്ങള്‍ കയ്യില്‍ കിട്ടിയതെല്ലാം (വടി, കല്ല്, വാഴതണ്ട്,) ആയുധമാക്കി തിരൂരങ്ങാടിയിലേക്ക് പ്രവഹിച്ചു. സമരക്കാരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത നിരപരാധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു ചെമ്മാട്ടുള്ള ഹാജൂര്‍ കച്ചേരിയിലെക്ക് കളക്ടറെ കാണാന്‍ പോയി. അവിടെ എത്തിയ സംഘത്തെ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സമാധാനിപ്പിക്കുകയും അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അവിടെ പ്രതീക്ഷയോടെ കാത്തിരുന്ന ജനക്കൂട്ടത്തിനുനേരെ പെട്ടെന്ന് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
പൊലീസുകാരുടെ ചതിയില്‍ രോഷാകുലരായ ജനക്കൂട്ടം വെടിയുണ്ട വക വെക്കാതെ മുന്നോട്ട് കുതിച്ചു. പതിനേഴു പേര്‍ ധീര രക്തസാക്ഷികളായി. പ്രത്യാക്രമണത്തില്‍ വെടിവെപ്പിനു നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് കേണല്‍ വില്യംസ് ജോണ്‍സണും എഎസ്പി വില്യം ജോണ്‍ ഡങ്കണ്‍ റൗളിയും, ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീനും കുറച്ചു കോണ്‍സ്റ്റബിള്‍മാരും കൊല്ലപ്പെട്ടു. ഇതോടു കൂടിയാണ് മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് നടന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ആലി മുസ്്‌ലിയാര്‍ കീഴടങ്ങിയതോടെയാണ് കലാപം താല്‍കാലികമായി അവസാനിപ്പിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്ത് കോടതിയും പോലീസ് സ്‌റ്റേഷനും ജയിലുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന ഹജൂര്‍ കച്ചേരി കെട്ടിടം ഇന്ന് താലൂക്ക് ഓഫീസായി പ്രവര്‍ത്തിക്കുന്നു. 1906 ല്‍ ബ്രിട്ടീഷ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ നിര്‍മിച്ച കെട്ടിടങ്ങളുടെ കൂട്ടത്തിലാകും ഇതിന്റെയും പണി നടന്നതെന്ന് കരുതുന്നു. ആദ്യ പോരാട്ടത്തില്‍ കൊല്ലപ്പെട്ട ജോണ്‍സന്റെയും റൗളിയുടെയും മൃതദേഹങ്ങള്‍ താലൂക്കാഫിസിനു മുന്നിലും തിരൂരങ്ങാടി പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചന്തപ്പടിയിലും സംസ്‌കരിക്കുകയായിരുന്നു. ഇവരുടെ ശവകല്ലറകള്‍ ഇന്നും നില നില്‍ക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.