കൊച്ചിയിലെ കുടുംബം കൂട്ട ആത്മഹത്യ ചെയ്തത് അപവാദപ്രചരണത്തില്‍ മനംനൊന്ത്

 


കൊച്ചിയിലെ കുടുംബം കൂട്ട ആത്മഹത്യ ചെയ്തത് അപവാദപ്രചരണത്തില്‍ മനംനൊന്ത്
കൊച്ചി: കൊച്ചിയിലെ കുടുംബം കൂട്ട ആത്മഹത്യ ചെയ്തത് അപവാദപ്രചരണത്തില്‍ മനംനൊന്ത്. വൈപ്പിന്‍ മുനമ്പം ഐആര്‍ വളവിനു സമീപം പള്ളിപ്പറമ്പില്‍ ആന്റണി (45), ഭാര്യ സബേത്ത് (40), മക്കളായ ആന്‍സി (16), പ്രിന്‍സ് (15) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് മരണത്തിന് കാരണമായി അറിയിക്കുന്ന ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.

ആന്റണിയെ കുറിച്ച് ചിലര്‍ അപവാദ പ്രചാരണം നടത്തുന്നതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞായാറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കള്‍ തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഓടു മേഞ്ഞ വീടിന്റെ പിന്‍ഭാഗത്ത് കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആന്റണി, ആന്‍സി എന്നിവരുടെ മൃതദേഹങ്ങള്‍ ഒരു മുറിയിലും സബേത്തിന്റെയും പ്രിന്‍സിന്റെയും മൃതദേഹങ്ങള്‍ മറ്റൊരു മുറിയിലുമാണ് കാണപ്പെട്ടത്.

പള്ളിപ്പുറം, മുനമ്പം പ്രദേശങ്ങളില്‍ മല്‍സ്യക്കച്ചവടം നടത്തുന്നയാളാണ് ആന്റണി. മക്കളായ ആന്‍സിയും പ്രിന്‍സും വിദ്യാര്‍ഥികളാണ്. സാമ്പത്തിക പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്ച രാത്രി ആന്റണിയും കുടുംബാംഗങ്ങളും അയല്‍വീട്ടില്‍ ചെന്നിരുന്നു. അടുത്ത ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നുവെങ്കിലും അസ്വാഭാവികത ഒന്നും ഉണ്ടായിരുന്നില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെയായിട്ടും ആരെയും പുറത്തു കാണാതിരിക്കുകയും മുറ്റത്ത് ലൈറ്റുകള്‍ തെളിഞ്ഞു കിടക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സംശയം തോന്നി പരിസരവാസികള്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും വിരലടയാളവും മറ്റും ശേഖരിക്കുകയും ചെയ്തു.
തഹസീല്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മുനമ്പം തിരുക്കുടുംബ ദേവാലയത്തില്‍ സംസ്‌കരം നടത്തി. അപവാദപ്രചരണം നടത്തിയവരെ കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.

Keywords:  Kochi, Suicide, Kerala, Family
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia