ടികെറ്റുകൾ സെറ്റാക്കി വിൽപന നടത്തി ലോടെറി ചൂതാട്ടം വീണ്ടും സജീവമാകുന്നു

 


അജോ കുറ്റിക്കൻ

കോട്ടയം: (www.kvartha.com 03.10.2021)
സംസ്ഥാന ലോടെറി ടികെറ്റിന്റെ വിവിധ പരമ്പരകളിലുള്ള നാല് അക്കങ്ങളിൽ അവസാനിക്കുന്ന ഒരേ നമ്പർ ടികെറ്റുകൾ സെറ്റാക്കി വിൽപന നടത്തി ലോടെറി ചൂതാട്ടം വീണ്ടും സജീവമാകുന്നു. ലോടെറി ടികെറ്റിന്റെ അവസാന നാലക്കങ്ങൾ ഒരേ നമ്പറായ 12 മുതൽ 72 വരെ ലോടെറി ടികെറ്റുകൾ ഒറ്റ സെറ്റായി നൽകിയാണ് ചൂതാട്ടം.
 
ടികെറ്റുകൾ സെറ്റാക്കി വിൽപന നടത്തി ലോടെറി ചൂതാട്ടം വീണ്ടും സജീവമാകുന്നു


നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം നടപടികൾ ലോടെറി ഏജന്റുമാർ തന്നെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ഇത്തരത്തിൽ ലോടെറി വിൽപന നടത്തുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് കാറ്റിൽ പറത്തിയാണ് ഒരേ നമ്പർ ലോടെറി ചൂതാട്ടം പൊടിപൊടിക്കുന്നത്.

ടികെറ്റുകൾ സെറ്റാക്കി വിൽപന നടത്തുന്നത് ഉപഭോക്താക്കളിൽ ചൂതാട്ട ആസക്തി വർധിപ്പിക്കുമെന്നും 2011 പേപർ ലോടെറീസ് നിയന്ത്രണ ഭേദഗതി ചട്ടങ്ങൾ റൂൾ അഞ്ച് സബ് റൂളിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ഡയറക്ടർ ഉത്തരവിറക്കിയത്. എന്നാൽ നിയമങ്ങളും ഉത്തരവുകളും ഉദ്യോഗസ്ഥന്മാരുടെ സഹകരണത്തോടെ അട്ടിമറിക്കുകയാണ്.

സംസ്ഥാന ലോടെറി ടികെറ്റിന്റെ വിശ്വാസ്യത തകർക്കുന്നതാണ് അവസാന നാല് അക്കങ്ങൾ ഒരേ നമ്പർ ടികെറ്റുകൾ 12 മുതൽ 72 വരെയുള്ള സെറ്റ് ആക്കി വിൽക്കുന്നതെന്ന് ഏജന്റുമാർ പറയുന്നു. അവസാന നാലക്കങ്ങളിൽ ലഭിക്കുന്ന സമ്മാനം സെറ്റിലെ മുഴുവൻ ലോടെറിക്കും ലഭിക്കുമെന്നതാണ് സെറ്റ് ലോടെറികളുടെ ആകർഷണീയത.

സാധാരണ പ്രതിവാര ലോടെറികളുടെ അവസാന നാല് അക്കങ്ങൾ ഉൾപെടുത്തിയാണ് നാലാം സമ്മാനം മുതൽ ഏഴാം സമ്മാനം വരെ ലഭിക്കുന്നത്. എന്നാൽ 72 പേർക്ക് ലഭിക്കേണ്ട സമ്മാനം ഒരു സെറ്റാക്കി വിൽക്കുന്നതു മൂലം ഒരാൾക്ക് മാത്രമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് ലോടെറി ടികെറ്റിന്റെ വിശ്വാസ്യത ഇല്ലാതാക്കും.

തൊഴിലാളികളും സാധാരണക്കാരുമാണ് സെറ്റ് ലോടെറിയുടെ മോഹവലയത്തിൽ കുടുങ്ങുന്നവരിൽ ഏറെയും. സെറ്റ് ലോടെറി കച്ചവടം നടത്തുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് കേസെടുക്കും എന്നുമായിരുന്നു ലോടെറി ഡയറക്ടർ മുന്നറിയിപ്പു നൽകിയിരുന്നത്. എന്നാൽ നിയമ ലംഘനത്തിന് ഭാഗ്യക്കുറി വകുപ്പിലെ തന്നെ ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുന്നതിനാലാണ് ഇത്തരത്തിൽ ചില ഏജൻസികൾക്ക് സെറ്റു ലോടെറികൾ സുലഭമായി ലഭിക്കുന്നതെന്ന് ലോടെറി വിൽപനക്കാർ പറയുന്നു. ഏജൻസി ഏതെന്നു കണ്ടുപിടിക്കുന്നത് ഒഴിവാക്കാൻ സെറ്റായി നൽകുന്ന ലോടെറി ടികെറ്റുകളുടെ പിറകിൽ സാധാരണയായി ചെയ്യുന്ന സീൽ ഒഴിവാക്കുകയാണ് ഇവരുടെ രീതി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia