മജിസ്‌ട്രേട്ടേ....സുധാകരനെ നിങ്ങള്‍ക്ക് ശരിക്കറിയില്ല

 


മജിസ്‌ട്രേട്ടേ....സുധാകരനെ നിങ്ങള്‍ക്ക് ശരിക്കറിയില്ല
കണ്ണൂര്‍: കോടതിയേയും മജിസ്‌ട്രേട്ടിനേയും ഉപദേശിച്ചുകൊണ്ട് കെ സുധാകരന്‍ എം പിയുടെ പരസ്യ പ്രസ്താവന. അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്ന് കോടതിയില്‍ ആരാഞ്ഞതിനെതിരെയായിരുന്നു മജിസ്‌ട്രേട്ടിനെ കടുത്ത ഭാഷയില്‍ സുധാകരന്‍ വിമര്‍ശിച്ചത്. കേസിന്റെ കാര്യത്തില്‍ തന്റെ പാരമ്പര്യം മജിസ്‌ട്രേട്ടിനറിയില്ലെന്നും ജുഡീഷ്യറിയുടെ നിലവാരത്തകര്‍ച്ചയാണിതെന്നും കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.

സുധാകരനെ അധിക്ഷേപിച്ച തരത്തിലുള്ള കമന്ററികള്‍ കോടതിക്ക് ഗുണകരമല്ലെന്ന് പറഞ്ഞ് കോടതിയെ ഉപദേശിക്കാനും സുധാകരന്‍ മറന്നില്ല. ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് നേരിട്ടുകണ്ടെന്ന് പ്രസംഗിച്ചതിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് വൈകിപ്പിക്കുന്നതിനെ തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്(മൂന്ന്) എ ഇജാസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണത്തെ സുധാകരന്‍ ഭയപ്പെടുന്നത് എന്തിനെന്നും കോടതി ചോദിച്ചു. ഇതിനെതിരെയാണ് മജിസ്‌ട്രേട്ടിനെ വ്യക്തിപരമായി ആക്ഷേപിച്ച് സുധാകരന്‍ രംഗത്തെത്തിയത്. കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ലിതെന്നും സുധാകരന്‍ പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്റെ സൗകര്യാര്‍ഥം കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് മജിസ്‌ട്രേട്ട് ഇത്രയേറെ ക്ഷുഭിതനാകേണ്ട കാര്യമില്ല. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതിന് ഇത്രയേറെ പ്രതികരണം ആവശ്യമില്ല. ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് താന്‍ കോടതി കയറിയിറങ്ങുന്നയാളാണ്. നിസ്സാര കേസിന്റെപുറത്ത് നടത്തിയ പരാമര്‍ശം കോടതിയുടെ നിലവാരത്തിന് ചേര്‍ന്നതല്ല.

ഒരു ദിവസത്തേക്ക് കേസ് മറ്റിവയ്ക്കില്ലെന്ന കോടതിയുടെ സമീപനം ശരിയല്ല. സാവകാശം ചോദിച്ചാല്‍ കോടതി ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. പ്രസംഗം നടന്ന കൊട്ടാരക്കരയില്‍ വേണമായിരുന്നു കേസ്. കോടതിയുടെ അധികാരപരിധിയെക്കുറിച്ചും തര്‍ക്കമുണ്ട്. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഇതുസംബന്ധിച്ച് കേസുണ്ടെന്നും സുധാകരന്‍ പറയുകയുണ്ടായി. മാസങ്ങള്‍ക്ക് മുമ്പ് ജയരാജനും കോടതിയെ ഉപദേശിച്ചിരുന്നു. അങ്ങിനെ അദ്ദേഹത്തിന് ഉണ്ടതിന്നേണ്ട അവസ്ഥയും വന്നിട്ടുണ്ട്. പ്രസംഗകലയും അഭിപ്രായപ്രകടനങ്ങളും കണ്ണൂരിലെ പാര്‍ട്ടി നേതാക്കളെ ബാധപോലെ പിടികൂടിയിരിക്കുകയാണ്.

-ജോസഫ് പ്രിയന്‍

Keywords:  Kannur, K. Sudhakaran, Court, Kerala, Bar Licence
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia