കണ്ണൂരില്‍ നിന്നും1140 യുപി സ്വദേശികള്‍ കൂടി നാട്ടിലേക്ക് മടങ്ങി

 


കണ്ണൂര്‍: (www.kvartha.com 07.05.2020) ലോക് ഡൗണിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളില്‍ 1140 ഉത്തര്‍ പ്രദേശ് സ്വദേശികള്‍ കൂടി നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വ്യാഴാഴ്ച വൈകിട്ട് 5.50 ന് ലക്‌നൗവിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തൊഴിലാളികള്‍ മടങ്ങിയത്.

ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ 38 കെഎസ്ആര്‍ടിസി ബസുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 50 സീറ്റുകളുള്ള ബസില്‍ 30 പേരുമായിട്ടായിരുന്നു യാത്ര. നാട്ടിലേക്ക് യാത്ര തിരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ട്രെയിനിലും ഇരിപ്പിടങ്ങള്‍ നല്‍കിയത്. 930 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.

കണ്ണൂരില്‍ നിന്നും1140 യുപി സ്വദേശികള്‍ കൂടി നാട്ടിലേക്ക് മടങ്ങി

തൊഴിലാളി ക്യാമ്പുകളില്‍ മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവരെ ബസുകളില്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. തൊഴിലാളികള്‍ക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതര്‍ നല്‍കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ട്രെയിന്‍ ലക്‌നൗ റെയില്‍വേ സ്റ്റേഷനില്‍ എത്തുക.

കോവിഡിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ തങ്ങളെ സംരക്ഷിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്ത സര്‍ക്കാരിനും നാട്ടുകാര്‍ക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച ഒരു ട്രെയിന്‍ ജാര്‍ഖണ്ഡിലേക്കും പുറപ്പെടും.

കഴിഞ്ഞ ഞായറാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 അതിഥി തൊഴിലാളികള്‍ ബീഹാറിലേക്ക് മടങ്ങിയിരുന്നു. ബുധനാഴ്ച കോഴിക്കോട് നിന്നും മധ്യപ്രദേശിലേക്ക് പുറപ്പെട്ട ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 450 തൊഴിലാളികളും നാട്ടിലേക്ക് തിരിച്ചു. ഇതോടെ ജില്ലയില്‍ നിന്ന് നാടുകളിലേക്ക് തിരിച്ച അതിഥി തൊഴിലാളികളുടെ എണ്ണം 2730 ആയി ഉയര്‍ന്നിട്ടുണ്ട്.

Keywords:  1140 UP residents have returned to their native place, Kannur, News, Trending, Train, Women, Passengers, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia