12-ാമത് തനിമ പുരസ്‍കാരം ഡോ. പി എ അബൂബകറിന്; അംഗീകാരം 'അറബിമലയാളം; മലയാളത്തിന്റെ ക്ലാസിക്കൽ ഭാവങ്ങൾ' എന്ന പുസ്തകത്തിന്

 


കോഴിക്കോട്: (www.kvartha.com 30.05.2021) തനിമ കലാസാഹിത്യ വേദി സംസ്ഥാന കമിറ്റിയുടെ 12-ാമത് തനിമ പുരസ്‍കാരം എഴുത്തുകാരനും ഭാഷാ വിദഗ്ദനുമായ ഡോ. പി എ അബൂബകറിന്. അദ്ദേഹം രചിച്ച അറബിമലയാളം; മലയാളത്തിന്റെ ക്ലാസിക്കൽ ഭാവങ്ങൾ എന്ന പുസ്തകത്തിനാണ് അംഗീകാരം തേടിയെത്തിയത്.

                                                                     
12-ാമത് തനിമ പുരസ്‍കാരം ഡോ. പി എ അബൂബകറിന്; അംഗീകാരം 'അറബിമലയാളം; മലയാളത്തിന്റെ ക്ലാസിക്കൽ ഭാവങ്ങൾ' എന്ന പുസ്തകത്തിന്



ഭാഷാപഠന കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. 10,000 രൂപയും ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാർഡ് ജൂണിൽ മലപ്പുറം കോട്ടക്കലിൽ സമ്മാനിക്കും. ഡോ. കെ എം ഭരതൻ ചെയർമാനും ഡോ. സി സെയ്തലവി, ഡോ. ജമീൽ അഹ്‌മദ് അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.


ഭാഷാ ഇൻസ്റ്റിറ്റ്യൂട് പ്രസിദ്ധീകരിച്ച ഡോ. പി എ അബൂബകറിന്റെ വടക്കൻ മലയാളം എന്ന പുസ്തകത്തിന് കേരള സാഹിത്യ അകാഡെമിയുടെ 2016ലെ ഐ സി ചാക്കോ അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാഷാ സംബന്ധമായി ലേഖനങ്ങളും മറ്റുമായി സജീവമായി അദ്ദേഹം രംഗത്തുണ്ട്. പത്തോളം ഗ്രന്ഥങ്ങളുടെ കർത്താവോ സഹകർത്താവോ ആണ്.


അറബിമലയാളത്തിന്റെ ചരിത്രവും ഭാഷാ ശാസ്ത്രവും സാഹിത്യ പാരമ്പര്യവും പ്രതിപാദിപ്പിക്കുന്ന 350 ഓളം പേജുകളുള്ള ബൃഹത്തായ കൃതിയാണ് അറബിമലയാളം; മലയാളത്തിന്റെ ക്ലാസിക്കൽ ഭാവങ്ങൾ പുസ്‌തകം. മലയാള ഭാഷാ ചരിത്രത്തിൽ അറബി മലയാളം എത്രമാത്രം ബന്ധപ്പെട്ട് കിടക്കുന്നു എന്നതിലേക്കുള്ള അന്വേഷണവും കൂടിയാണീ പുസ്‌തകം. അദ്ദേഹത്തിന്റെ വടക്കൻ മലയാളം എന്ന പുസ്‌തകവും ഏറെ ശ്രദ്ധ നേടിയിരുന്നു.

കാസർകോട് ഉദുമ സ്വദേശിയായ ഡോ. പി എ അബൂബകർ ആയുർവേദ ഡോക്ടർ കൂടിയാണ്. പാക്യാര അബ്‌ദുർ റഹ്‌മാൻ - കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഉദുമ ഇസ്ലാമിയ എൽ പി സ്കൂൾ, ഉദുമ ഗവ. ഹൈസ്കൂൾ, ഫാറൂഖ് കോളജ്, വി പി എസ് വി എ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം കരസ്ഥമാക്കി. കാസർകോട് പാണത്തൂർ ഗവ. വെൽഫെയർ സ്കൂളിൽ ഹിന്ദി അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് കർണാടകത്തിലും കേരളത്തിലും വിവിധ കോളജുകളിൽ അധ്യാപകനായിരുന്നു. ഇപ്പോൾ വി പി എസ് വി എ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.

Keywords: Kasaragod, Kerala, News, Malayalam, Arabic, Writer, Book, Award, Kozhikode, Teacher, Karnataka, School, 12th Thanima Award To Dr. PA Aboobacker.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia