T Damodaran | ടി ദാമോദരൻ വിട വാങ്ങിയിട്ട് 13 വർഷം; വാക്കുകളെ തീപ്പൊരിയാക്കിയ തിരക്കഥാകൃത്ത്

 
13 Years Since T Damodaran's Passing; The Screenwriter Who Made Words Fire
13 Years Since T Damodaran's Passing; The Screenwriter Who Made Words Fire

Photo Credit: Facebook/ Mammootty

● 70 ലധികം തിരക്കഥകൾ രചിച്ചിട്ടുണ്ട്. 
● ഐ വി ശശിയുമായി 26 സിനിമകളിൽ ഒന്നിച്ചു. 
● ഈ നാട്, അങ്ങാടി തുടങ്ങിയ ഹിറ്റുകൾ ഈ കൂട്ടുകെട്ടിലാണ്. 
● നാടകരംഗത്തും അധ്യാപകനായും പ്രവർത്തിച്ചു. 
● 2012 ലാണ് അദ്ദേഹം അന്തരിച്ചത്.

 

(KVARTHA) മലയാള ചലച്ചിത്രങ്ങളുടെ കഥാ ഘടനയിൽ  മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയർത്തി വിട്ട തിരക്കഥാകൃത്തായിരുന്ന ടി ദാമോദരൻ മാസ്റ്റർ വിടവാങ്ങിയിട്ട്  13 വർഷം. സാധാരണ പ്രേക്ഷകർ എന്നും നെഞ്ചോട് ചേർത്ത് പിടിച്ച  അപൂർവ്വം തിരക്കഥാകൃത്തുകളിൽ ഒരാളാണ് ദാമോദരൻ മാസ്റ്റർ.
 
നമ്മുടെ പല നായകന്മാരെയും  നട്ടെല്ലുള്ള കഥാപാത്രങ്ങളായി വിശേഷിപ്പിച്ചത് മാഷുടെ തീപ്പൊരിയായ സംഭാഷണങ്ങൾ ഏറ്റുപറഞ്ഞപ്പോഴാണ്. ദാമോദരൻ മാസ്റ്റർ തിരക്കഥ രംഗത്ത് സജീവമായി ഉണ്ടായിരുന്ന കാലഘട്ടത്തിലെ രാഷ്ട്രീയ മുതലാളിത്ത ഭരണകൂട കൂട്ടുകെട്ടിലെ  പുഴുക്കുത്തുകളെയും നിഗൂഢ സത്യങ്ങളെയും സധൈര്യം വിളിച്ചുപറഞ്ഞ  നിരവധി കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. 

നാടിന്റെ നേർക്കാഴ്ചയും തീക്ഷണമായ യാഥാർത്ഥ്യങ്ങളും ഉൾക്കൊള്ളുന്ന ചടുലമായ വാക്ക് ശരങ്ങൾ കഥാപാത്രങ്ങൾ തിരശ്ശീലയിൽ അവതരിപ്പിക്കുമ്പോൾ ഓരോ പ്രേക്ഷകനും അവന് സമൂഹത്തോട് വിളിച്ചു പറയാൻ സാധിക്കാത്ത കാര്യങ്ങൾ പരസ്യമായി വേറൊരാൾ വിളിച്ചുപറയുമ്പോൾ കേൾക്കുന്ന അവാച്യമായ അനുഭൂതിയുടെ ലോകത്തായിരിക്കും. 

അവനു ലഭിക്കുന്ന ആത്മസംതൃപ്തിയായിരുന്നു ദാമോദരൻ മാസ്റ്ററുടെ ഓരോ സിനിമകളും. മലയാളത്തിലെ  നിരവധി  സംവിധായകർക്കു വേണ്ടി  അവരുടേതായ രീതിയിൽ  70ലേറെ തിരക്കഥകൾ ദാമോദരൻ മാഷ് രചിച്ചിട്ടുണ്ട്. അതിൽ 26 എണ്ണം  ഐ വി ശശി ടി ദാമോദരൻ കൂട്ടുകെട്ടിലാണുണ്ടായത്. ഈ നാട്, അങ്ങാടി, വാർത്ത, ആവനാഴി, ഇൻസ്പെക്ടർ ബൽറാം തുടങ്ങി നിരവധി ഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ ഇറങ്ങിയിട്ടുണ്ട്. 

ഈ കൂട്ടുകെട്ടിന്റെ സിനിമ ഇറങ്ങുമ്പോൾ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിക്കുകയും  തിയേറ്ററുകൾ അക്ഷരാർത്ഥത്തിൽ ഉത്സവപ്പറമ്പുകളാവുകയും ചെയ്തിരുന്നു.ഇതേ മാഷ് തന്നെയാണ് ഭരതന്റെ കാറ്റത്തെ   കളിക്കൂടിനും ഇത്തിരിപ്പൂവേ ചുവന്ന പൂവിനും  തിരക്കഥ എഴുതിയത് വളരെ വ്യത്യസ്തവും  വൈവിധ്യതയുമായിരുന്നു അദ്ദേഹത്തിൻ്റെ തിരക്കഥകൾ.

സിനിമ ലോകത്ത് വരുന്നതിനു മുമ്പ്  നാടകലോകത്ത് സജീവമായിരുന്നു മാഷ്. കായിക അധ്യാപകനായി വിദ്യാലയത്തിൽ ജോലി ചെയ്യവേ  നാടക രംഗത്ത് സജീവമായിരുന്നു. തന്റെ വരുമാനത്തിന്റെ വലിയൊരു വിഭാഗം താൻ പഠിക്കുന്ന വിദ്യാലയത്തിന്റെ നന്മക്ക് വേണ്ടി വിനിയോഗിച്ച മാഷ്  നാടകം പോലുള്ള കലാരൂപങ്ങൾ വഴി കൂടുതൽ ധനസമ്പാദനം നടത്തി തന്റെ വിദ്യാലയം മാതൃകാ വിദ്യാലയമാക്കാനും പരിശ്രമിച്ചിട്ടുണ്ട്. 

തന്റെ നായകന്മാർ പറയുന്ന വാക്കുകളും സത്യങ്ങളും തന്റെ ജീവിതത്തിലും പ്രകടിപ്പിച്ച ഒരു കഥയും ദാമോദരൻ മാഷ്ക്ക് പറയാനുണ്ട്. വിദ്യാർത്ഥി സമരം കാരണം താൻ പഠിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം അലങ്കോലമായപ്പോൾ  സർവകക്ഷി യോഗം വിളിച്ചു  സമാധാന കരാർ ഒപ്പിട്ടു. കരാറിലെ മഷി ഉണങ്ങും മുമ്പ്  ഒപ്പിട്ട ഒരു പ്രസ്ഥാനം കരാർ ലംഘിച്ചു. ഇതിൽ പ്രതിഷേധിച്ച് തന്റെ അധ്യാപക ജോലി രാജിവച്ച  ചരിത്രം കൂടി മാഷിനുണ്ട്.

ജീവിച്ചിരിക്കുന്ന ഒരു അറിവിന്റെ സർവകലാശാല ആയിരുന്നു മാഷ്. ഭൂമിയിലെ ഏത് വിഷയം ചോദിച്ചാലും ഉടനടി ഉത്തരം കിട്ടും. 1921 എന്ന സിനിമ ഇറങ്ങിയപ്പോൾ കുരമ്പുകളും പൂമാലകളും വർഷിച്ചപ്പോൾ തെളിവുകളുടെ നേർധാരയിൽ സത്യത്തിന്റെ കൂടെ നിന്ന് മാഷ്  എടുത്ത നിലപാടുകൾ  അൽഭുതാവഹമായിരുന്നു. 
1936 സെപ്റ്റംബർ 15-ന് കോഴിക്കോട്ട് ബേപ്പൂരിൽ ജനിച്ച ദാമോദരൻ മാഷ്  
ഹരിഹരന്റെ ലൗ മാര്യേജ് എന്ന ചിത്രത്തിന്  തിരക്കഥയെഴുതിയാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് മലയാളികളുടെ പ്രിയ തിരക്കഥാകൃത്ത് ആയി മാറുകയായിരുന്നു. 

മലയാളിക്ക് എന്നും ഓർക്കാനുള്ള നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച   ദാമോദരൻ മാസ്റ്റർ 2012 ൽ തന്റെ 75 മത് വയസ്സിൽ ഈ ലോകത്തോട് വിടവാങ്ങി.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.  

It has been 13 years since the passing of T Damodaran Master, a revolutionary screenwriter in Malayalam cinema known for his powerful dialogues and portrayal of socio-political issues. He penned over 70 screenplays, including 26 successful collaborations with director IV Sasi, leaving a lasting impact on Malayalam film history.

#TDamodaran #MalayalamCinema #Screenwriter #DeathAnniversary #IVSasi #RememberingLegends

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia