മൂന്നാംമുറ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വെറുതെ പറഞ്ഞതാണോ?; കാസര്‍കോട് കണ്‍ട്രോള്‍ റൂമില്‍ മൂന്നാംമുറ, നവവരന്‍ ഉള്‍പ്പടെ 3 സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍; സംഭവം കൈവിട്ടപ്പോള്‍ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസ്

 


കാസര്‍കോട്: (www.kvartha.com 30.11.2016) പോലീസ് സ്റ്റേഷനില്‍ മൂന്നാംമുറ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വെറുതെ പറഞ്ഞതാണോ? കാസര്‍കോട് കണ്‍ട്രോള്‍ റൂമില്‍ മൂന്നാംമുറ. നവവരന്‍ ഉള്‍പ്പടെ 3 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്റെ ക്രൂരമര്‍ദനം. പോലീസ് സ്‌റ്റേഷനില്‍ മൂന്നാം മുറ പാടില്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്ത്രമന്ത്രിയുമായ പിണറായി വിജയന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് ഒമ്പതംഗ പോലീസ് സംഘം മൂന്ന് പേരെ ക്രൂരമായ ലോക്കപ്പിലിട്ട് മര്‍ദിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ നടന്ന ഈ സംഭവം സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കാസര്‍കോട് ബെണ്ടിച്ചാലിലെ അബൂബക്കറിന്റെ മകനും നവവരനുമായ മുഹമ്മദ് ഷംസീര്‍(26), ബെണ്ടിച്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഹംസ മുഹമ്മദ്(28), ഷംസീറിന്റെ സഹോദരന്‍ ഷക്കീര്‍(24) എന്നിവരെയാണ് ലോക്കപ്പില്‍ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ ഷംസീറിന്റെ കയ്യൊടിഞ്ഞു. സാരമായി പരിക്കേറ്റ മൂന്ന് പേരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ക്കും ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഹംസ മുഹമ്മദിന്റെ പരിക്ക് ഭീകരമാണ്.

സംഭവം വിവാദമാകുമെന്ന് ബോധ്യമായതോടെ യുവാക്കള്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ ബൈക്കിലും കാറിലും എത്തിയ സംഘം അക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

ബുധനാഴ്ച ഉച്ചയക്ക് 12 മണിയോടെയാണ് സംഭവം. കാസര്‍കോട് കോളിയടുക്കത്ത് വെച്ച് ഷംസീര്‍ ഓടിച്ചിരുന്ന ബൈക്ക് ഹെല്‍മെറ്റില്ലാത്തതിന്റെ പേരില്‍ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് പോലീസുകാര്‍ പിടികൂടി. ബൈക്കില്‍ നമ്പറിന്റെ സ്ഥാനത്ത് കൃത്രിമം കാണിച്ചതിനാല്‍ ബൈക്ക് സ്റ്റേഷനിലേക്ക് എടുക്കുകയായിരുന്നു. പിഴ ഈടാക്കി വിട്ടയക്കണമെന്ന് സമീപത്തുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞു. ഇതിനിടയില്‍ പോലീസുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും കൂടുതല്‍ പോലീസുകാരെത്തിയാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്. പിന്നീട് രേഖകളുമായി സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

രേഖകളുമായി മൂന്ന് പേരും കാസര്‍കോട് സ്റ്റേഷനിലെത്തി സിഐയെ കണ്ടു. സിഐ കണ്‍ട്രോള്‍ റൂമിലെ പോലീസുകാരെ വിളിച്ചുവരുത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി പിഴയീടാക്കി വിട്ടയക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ നേരെ തൊട്ടടുത്തുള്ള കണ്‍ട്രോള്‍ റൂമിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ബൈക്ക് പിടികൂടിയപ്പോള്‍ ആളുകളുടെ മുന്നില്‍ വെച്ച് പോലീസിനെ അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു മര്‍ദനം. അടിച്ചുനിലത്തിട്ട് ഷൂസിട്ട കാല് കൊണ്ട് ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

സംഭവം വിവാദമായതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജിതമാക്കി. യുവാക്കളില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു.

മൂന്നാംമുറ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വെറുതെ പറഞ്ഞതാണോ?; കാസര്‍കോട് കണ്‍ട്രോള്‍ റൂമില്‍ മൂന്നാംമുറ, നവവരന്‍ ഉള്‍പ്പടെ 3 സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍; സംഭവം കൈവിട്ടപ്പോള്‍ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസ്


Keywords:  Kerala, kasaragod, Police, Assault, Case, CM, Pinarayi vijayan, Minister, Documents, Bike, Bendichal, Control room, 3-youngsters-assaulted-by-police 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia