New posts | സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുന്‍സിപാലിറ്റികളിലും 354 പുതിയ തസ്തികകള്‍ സൃഷ്ടിക്കും; സര്‍കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ കമിറ്റിയെ നിയോഗിക്കും

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുന്‍സിപാലിറ്റികളിലും അകൗണ്ടസ്, ആരോഗ്യ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അധിക തസ്തിക സൃഷ്ടിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 354 പുതിയ തസ്തികകളാണ് സൃഷ്ടിക്കുക.

സര്‍കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ കമിറ്റിയെ നിയോഗിക്കും

സര്‍കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നംഗ കമിറ്റി രൂപീകരിക്കും. സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കമിറ്റി രൂപീകരണം. ചെയര്‍മാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് കമിറ്റി.

New posts | സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുന്‍സിപാലിറ്റികളിലും 354 പുതിയ തസ്തികകള്‍ സൃഷ്ടിക്കും; സര്‍കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ കമിറ്റിയെ നിയോഗിക്കും

15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള, മാധ്യമ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍/സംസ്ഥാന സര്‍കാര്‍ പ്രിന്‍സിപല്‍ സെക്രടറി റാങ്കില്‍ കുറയാത്ത വ്യക്തി/ ഇന്‍ഡ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ അഡീഷനല്‍ സെക്രടറി റാങ്കില്‍ കുറയാത്ത വ്യക്തി എന്നിവര്‍ക്ക് ചെയര്‍പേഴ്‌സന്‍ ആകാം.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍, വിരമിച്ച ഐ ആന്‍ഡ് പി ആര്‍ ഡി ഡയറക്ടര്‍, വിരമിച്ച ഐ ആന്‍ഡ് പിആര്‍ഡി അഡീഷനല്‍ ഡയറക്ടര്‍, പതിനഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അംഗങ്ങളാകാം.

ഒരംഗം വനിതയാകുന്നത് അഭികാമ്യമാണെന്നും നിശ്ചയിച്ചു. കമിറ്റി അംഗങ്ങളുടെ പ്രായം 45നും 70നും ഇടയിലായിരിക്കും.

സര്‍കാര്‍, അര്‍ധസര്‍കാര്‍, പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങള്‍, കോടതികള്‍, കമീഷനുകള്‍ തുടങ്ങിയവര്‍ നല്‍കുന്ന പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധനാ കമിറ്റിയുടെ അധികാര പരിധിയില്‍പെടും. പരസ്യങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ വകുപ്പുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. രണ്ട് വര്‍ഷമാണ് കമിറ്റിയുടെ പരമാവധി കാലവധി.

ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ശമ്പള പരിഷ്‌ക്കരണം

ജില്ലാ ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് 1-1- 2016 മുതല്‍ പ്രാബല്യത്തില്‍ പുതുക്കിയ ശമ്പളഘടന അനുവദിക്കും. കുടിശ്ശിക വിതരണത്തിനാവശ്യമായ തീരുമാനമെടുക്കാന്‍ ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തി.

ഭൂമി കൈമാറ്റം


നിര്‍ദിഷ്ട മലയോര ഹൈവേയില്‍ കാസര്‍കോട് ജില്ലയില്‍പ്പെടുന്ന 127.42 കിലോമീറ്റര്‍ നീളമുള്ള നന്ദാരപദവ്-ചെറുപുഴ ഭാഗം വരെയുള്ളതും വനഭൂമിയിലൂടെ കടന്നുപോകുന്നതുമായ ഹൈവേയില്‍ എടപ്പറമ്പ-കോളിച്ചാല്‍ വരെയുളള ഭാഗത്ത് നഷ്ടപ്പെടുന്ന 4.332 ഹെക്ടര്‍ വനം ഭൂമിക്ക് പകരം പരിഹാര വനവത്കരണത്തിന് ഭൂമി നല്‍കും.

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയില്‍ ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാല്‍ ഭീമനടി വിലേജിലെ റവന്യൂഭൂമി കേന്ദ്രപരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിദേശപ്രകാരം സംസ്ഥാന വകുപ്പിന്റെ പേരില്‍ പോക്കുവരവ് ചെയ്യുന്നതിന് ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറും.

നിയമനം


കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായ പിഎസ് രാജീവിന്റെ പുനര്‍നിയമന വ്യവസ്ഥയിലുള്ള കാലാവധി 31-12-22 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കും.

തിരുവനന്തപുരം കോ-ഓപറേറ്റീവ് അകാദമി ഓഫ് പ്രൊഫഷനല്‍ എഡ്യൂകേഷനില്‍ (കേപ്) പുതിയ ഡയറക്ടറായി വി ഐ താജുദ്ദീന്‍ അഹ് മദിന് വ്യവസ്ഥകള്‍ക്ക് വിധേയമായി പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു.

Keywords: 354 new posts will be created in corporations and municipalities state, Thiruvananthapuram, News, Politics, Cabinet, Salary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia