Port Development | അഴീക്കല്‍ തുറമുഖത്തിന് ഗോഡൗണ്‍ നിര്‍മാണത്തിനായി അഞ്ചരകോടി രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് മന്ത്രി വി എന്‍ വാസവന്‍
കണ്ണൂര്‍: (KVARTHA) അഴീക്കല്‍ തുറമുഖത്തിന് ഗോഡൗണ്‍ നിര്‍മാണത്തിനായി അഞ്ചരകോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി സഹകരണം, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. അഴീക്കല്‍ തുറമുഖം സന്ദര്‍ശനത്തിന് ശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഏതൊരു തുറമുഖത്തിനും ചരക്ക് സൂക്ഷിക്കാന്‍ ഗോഡൗണ്‍ ഏറ്റവും അത്യാവശ്യമായ ഘടകമാണെന്നും അതിനാല്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് വേണ്ട കാര്യങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അഴീക്കല്‍ തുറമുഖത്തിലെ ഡ്രെഡ് ജിങ് പ്രവര്‍ത്തനങ്ങള്‍ മണ്‍സൂണ്‍ കഴിഞ്ഞ് ആരംഭിക്കും. നിലവിലെ 2.5 മീറ്റര്‍ ആഴം നാല് മീറ്ററില്‍ കൂടുതലായി ഉയര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖത്തിന് ശുദ്ധ ജലം ഉറപ്പാക്കുവാന്‍ രണ്ടു കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം തുറമുഖം കമീഷന്‍ ചെയ്തത് അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം തുറമുഖങ്ങളുടെ വികസന കുതിപ്പിന് കാരണമാകുമെന്നും മദര്‍ ഷിപ്പില്‍ (വന്‍കിട ചരക്ക് കപ്പലുകള്‍) വിഴിഞ്ഞത്ത് വരുന്ന കണ്ടെയ്‌നറുകള്‍ ഈ തുറമുഖങ്ങളിലേക്ക് അയക്കാന്‍ സാഹചര്യങ്ങള്‍ വരികയാണെന്നും മന്ത്രി പറഞ്ഞു. ഇതിനു വേണ്ടിയുള്ള ഡ്രെഡ് ജിങ് പോലുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വികസനത്തിന്റെ ഭാഗമായി ക്രൂയിസ് ഷിപ്പ് സര്‍വീസ് വിഴിഞ്ഞം, കൊല്ലം, കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ എന്നിവയെ ബന്ധിപ്പിച്ച് തുടങ്ങാന്‍ വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് 1200 പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന രീതിയിലേക്ക് കപ്പല്‍ യാത്ര സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭാവിയില്‍ ഇത്തരം സര്‍വീസുകള്‍ ബേപ്പൂര്‍ പോലുള്ള തുറമുഖങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.
നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും കോഴിക്കോട് ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ഈ മാസം തന്നെ ചര്‍ചകള്‍ നടത്തി ഏറ്റവും അടിയന്തരമായി കാര്‍ഗോ സര്‍വീസ് ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.
അഴീക്കല്‍ തുറമുഖത്തിന്റെ പശ്ചാത്തല വികസനത്തിന് വേണ്ടിയുള്ളപ്രവര്‍ത്തനങ്ങള്‍ ഈ മാസം കൂടുന്ന മാരിടൈം ബോര്‍ഡിന്റെ മീറ്റിങ്ങില്‍ കെ വി സുമേഷ് എം എല്‍ എ യെ കൂടി ഉള്‍പ്പെടുത്തി ചര്‍ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കെ വി സുമേഷ് എം എല്‍ എ, മുന്‍ എം എല്‍ എ എം പ്രകാശന്‍ മാസ്റ്റര്‍, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, മാരിടൈം ബോര്‍ഡ് സി ഇ ഒ ഷൈന്‍ എ ഹക്ക്, പോര്‍ട് ഓഫീസര്‍ ടി ദീപന്‍ കുമാര്‍, ജനപ്രതിനിധികള്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് ടി കെ രമേഷ് കുമാര്‍, അംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പമാണ് മന്ത്രി തുറമുഖം സന്ദര്‍ശിച്ചത്. തുറമുഖ വകുപ്പ് മന്ത്രിയായി ചുമതല എടുത്തതിന് ശേഷം ആദ്യമായിട്ടാണ് മന്ത്രി അഴീക്കല്‍ പോര്‍ട് സന്ദര്‍ശിച്ചത്.