Rescued | കനത്ത മഴ: സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി രൂക്ഷം; മുത്തങ്ങ വനമേഖലയില്‍ കുടുങ്ങി കിടന്നിരുന്നവരെ പുറത്തെത്തിച്ചു; രക്ഷാ ദൗത്യം നിര്‍വഹിച്ചത് പൊലീസും ഫയര്‍ഫോഴ് സും 

 
 500 passengers rescued from Wayanad forest after flooding, Thiruvananthapuram, News, Rain, Passengers, Rescued, Police, Fire Force, Flood, Kerala News
 500 passengers rescued from Wayanad forest after flooding, Thiruvananthapuram, News, Rain, Passengers, Rescued, Police, Fire Force, Flood, Kerala News

Image generated by Meta AI

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.  പല ജില്ലകളിലും മഴക്കെടുതി രൂക്ഷം. വയനാട് പൊന്‍കുഴി ഭാഗത്ത് ദേശീയ പാത 766 ലെ വെള്ളക്കെട്ട് കാരണം മുത്തങ്ങ വനമേഖലയില്‍ കുടുങ്ങി കിടന്നിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു. 500 ഓളം പേരാണ് ഇവിടെ കുടുങ്ങി കിടന്നിരുന്നത്. എല്ലാവരെയും പുറത്തെത്തിച്ചു. 


എന്നാല്‍ കനത്ത മഴ വകവയ്ക്കാതെ ആയിരുന്നു പൊലീസിന്റെയും ഫയര്‍ ഫോഴ് സിന്റെയും രക്ഷാ പ്രവര്‍ത്തനം. കെ എസ് ആര്‍ ടി സി ബസുകള്‍, ലോറികള്‍, കാറുകള്‍ ഉള്‍പെടെയുള്ള നിരവധി വാഹനങ്ങളിലായി യാത്ര ചെയ്തിരുന്ന അഞ്ഞൂറോളം പേരാണ് വനമേഖലയില്‍ ഉണ്ടായിരുന്നത്. വെള്ളം കയറി ഈ ഭാഗങ്ങളിലെ ഗതാഗതം നിരോധിച്ചതോടെയാണ് യാത്രക്കാര്‍ വനമേഖലയില്‍ കുടുങ്ങിയത്. 


നിയന്ത്രണം നീക്കി ഇപ്പോള്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട്- ബംഗ്ലൂര്‍ ദേശീയപാതയിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി. ദേശീയപാതക്ക് സമീപത്തെ കല്ലൂര്‍ പുഴ കരകവിഞ്ഞതോടെയാണ് ബംഗ്ലൂര്‍- കോഴിക്കോട് ദേശീയപാതയില്‍ വെള്ളം കയറിയത്. വയനാട് രാത്രി മഴയുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ ശമനമുണ്ട്. വയനാട്ടില്‍ 682 കുടുംബങ്ങളില്‍ നിന്നായി 2281 പേരെ ദുരിതാശ്വാസ കാംപില്‍ പാര്‍പിച്ചു.

കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും മഴക്കെടുതികള്‍ തുടരുന്നു. കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അധിക ജലം തുറന്നു വിടാന്‍ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും പൂനൂര്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. 

ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു. കഴിഞ്ഞദിവസത്തെ മഴയില്‍ വെള്ളം കയറിയും മരങ്ങള്‍ വീണും മണ്ണിടിഞ്ഞും മറ്റുമായി 21 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പല സ്ഥലത്തും തടസ്സപ്പെട്ട ഗതാഗതം പുന:സ്ഥാപിച്ചിട്ടില്ല. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വെള്ളം കയറിയ മാവൂര്‍ കൂളിമാട് ചേന്ദമംഗലൂര്‍ റോഡില്‍ ഗതാഗതം പുന:സ്ഥാപിക്കാനായില്ല. ഇതു വഴിയുള്ള ഗതാഗതം പ്രദേശവാസികള്‍  ബാരികേഡ് വെച്ച് തടഞ്ഞിരുന്നു. ചാലിയാറിലും ജലനിരപ്പ് ഉയര്‍ന്നു. മാവൂരിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ തുടരുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്  ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്. 


മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത കരുതിയിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.


കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി. എന്നാല്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ കോളജുകള്‍ പ്രവര്‍ത്തിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതേസമയം, മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഇടുക്കിയില്‍ ദേവികുളം താലൂകിലെയും ചിന്നക്കനാല്‍ പഞ്ചായതിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia