83 ആണ്ടിന്റെ ദാമ്പത്യ സൗഭാഗ്യവുമായി തോമസും ഏലിയും

 


ഇടുക്കി: (www.kvartha.com 28/01/2015) ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ ഒരുമിച്ചു കണ്ട ദാമ്പത്യ വിജയത്തിന്റെ പൂനിലാവ് പരത്തി തോമസും ഏലിയും. മുതലക്കോടം കുന്നുമ്മേല്‍ തോമസ്-ഏലി ദമ്പതികളെ ദൈവം കൂട്ടിച്ചേര്‍ത്തിട്ട് 83 ആണ്ട് പിന്നിടുന്നു. മക്കളും പേരക്കുട്ടികളും ആഘോഷങ്ങള്‍ക്കൊരുങ്ങുമ്പോള്‍ എല്ലാം ദൈവാനുഗ്രഹം എന്ന ഒറ്റവാക്കില്‍ ഇവര്‍ സന്തോഷം പങ്കിടുന്നു.

നാലാം ക്ലാസ്സില്‍ പുസ്തകം ഉപേക്ഷിച്ച് കൃഷിപണിയിലേക്ക് ഇറങ്ങിയതാണ് തോമസ് ചേട്ടന്‍. ബാല്യത്തിലെ നല്ല സ്വഭാവം കൊണ്ട് കേഡി എന്ന ഒരു വിളിപ്പേരും പള്ളിക്കൂടത്തില്‍ വീണിരുന്നു. പുള്ളന്‍കടുവ എന്നു വിളിപ്പേരുളള കൊച്ചാപ്പുവായിരുന്നു പള്ളിക്കൂടം കൂട്ടുകാരന്‍. അതേ സമയം കരിമണ്ണൂര്‍ സ്‌കൂളില്‍ പഠനത്തില്‍ ഒന്നാമതായിരുന്നു ഏലി. പക്ഷേ വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം നാലാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ച് വീട്ടില്‍ ഒതുങ്ങി. 

തോമസിന്റെ പ്രധാന ചുമതല കന്നുകാലി നോട്ടമായിരുന്നു. പന്ത് കളി, വെള്ളത്തില്‍ചാട്ടം തുടങ്ങിയവ വിനോദവും. പതിനെട്ടാം വയസില്‍ ചീമ്പാറയില്‍ പേരമ്മയാണ് കരിമണ്ണൂര്‍ അത്തിക്കല്‍ കുടുംബാംഗമായ പതിനഞ്ചുകാരി ഏലിയുമായി ആലോചന കൊണ്ടുവന്നത്. പെണ്ണു കാണല്‍ ഇല്ലാത്ത അക്കാലത്ത് തോമസ് ഏലിക്കുട്ടിയെ ആദ്യം കണ്ടത് ഒത്തുകല്യാണത്തിന്. കാല്‍നടയായി കരിമണ്ണൂര്‍ പള്ളിയിലെത്തി ഇരുവരും വിവാഹത്തിന് സമ്മതം മൂളി.

1932 ഫെബ്രുവരി 13ന് മുതലക്കോടം പള്ളിയില്‍ വച്ചായിരുന്നു മിന്നുകെട്ട്. ജീവിതത്തില്‍ ആദ്യമായി വെള്ളമുണ്ട് ഉടുത്തത് വിവാഹദിവസമായിരുന്നുവെന്ന് തൊമ്മന്‍ചേട്ടന്‍ ഓര്‍ക്കുന്നു. ചട്ടയും മുണ്ടുമായിരുന്നു വധുവിന്റെ വേഷം. സ്‌നേഹവും സഹനവും ഉണ്ടായാല്‍ മാത്രമേ വിജയകരമായ ദാമ്പത്യം ഉണ്ടാകുകയുള്ളുവെന്ന് ഈ ദമ്പതികള്‍ പറയുന്നു. സ്ത്രീയെ ബഹുമാനിക്കണം. ശാരീരികവും മാനസികവുമായി ഒരിക്കലും അവളെ ബുദ്ധിമുട്ടിക്കരുതെന്ന പക്ഷക്കാരനാണ് തൊമ്മന്‍ചേട്ടന്‍. പ്രിയതമ ഏലി നല്ല ഭാര്യയും നല്ല അമ്മയുമാണെന്ന് തൊമ്മന്‍ ചേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു ഈ ദാമ്പത്യവല്ലരിയില്‍ എട്ട് മക്കളാണുള്ളത്. 

ജോര്‍ജ്ജ് (റിട്ട. റവന്യൂ ഇന്‍സ്‌പെക്ടര്‍), ചിന്നമ്മ (റിട്ട. ടീച്ചര്‍), മേരി (റിട്ട. ബാങ്ക് ഉദ്യോഗസ്ഥ), ജോസ് (റിട്ട. ഡി.ഇ.റ്റി.), ബേബി (റിട്ട. ടീച്ചര്‍), അലോഷ്യസ് (കര്‍ഷകന്‍), ജെയിംസ് (വനം വകുപ്പ് ഉദ്യോഗസ്ഥന്‍), ഷാന്റി. മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം ജനുവരി 31ന് ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ് മക്കള്‍. രാവിലെ 8.30ന് മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ വി. കുര്‍ബാന, തുടര്‍ന്ന് വീട്ടില്‍ അനുമോദനയോഗവും സ്‌നേഹവിരുന്നും.

83 ആണ്ടിന്റെ ദാമ്പത്യ സൗഭാഗ്യവുമായി തോമസും ഏലിയും

83 ആണ്ടിന്റെ ദാമ്പത്യ സൗഭാഗ്യവുമായി തോമസും ഏലിയും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Idukki, Kerala, Old Age, 83-year marriage, Thomas and Ely, Happiness.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia