Analysis | ക്ഷേത്രപ്രവേശന വിളംബരത്തിന് 88 വർഷം; ആധുനിക കേരളത്തിന്റെ മാഗ്നാകർട്ട
● ജാതിവിവേചനത്തിനെതിരായ ഒരു വലിയ നാഴികക്കല്ലായിരുന്നു.
● ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് പുറപ്പെടുവിച്ചത്.
● ഉള്ളൂർ എസ് പരമേശ്വരയ്യർ വിളംബരം തയ്യാറാക്കി.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) ആധുനിക ലോകത്തെ മഹാത്ഭുതമെന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ചതും മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ എഴുതി തയ്യാറാക്കിയതുമായ തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരത്തിന് നവംബർ 12ന് 88 വർഷം പൂർത്തിയാകുന്നു. തൊട്ടുകൂടാത്തവർ തീണ്ടികൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ എന്ന് മഹാകവി കുമാരനാശാൻ പാടിയ തിരുവതാംകൂറിലെ അവർണ്ണ, ദളിത്, ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച ചരിത്ര വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്.
തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബർ 12നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിപ്പിക്കപ്പെടുന്നു. അധസ്ഥിത ജനവിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചു എന്ന് മാത്രമല്ല, അവരോടുള്ള സമീപനത്തിനും കാതലായ മാറ്റം വരുത്താനും അവരുടെ ഇടയിലെ സാമൂഹ്യ അനാചാരങ്ങൾക്ക് ഒരു പരിധിവരെ അറുതി വരുത്താനും ഈ വിളംബരം സഹായിച്ചിട്ടുണ്ട് എന്നത് നിസ്തർക്കമാണ്.
ആരാധന നടത്താൻ അമ്പലത്തിൽ പ്രവേശനമില്ലെന്ന് മാത്രമല്ല അമ്പലത്തിന്റെ ഏഴ് അയലത്ത് കൂടി നടക്കാൻ പോലും അനുവാദമില്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് കേരളത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഈ സാമൂഹ്യ വിപ്ലവം അരങ്ങേറിയത്. 1829-ൽ സതി നിരോധിച്ചശേഷം സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ നിലവിൽവന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരം ഗണിക്കപ്പെടുന്നുണ്ട്. ഹിന്ദുമതത്തിൽ നിലനിന്നിരുന്ന സാമൂഹിക ദുരാചാരങ്ങളിൽ ഒന്നായിരുന്നു അയിത്തം. ജാതീയമായി താഴേക്കിടയിലുള്ളവർക്ക് പൊതുസ്ഥലങ്ങളിലും മറ്റും പ്രവേശനം നിഷേധിച്ചിരുന്നതും ഈ അയിത്താചരണത്തിന്റെ ഭാഗമായാണ്.
ക്ഷേത്രപ്രവേശന വിളംബരത്തിനു വഴിതെളിച്ച മറ്റൊരു സംഭവമായിരുന്നു വൈക്കം സത്യാഗ്രഹം. ഈ സാമൂഹ്യ അനീതിക്കെതിരെയുള്ള ജാതിയുടെ അടിസ്ഥാനത്തിലുള്ള മനുഷ്യരോടുള്ള വിവേചനത്തിനെതിരെയുള്ള സാമൂഹ്യ പോരാട്ടം 1924ലെ വൈക്കം സത്യാഗ്രഹം മുതലാണ് തുടങ്ങിയത് എന്ന് പറയാം. ക്ഷേത്രങ്ങളിലേക്കുള്ള പൊതുവഴിയിൽ അവർണ്ണർക്കു സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചുകിട്ടാനായിരുന്നു ഈ സമരം.
സ്വാതന്ത്രസമര പോരാട്ട കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അയിത്തോച്ചടനം മുഖ്യ അജണ്ടയായി എടുത്ത കാക്കനാട് സമ്മേളനത്തിൽ ടി കെ മാധവൻ പ്രമേയം അവതരിപ്പിക്കുകയും കോൺഗ്രസ് അത് മുഖ്യ അജണ്ടയായി ഏറ്റെടുക്കുകയും കേരളത്തിൽ അതിന് ചുക്കാൻ പിടിക്കാൻ കോൺഗ്രസ് എസ്എൻഡിപി നേതാവായ ടി കെ മാധവനെ ചുമതലപ്പെടുത്തുകയും ആയിരുന്നു. മഹാത്മാഗാന്ധിയുടെ അനുഗ്രഹത്തോടെ പെരിയാർ രാമസ്വാമി നായ്ക്കർ അടക്കമുള്ള സാമൂഹ്യ വിപ്ലവകാരികളുടെ സാന്നിധ്യത്തോടെ ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിച്ചുകൊണ്ട് നടന്ന സമരം ക്ഷേത്രപ്രവേശനം എന്ന ലക്ഷ്യം പൂർത്തീകരിച്ചില്ലെങ്കിലും വഴി നടക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയുണ്ടായി.
മഹാത്മാ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സമരത്തിന്റെ ഫലമായി വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴി അവർണ്ണർക്കു തുറന്നുകൊടുത്തു. തിരുവതാംകൂറിലെ ജനങ്ങൾക്കിടയിൽ ക്ഷേത്രപ്രവേശനത്തിനനുകൂലമായ മനോഭാവം സൃഷ്ടിക്കുന്നതിൽ വൈക്കം സത്യാഗ്രഹം വഹിച്ച പങ്ക് ഏറെ നിർണായകമാണ്. 1932-ൽ ദിവാൻ സി പി രാമസ്വാമി അയ്യർ മുൻകൈ എടുത്ത് അധഃകൃത ജനങ്ങളുടെ ക്ഷേത്രപ്രവേശനത്തെപ്പറ്റി പഠിക്കാൻ ഉള്ളൂർ എസ് പരമേശ്വരയ്യർ, മഹാദേവ അയ്യർ, നമ്പി നീലകണ്ഠ ശർമ്മ തുടങ്ങിയവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാക്കുകയുണ്ടായി.
താഴ്ന്ന ജാതിഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നൽകേണ്ടതില്ല എന്നായിരുന്നു ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ജാതീയമായ ഉച്ചനീചത്വങ്ങളിൽ മനംമടുത്ത അവർണ ഹിന്ദുക്കൾ വ്യാപകമായി മതപരിവർത്തനത്തിനു തയ്യാറായതാണ് ക്ഷേത്രപ്രവേശനത്തിനനുകൂലമായ തീരുമാനമെടുക്കാനുണ്ടായ പ്രധാനമായ കാരണം എന്ന ഒരു വാദവും ഉണ്ട്. ഹിന്ദുമതം ഉപേക്ഷിച്ചുപോരാൻ ദളിതരോട് അക്കാലത്ത് അംബേദ്കർ ആഹ്വാനം ചെയ്തിരുന്നു.
തിരുവിതാംകൂറിലെ ജാതിവിരുദ്ധ സമരങ്ങൾക്ക് മിക്കപ്പോഴും പുരോഗമന ചിന്താഗതിക്കാരായ സവർണ ഹിന്ദുക്കളിൽനിന്നും പിന്തുണകിട്ടിയിരുന്നു. ടി.കെ. മാധവൻ നയിച്ച അയിത്തത്തിനെതിരായ സമരത്തിൽ മന്നത്ത് പത്മനാഭൻ, ചങ്ങനാശേരി പരമേശ്വരൻ പിള്ള തുടങ്ങിയ സവർണ നേതാക്കളുടെ പിന്തുണയും ഉറപ്പാക്കിയിരുന്നു. ശ്രീനാരായണഗുരുവിന്റെ അനുയായികൾ രൂപവത്കരിച്ച എസ്.എൻ.ഡി.പി. യോഗവും അയ്യൻകാളി സ്ഥാപിച്ച സാധുജന പരിപാലന സംഘവുമായിരുന്നു തിരുവിതാംകൂറിൽ അയിത്തോച്ചാടനത്തിനുവേണ്ടി മുറവിളികൂട്ടിയ സംഘടനകൾ. ഇവരുടെ നിലപാടുകൾക്ക് നമ്പൂതിരിമാരുടെ യോഗക്ഷേമസഭ, നായർ സർവീസ് സൊസൈറ്റി എന്നീ സവർണ്ണ ഹൈന്ദവ സംഘടനകളും പിന്തുണ നൽകിയതു ഗുണപരമായിത്തീർന്നു.
സാമൂഹ്യ അന്തരീക്ഷം അനുകൂലം ആയതിനാലും ജനപകാരപ്രദമായ തീരുമാനമെടുക്കേണ്ടത് അനിവാര്യമായതിനാലും ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് സിപി രാമസ്വാമി അയ്യരുടെ ശക്തമായ പിന്തുണയോടെ ക്ഷേത്രപ്രവേശന വിളംബരം എന്ന ലക്ഷ്യവുമായി മുന്നോട്ടുപോയി. ആയതിന്റെ ബാക്കി പത്രമാണ് ചരിത്രം സൃഷ്ടിച്ച തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം. 1936 ൽ തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനം അനുവദിച്ചെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം 1947 ൽ മാത്രമാണ് മലബാറിൽ അനുമതി ഉണ്ടായത്.
#Kerala #TempleEntry #SocialReform #India #History #SreeChithiraThirunal