ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്തും തൂങ്ങിമരിച്ചനിലയില്‍
Jul 23, 2021, 17:49 IST
കൊച്ചി: (www.kvartha.com 23.07.2021) കഴിഞ്ഞ ദിവസം ഫ് ളാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ട ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ സുഹൃത്തും ആത്മഹത്യ ചെയ്ത നിലയില്‍. വൈറ്റിലയിലെ വീട്ടിലാണ് അനന്യയുടെ പാര്‍ട്ണര്‍ ജിജു(32) വിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
അനന്യ മരിച്ച ദിവസം ജിജുവും വീട്ടില്‍ ഉണ്ടായിരുന്നു. ജിജു പുറത്തുപോയ സമയത്താണ് അനന്യ ആത്മഹത്യ ചെയ്തത്. അനന്യയുടെ മരണത്തെ തുടര്‍ന്ന് ജിജു വൈറ്റിലയിലെ സുഹൃത്തുക്കളുടെ വീട്ടിലേക്ക് മാറി. അവിടെ വച്ചാണ് ജിജുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണത്തെ തുടര്‍ന്ന് ജിജു മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
തിരുവനന്തപുരം ജഗതി ആറ്റുവരമ്പില്‍ ടിസി 16/991 സെല്‍വരാജിന്റെ മകനാണ് ജിജു. തിരുവനന്തപുരത്ത് നേരത്തെ ബ്യൂടി പാര്‍ലര്‍ നടത്തി വരികയായിരുന്നു. നാലു മാസം മുമ്പാണ് ഇയാള്‍ കൊച്ചിയിലേക്ക് വന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഇയാള്‍ അനന്യ കുമാരി അലക്‌സിനൊപ്പം ഇടപ്പള്ളിയിലെ ഫ് ളാറ്റിലാണ് താമസിച്ചിരുന്നത്. അനന്യയെ തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടതും ജിജു ആയിരുന്നു. അനന്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ജിജു പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ദുരൂഹസാഹചര്യത്തില്‍ മരണം ഉണ്ടായിരിക്കുന്നത്.
അനന്യയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ജിജു സുഹൃത്തിന്റെ വീട്ടിലെത്തിയത്. രാവിലെ വീട്ടിലുണ്ടായിരുന്നവര്‍ പുറത്ത് സാധനം വാങ്ങാന്‍ പോയ സമയത്താണ് ജിജു ആത്മഹത്യ ചെയ്തത്. അനന്യയുടെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ജിജു. അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളിയും മരിച്ചതോടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം രംഗത്തെത്തിയിട്ടുണ്ട്.
അനന്യ ആത്മഹത്യ ചെയ്തതാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോര്‍ടെം റിപോര്‍ടില്‍ പറയുന്നത്. കഴുത്തില്‍ കുരുക്കു മുറുകിയതിന്റെ പാടല്ലാതെ മറ്റ് പരിക്കുകളൊന്നും ഇല്ലായിരുന്നു. കളമശേരി മെഡികെല്‍ കോളജില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘമാണ് പോസ്റ്റുമോര്‍ടെം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രകിയയില്‍ പിഴവുണ്ടായോ എന്നറിയാന്‍ ചികിത്സാരേഖകള്‍ പരിശോധിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
Keywords: A friend of transgender activist Ananya was also hanged, Kochi, Hang Self, Friend, Police, Probe, Case, Dead Body, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.