Accident | മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റന്‍ ബാര്‍ജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു; 2 ജീവനക്കാര്‍ക്ക് പരുക്ക്
● ഉണ്ടായിരുന്നത് 5 ജീവനക്കാര്‍
● പുറത്തെത്തിച്ചത് വടംക്കെട്ടി
● പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു
തിരുവനന്തപുരം: (KVARTHA) മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റന്‍ ബാര്‍ജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു. ബാര്‍ജിനകത്തുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി. അഞ്ചുജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവരെ വടംക്കെട്ടിയാണ് പുറത്തെത്തിച്ചത്.
വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റന്‍ ബാര്‍ജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബാര്‍ജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരുക്കേറ്റു. സാബിര്‍ ഷൈക്ക്, സാദഅലിഗഞ്ചി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റ് ജീവനക്കാരായ ഹരിന്ദ്ര റോയ്, മിനാജുല്‍ ഷൈക്ക്, മനുവാര്‍ ഹുസൈന്‍ എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അഴിമുഖത്ത് നിന്നും നീക്കുന്ന മണല്‍ പുറംകടലില്‍ നിക്ഷേപിക്കുന്നതിനായി മാസങ്ങള്‍ക്ക് മുമ്പാണ് അദാനി ഗ്രൂപ്പ് ബാര്‍ജ് മുതലപ്പൊഴിയില്‍ എത്തിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മണല്‍ നീക്കം നിലച്ചു. ഇതോടെയാണ് ബാര്‍ജ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. കുടുങ്ങി കിടക്കുന്ന ബാര്‍ജിനെ വേലിയേറ്റ സമയത്ത് കടലിലേക്ക് നീക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.
#Muthalapozhi #BargeCrash #PulimuttuAccident #SeaRescue #KeralaNews #AdaniGroup