Hotel Food | കിട്ടാത്ത അച്ചാറിന് വേണ്ടി കേസ് കൊടുത്ത് നഷ്ടപരിഹാരം മേടിച്ചെടുത്ത ആരോഗ്യ സ്വാമി കൊള്ളാം; ഒരു പപ്പടത്തിന് വേണ്ടി അടികൂട്ടിയ നമ്മളും ഒട്ടും പുറകിലല്ല

 
Hotel Food
Hotel Food

Image Credit: Representational Image Generated by Meta AI

പരിഹസിക്കപ്പെട്ടവരാണ് എന്നും  വിജയികളായിട്ടുള്ളത്. ആ വിധിയിലേക്ക് എത്തിയ വഴി കൂടി ചിന്തിക്കണം. ഒരു ദിവസം കൊണ്ട് ഉണ്ടായ വിധിയല്ല

ഡോണൽ മുവാറ്റുപുഴ 

(KVARTHA) ഇത്രയ്ക്ക് അധഃപതിച്ച വ്യവസ്ഥ ഒരുപക്ഷെ മോദി പറഞ്ഞ സോമാലിയയിൽ പോലുമില്ല. ഈ വാർത്തയുടെ ലിങ്ക് തുറക്കുന്നതിന് മുമ്പ് കണ്ണടച്ച് പ്രാർത്ഥിച്ചു. ഇവിടുത്തെ ഒരു പ്രത്യേക ജില്ലയിൽ ആവല്ലേ എന്ന്, ദൈവം കാത്തു, ചെന്നൈയിൽ ആണ് ഇത്രയും രസകരമായ സംഭവം നടന്നത്. ഇത് ഡിഎംകെ ഭരിക്കുന്ന തമിഴ് നാട്ടിൽ നടന്ന സംഭവം. ഒരു പപ്പടത്തിനു വേണ്ടി അടികൂട്ടിയ നാടാണ് കേരളം.  ഇത് കേൾക്കുമ്പോൾ ചിരിയും പുച്ഛവും ആണ് തോന്നുന്നത്. കിട്ടാത്ത അച്ചാറിനു വേണ്ടി കേസ് കൊടുത്തു നഷ്ടപരിഹാരം മേടിച്ചെടുത്ത ആരോഗ്യ സ്വാമി കൊള്ളാല്ലോ. 

Hotel Food

പാഴ്‌സലായി നല്‍കിയ ഊണില്‍ അച്ചാര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് റസ്റ്ററന്റ് ഉടമ നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്നത് വലിയ തുക എന്നാണ് പുറത്തുവരുന്ന വാർത്ത. 35,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടത്. 80 രൂപയുടെ 25 ഊൺ പാഴ്‌സല്‍ വാങ്ങിയ ആളിനാണ് അച്ചാര്‍ ലഭിക്കാതെ പോയത്. വിഴുപുരത്തുള്ള റെസ്റ്റോറന്റിൽ നിന്ന് രണ്ട് വര്‍ഷം മുമ്പ് പാഴ്‌സല്‍ വാങ്ങിയ ആരോഗ്യസ്വാമിയാണ് പരാതി നല്‍കിയത്. ബന്ധുവിന്റെ  ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ആരോഗ്യസ്വാമി 2022 നവംബര്‍ 27ന് 25 ഊണ് നല്‍കിയത്. അതില്‍ അച്ചാറുണ്ടായിരുന്നു. 

അടുത്ത ദിവസം ഇതേ റെസ്റ്ററന്റില്‍ നിന്ന് 25 ഊണ് തന്നെ വാങ്ങി. എന്നാല്‍ അതില്‍ അച്ചാറുണ്ടായിരുന്നില്ല. ഇതേ കുറിച്ച് ചോദിച്ച്  ഉടമയായി തര്‍ക്കത്തിലായി. ഒരു ഊണിന്റെ അച്ചാറിന് ഒരു രൂപ എന്ന കണക്കില്‍ 25 രൂപ തനിക്ക് തിരിച്ച് നല്‍കണമെന്നാണ് ആരോഗ്യ സ്വാമി ആവശ്യപ്പെട്ടത്. ഈ ആവശ്യം നിരസിക്കപ്പെട്ടതോടെ ആരോഗ്യസ്വാമി വിഴുപുരം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. ആരോഗ്യസ്വാമി നേരിട്ട മാനസിക ബുദ്ധിമുട്ട് പരിഗണിച്ച് 30,000 രൂപയും നിയമ ചിലവിനായി 5000 രൂപയും അച്ചാറിന്റെ വിലയായി 25 രൂപയും നല്‍കാനാണ് ഉത്തരവില്‍ പറയുന്നത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പണം നല്‍കണമെന്നും വീഴ്ച വരുത്തിയാല്‍ മാസം ഒന്‍പത് ശതമാനം പലിശ നല്‍കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. 

അച്ചാർ ഇല്ലാത്തതിന് ഒരു ഊണിനു ഒരു രൂപ വെച്ച് 25 രൂപ മടക്കി തരണമെന്ന് നേരിട്ട് ആവശ്യപ്പെട്ടപ്പോൾ തരില്ല എന്ന് പറഞ്ഞു, അയാൾ നേരെ ഉപഭോക്തൃ കോടതിയിൽ പോയി 35000 രൂപ നഷ്ടപരിഹാരം വാങ്ങുകയും ചെയ്തു. മാന്യമായ രീതിയിൽ, വെറും.25 രൂപ തിരിച്ചു തരണം എന്ന് പറഞ്ഞപ്പോൾ അതിനെ പുച്ഛത്തോടെ കണ്ടതിൻ്റെ ഫലം. ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ. ഉത്തരവാദിത്തിന്റെ കുറവിനാണ് പിഴ.  എല്ലാം നിസ്സാരമല്ല. ചില കച്ചവടക്കാർക്ക് ഉപഭോക്താക്കളോട് ഒരു പുച്ഛം ഉണ്ട്, സത്യത്തിൽ അവരുള്ളതുകൊണ്ടാണ് കച്ചവടം ഉണ്ടാകുന്നത് എന്ന് ഓർമ്മ പോലും ഇല്ലാത്തവർ. പരിഗണനയാണ് വിജയം. അവഗണന പരിഹാസമാണ്. ഏറ്റവും വലിയ മോട്ടിവേഷൻ അതാണ്.  

പരിഹസിക്കപ്പെട്ടവരാണ് എന്നും  വിജയികളായിട്ടുള്ളത്. ആ വിധിയിലേക്ക് എത്തിയ വഴി കൂടി ചിന്തിക്കണം. ഒരു ദിവസം കൊണ്ട് ഉണ്ടായ വിധിയല്ല. ഹോട്ടല്‍ ഉടമക്ക് വക്കീല്‍ നോട്ടീസ് അയച്ചപ്പോൾ മുതല്‍ മാന്യമായ സെറ്റിൽമെൻ്റ് ഉണ്ടാക്കാൻ അവസരം ഉണ്ടായിരുന്നു. അവിടെയെല്ലാം വാശിയുടെ, അഹങ്കാരത്തിന്റെ പുറത്ത് തെറ്റ് സമ്മതിക്കാന്‍ തയ്യാറാകാതെ ചോദിച്ചു വാങ്ങിയ വിധിയാണ് ഇത്. അനുഭവിക്കുക തന്നെ. അല്ലെങ്കിൽ 50000 വക്കീല്‍ ഫീസ് കൊടുത്ത് ഉയര്‍ന്ന കോടതിയിൽ പോകാം. ആളുകളെ പറ്റിക്കുന്നവർക്ക് ഇങ്ങനെ തന്നെ വേണം, അതും തമിഴ് നാട്ടിൽ, അവിടത്തുകാർ അച്ചാർ ഇല്ലാതെ ഊണ് കഴിക്കില്ല എന്നതാണ് സത്യം. 

കോടതിക്ക് ഒരു ഊണിൽ എന്തൊക്കെ വേണമെന്ന് നിബന്ധന വെക്കാമായിരുന്നു. ഇനിയും ഇതുപോലെ ആളുകൾ കേസിന് പോകും. കോടതി ഇതുപോലെ വിധിയും പറയും. ഇനിയിപ്പോ ഊണ് കഴിക്കാൻ വരുന്നവരിൽ നിന്നും ഹോസ്പിറ്റലുകാർ ഓപ്പറേഷനു  മുമ്പ് എഴുതി വാങ്ങിക്കുന്നത് പോലെ ഒരു സമ്മതപത്രം എഴുതി വാങ്ങിക്കേണ്ടി വരും. പണ്ട് ഒരു കിലോ അരിയുടെ വില എന്ന് കണക്കാക്കി ആയിരുന്നു ഹോട്ടലുകളിൽ  വില ഈടാക്കിയിരുന്നത് എങ്കിൽ ഇന്ന് അതെല്ലാം പഴങ്കഥയായി. ഊണിന്റെ കൂടെ നൽകിയിരുന്ന കറികൾ പലതും അപ്രത്യക്ഷമായി. അവിയൽ സാദാരണ ഒരു ഹോട്ടലുകളിലും ഇല്ല. 

ഇതുപോലെ ഇപ്പോൾ നാട്ടിൽ നടക്കുന്ന ഒരു സംഭവം ആണ് നെയ് വടയുടെ കാര്യം. നെയ് വട എന്ന് പറഞ്ഞു വർഷങ്ങൾ ആയി ഹോട്ടൽ ഉടമകൾ നൽകിവരുന്നത് പാമോയിലിൽ പൊരിച്ചെടുക്കുന്ന വടയാണ്. ഇതും പലരും ശ്രദ്ധയിൽപ്പെടുത്തുന്നത് കാണാറുണ്ട്. വില നിയന്ത്രണത്തിൽ സർക്കാർ ഇടപെടലുകൾ കാര്യക്ഷമമാക്കുകയും ഹോട്ടലുകൾക്ക് ക്ലാസിഫിക്കേഷൻ നിർബന്ധമാക്കുകയും ചെയ്തില്ലെങ്കിൽ പ്രശ്നങ്ങൾ ഈ മേഖലയിൽ കൂടുകയേയുള്ളൂ. എന്തായാലും ഒരു കാര്യം സത്യം. ഇതൊക്കെ ഇപ്പോൾ സർവസാധാരണമാണ്. പപ്പടം ഇല്ല, തോരൻ കഴിഞ്ഞു കൂട്ടുകറി ആവുന്നേ ഉള്ളു എന്നൊക്കെ. ആരും ആരെയും നന്നാക്കാനല്ലല്ലോ. അങ്ങനെ സമാധാനിക്കാം.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia