ഓട്ടോ റിക്ഷ കുഴിയില്‍ ചാടിച്ച് ഗര്‍ഭം അലസിപ്പിച്ചതായി യുവതി

 



ഓട്ടോ റിക്ഷ കുഴിയില്‍ ചാടിച്ച് ഗര്‍ഭം അലസിപ്പിച്ചതായി യുവതി
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും വാടകയ്‌ക്കെടുത്ത ഓട്ടോ റിക്ഷയില്‍ ഗര്‍ഭിണിയായ യുവതിയെ കയറ്റി ഓട്ടോ കുഴിയില്‍ ചാടിച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തുവെന്ന ഹരജിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി.

പള്ളിക്കര കല്ലിങ്കാലിലെ മുബീന(21) നല്‍കിയ ഹരജിയില്‍ ഭര്‍ത്താവ് തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ ഷജീര്‍(25), മാതാവ് കുല്‍സു(45), അമ്മാവന്‍ ഹാരിസ്(35) എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മിജസ്‌ട്രേറ്റ്(രണ്ട്) കോടതി ബേക്കല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.

2011 മാര്‍ച് 17 നാണ് മുബീനയെ സജീര്‍ വിവാഹം ചെയ്തത്. വിവാഹ വേളയില്‍ മുബീനയുടെ വീട്ടുകാര്‍ സജീറിന് രണ്ട് ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണവും പണവും സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ട് ഷജീറും മാതാവും അമ്മാവനും മുബീനയെ പീഡിപ്പിക്കുകയായിരുന്നു.

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ മുബീനയെ ഭര്‍ത്താവും വീട്ടുകാരും പരിഹസിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ തരംതാഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. മുബീന ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും യുവതി വഴങ്ങിയില്ല.

ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ഓട്ടോ വാടകയ്ക്ക് വാങ്ങി അതില്‍ യുവതിയെയും കയറ്റി ഓടിച്ച് പോകുകയായിരുന്നു.

ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ഷജീര്‍ ബോധപൂര്‍വ്വം ഓട്ടോ റിക്ഷ കുലുക്കിയോടിക്കുകയും റോഡിലെ കുഴിയില്‍ തലങ്ങും വിലങ്ങും ചാടിക്കുകയും ചെയ്തുവെന്നും ഇതേ തുടര്‍ന്ന് ഗര്‍ഭം അലസിപ്പോയെന്നും മുബീന കോടതിയില്‍ നല്‍കിയ ഹരജിയില്‍ ബോധിപ്പിച്ചു. ഹരജി സ്വീകരിച്ച കോടതി ഷജീറിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

Keywords:  Auto-rickshaw, Kanhangad, Abortion, Women, Husband, Case, Kanhangad, Kasaragod, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia