ഡി ജി പിയുടെ എതിര്‍പ്പ് അവഗണിച്ച് ക്രിമിനല്‍ കേസ് പ്രതിയെ എസ് ഐ ആയി നിയമിച്ച നടപടി വിവാദത്തില്‍

 


തിരുവനന്തപുരം: (www.kvartha.com 10.11.2014) പോലീസ് മേധാവിയുടെ എതിര്‍പ്പ് അവഗണിച്ച് ക്രിമിനല്‍ കേസിലെ പ്രതിക്ക് എസ്‌ഐ നിയമനം നല്‍കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയ സംഭവം വിവാദത്തില്‍.

ക്രിമിനല്‍ കേസില്‍ പ്രതിയായ എസ് സുരേഷ് കുമാറിനെയാണ് എസ് ഐ ആയി നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയത്. പോലീസ് സേന ക്രിമിനല്‍ വിമുക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു പറയുമ്പോഴാണ് ക്രിമിനല്‍ കേസിലെ പ്രതിക്ക് പോലീസില്‍ നിയമനം നല്‍കിയിരിക്കുന്നത് . സംഭവം വലിയ വിവാദമായിരിക്കുകയാണ്.

വീടിനുള്ളില്‍ അതിക്രമിച്ചുകടന്ന് സ്ത്രീകളോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത കേസില്‍ പാറശാല പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ പ്രതിയാണ്  എസ് സുരേഷ് കുമാര്‍. ഇയാള്‍ റാങ്ക് പട്ടിയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാല്‍ നിയമനം നല്‍കിയിരുന്നില്ല.

ഇതിനെ അഡ്മിനിസ്‌ട്രേറ്റില്‍ ട്രിബ്യൂണലില്‍ സുരേഷ് ചോദ്യം ചെയ്യുകയുണ്ടായി. തുടര്‍ന്ന് സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ ശരിയായ പരിശോധന നടത്തിയശേഷം തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതേതുടര്‍ന്നാണ്   കേസില്‍  പ്രതിയാണെങ്കിലും ഇപ്പോള്‍ നല്ല നടപ്പിലായതിനാല്‍ നിയമനം നല്‍കാമെന്ന് കാട്ടി  സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

എന്നാല്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ഡിജിപി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. സുരേഷിന്റെ നിയമനം സേനയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് കാട്ടിയാണ് ഡിജിപി കത്തെഴുതിയത്. ക്രിമിനല്‍ കേസിലെ പ്രതികളെ കേസില്‍ നിന്നും ഒഴിവാക്കിയാലും  സേനയില്‍ എടുക്കണമെങ്കില്‍ പ്രത്യേക പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവും ഡിജിപി കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് ഇപ്പോള്‍ നെയ്യാറ്റിന്‍കര കോടതിയുടെ പരിഗണനയിലാണ്.

മാത്രമല്ല ക്രിമിനല്‍  കേസില്‍ പ്രതികളായ ചിലര്‍ കോടതി ഉത്തരവുമായി സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുന്നുണ്ട്. സുരേഷിന് സര്‍ക്കാര്‍ നിയമനം നല്‍കുന്നതോടെ മറ്റുള്ളവരുടെ കാര്യത്തിലും ഇതുബാധകമാകും. സേനയെ ക്രമിനല്‍ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവ് തിരിച്ചടിയാകുമെന്നാണ് ഡിജിപിയുടെ വാദം.

എന്നാല്‍ ഡിജിപിയുടെ കത്തിന് സര്‍ക്കാര്‍ പുല്ലുവില നല്‍കി അവഗണിച്ച് വീണ്ടും ക്രിമിനല്‍ കേസിലെ പ്രതിക്കു വേണ്ടി  പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.  ക്രിമിനല്‍ വിമുക്തമായ  പോലീസ് എന്ന ആശയം പ്രസംഗത്തില്‍ മാത്രമേയുള്ളൂവെന്ന്  തെളിയിക്കുന്നതാണ് ആഭ്യന്തരവകുപ്പിന്റെ തലപ്പത്തുള്ളവരുടെ  പ്രവര്‍ത്തിവ്യക്തമാക്കുന്നത്.
ഡി ജി പിയുടെ എതിര്‍പ്പ് അവഗണിച്ച്  ക്രിമിനല്‍ കേസ് പ്രതിയെ എസ് ഐ ആയി നിയമിച്ച നടപടി വിവാദത്തില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Thiruvananthapuram, Police, Criminal Case, Criticism, Letter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia