Granted Bail | മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു
● അറസ്റ്റ് ചെയ്തത് തിങ്കളാഴ്ച പുലര്‍ച്ചെ
● വിനയായത് മുന്‍ ഭാര്യയെ കുറിച്ചും മകളെ കുറിച്ചുമുള്ള പോസ്റ്റ്
കൊച്ചി: (KVARTHA) മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പരാതിക്കാരിയെ കുറിച്ചും മകളെ കുറിച്ചും പ്രചാരണങ്ങള്‍ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് നടന്‍ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുന്‍ പങ്കാളിയുമായുള്ള കരാര്‍ ലംഘിച്ചതിന് ഐപിസി 406, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്.
അടുത്തിടെ കുടുംബപ്രശ്‌നങ്ങളില്‍ ചില പ്രതികരണങ്ങള്‍ ബാലയും മുന്‍ ഭാര്യയും സമൂഹമാധ്യമങ്ങലിലൂടെ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളും സമൂഹമാധ്യമത്തില്‍ ബാല നടത്തിയിരുന്നു. ഇതിനെതിരെയാണ് പരാതി നല്‍കിയത്. കേസില്‍ ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
#BalaArrest #KeralaActor #ExWifeComplaint #BailGranted #MalayalamCinema #CourtNews