Jayasurya | മന്ത്രിമാര്‍ വേദിയിലിരിക്കെ കര്‍ഷക പ്രശ്‌നങ്ങള്‍ തുറന്നടിച്ച് സംസ്ഥാന സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജയസൂര്യ; സമൂഹമാധ്യമങ്ങളില്‍ വൈറലായി കളമശേരി കാര്‍ഷികോത്സവ വേദിയിലെ നടന്റെ പ്രസംഗം; പിന്നാലെ താരത്തിന്റെ വീട്ടില്‍ ഉടന്‍ സ്ഥലം അളക്കാന്‍ ആളെത്തുമെന്ന് ഗവണ്‍മെന്റിന്റെ പരിഹസിച്ച് പ്രതിപക്ഷം

 


കളമശേരി: (www.kvartha.com) മന്ത്രിമാര്‍ വേദിയിലിരിക്കെ കര്‍ഷക പ്രശ്‌നങ്ങള്‍ തുറന്നടിച്ച് സംസ്ഥാന സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്ര താരം ജയസൂര്യ. കൃഷി മന്ത്രി പി പ്രസാദ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവര്‍ വേദിയിലിരിക്കെയാണ് താരം വിമര്‍ശന പ്രസംഗം നടത്തിയത്. 

ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണു തന്നെക്കൊണ്ട് ഇതു പറയിപ്പിച്ചതെന്നും ജയസൂര്യ വ്യക്തമാക്കി. നെല്ല് കൊടുത്തിട്ടും സപ്ലൈകോ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ ദുരനുഭവങ്ങള്‍ വിവരിച്ചാണ് ജയസൂര്യ സര്‍കാരിനെതിരെ ആഞ്ഞടിച്ചത്. 

കൃഷിക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചെറിയ പ്രശ്‌നങ്ങളല്ല. പ്രസാദ് അവര്‍കള്‍ മന്ത്രിയായതുകൊണ്ട് ചില കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ചെവിയിലെത്താന്‍ വല്ലാതെ വൈകും. ഒരു സിനിമ പരാജയപ്പെട്ടാല്‍ ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകനായിരിക്കുമെന്ന് തമാശയ്ക്കു പറയാറുണ്ട്. ഇവിടെ സംസാരിക്കുന്നത് നടന്‍ ജയസൂര്യയല്ല. ഒരു സാധാരണക്കാരനായ വ്യക്തിയാണ് അങ്ങയെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.

എന്റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് നടന്‍ കൂടിയായ അദ്ദേഹത്തിന്റെ പേര്. അദ്ദേഹം കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്. 56 മാസമായി നെല്ലു കൊണ്ടുപോയി കൊടുത്തിട്ട് അദ്ദേഹത്തിന് ഇതുവരെ സപ്ലൈക്കോയില്‍നിന്ന് പൈസ കിട്ടിയിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസമിരിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ, നമ്മുടെ കൃഷിക്കാര്‍ അവരുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ തിരുവോണ ദിവസം പട്ടിണി ഇരിക്കുകയാണ്. എന്തുകൊണ്ടാണ് ഉപവാസമിരിക്കുന്നത് എന്ന് അറിയാമോ? കാര്യങ്ങള്‍ നടത്തിയെടുക്കാനല്ല, അധികാരികളുടെ ശ്രദ്ധയിലേക്ക് ഇതൊന്ന് എത്തിക്കാനായിട്ടാണ് അര്‍ കഷ്ടപ്പെടുന്നത്. അതുകൊണ്ട് അവര്‍ക്കു വേണ്ടിയാണ് ഞാന്‍ ഇക്കാര്യം സംസാരിക്കുന്നത്. ഒരിക്കലും വേറൊരു രീതിയില്‍ ഇതിനെ കാണരുത്. 

അവര്‍ക്ക് അത് പറയാന്‍ ഇവിടെ അവസരം കിട്ടണമെന്നില്ല. അതുകൊണ്ട് അവരുടെ പ്രതിനിധിയായി ഞാന്‍ അത് ഇവിടെ പറയുകയാണ്. പുതിയ തലമുറയിലുള്ള ചെറുപ്പക്കാര്‍ക്ക് ഷര്‍ട്ടില്‍ ചെളി പുരളുന്നതൊന്നും താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് എങ്ങനെയാണ് സര്‍, ഇതിലേക്ക് വീണ്ടും ഒരു തലമുറ കൂടി വരുന്നത്? ഒരിക്കലും വരില്ല. കാരണം, കൃഷിക്കാരെന്ന നിലയില്‍ എല്ലാം നല്ല രീതിയില്‍ നടന്നുപോകുന്ന അച്ഛനെയും അമ്മയെയും അഭിമാനത്തോടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കിലല്ലേ പുതിയ തലമുറ ഇതിലേക്കു വരൂ. അതുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയൊരു നടപടിയുണ്ടാകണം എന്നാണ് എന്റെ അഭ്യര്‍ഥന.

ഞാന്‍ പാലക്കാട് ഒരു അരിമില്ലില്‍ പോയപ്പോള്‍, അരിയുടെ ഒരു ബ്രാന്‍ഡ് കണ്ടു. നമ്മുടെ നാട്ടില്‍ കാണാത്ത ഒന്ന്. മില്ലിന്റെ ഉടമയോട് ഇത് ഏത് ബ്രാന്‍ഡാണ് എന്ന് അന്വേഷിച്ചു. അത് ഇവിടെ വില്‍ക്കാനല്ലെന്നും, ഫസ്റ്റ് ക്വാളിറ്റിയെന്ന നിലയില്‍ പുറത്തേക്ക് കയറ്റി അയയ്ക്കാനുള്ളതാണെന്നുമായിരുന്നു മറുപടി. അതെന്താ കേരളത്തിലുള്ള നമുക്കാര്‍ക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതയില്ലേ? നമ്മള്‍ പൈസ കൊടുത്ത് അത് വാങ്ങില്ലേ? ഇവിടെ ക്വാളിറ്റി ചെക്കിങ് ഇല്ല എന്നാണ് അയാള്‍ പറഞ്ഞത്. ഇവിടെ എന്തുകൊടുത്താലും പ്രത്യേകിച്ച് പരിശോധനയൊന്നുമില്ലാതെ വിടുമെന്ന് അയാള്‍ പറഞ്ഞു. ഇങ്ങനെയുള്ള വിഷപ്പച്ചക്കറികളും സെക്കന്‍ഡ് ക്വാളിറ്റി, തേഡ് ക്വാളിറ്റി അരിയും കഴിക്കേണ്ട ഗതികേടിലാണ് നമ്മള്‍ എന്ന് താരം പറയുന്നു. കളമശേരി കാര്‍ഷികോത്സവ വേദിയിലെ നടന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അതേസമയം, ജയസൂര്യയുടെ വീട്ടില്‍ ഉടന്‍ സ്ഥലം അളക്കാന്‍ ആളെത്തുമെന്ന് ചൂണ്ടിക്കാട്ടി സര്‍കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. 'സ്ഥലം അളക്കണ്ടേല്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണ'മെന്ന് യൂത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും 'ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാന്‍ തീരുമാനിച്ചിട്ടുണ്ട്' എന്ന് വി ടി ബല്‍റാമും ഫേസ്ബുകില്‍ കുറിച്ചു.

 

Jayasurya | മന്ത്രിമാര്‍ വേദിയിലിരിക്കെ കര്‍ഷക പ്രശ്‌നങ്ങള്‍ തുറന്നടിച്ച് സംസ്ഥാന സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജയസൂര്യ; സമൂഹമാധ്യമങ്ങളില്‍ വൈറലായി കളമശേരി കാര്‍ഷികോത്സവ വേദിയിലെ നടന്റെ പ്രസംഗം; പിന്നാലെ താരത്തിന്റെ വീട്ടില്‍ ഉടന്‍ സ്ഥലം അളക്കാന്‍ ആളെത്തുമെന്ന് ഗവണ്‍മെന്റിന്റെ പരിഹസിച്ച് പ്രതിപക്ഷം


Keywords:  News, Kerala, Kerala-News, News-Malayalam, Kerala News, Actor Jayasurya, Criticism, Kerala Government, Ministers, Speech, Actor Jayasurya Criticises Kerala Government Infront Of Ministers, Speech Goes Viral.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia