Granted bail | അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടന് ശ്രീനാഥ് ഭാസിക്ക് ജാമ്യം
Sep 26, 2022, 20:03 IST
കൊച്ചി: (www.kvartha.com) അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടന് ശ്രീനാഥ് ഭാസിക്ക് ജാമ്യം. സ്റ്റേഷന് ജാമ്യത്തിലാണ് നടനെ മരട് പൊലീസ് വിട്ടയച്ചത്. അന്വേഷണം നടക്കുന്നതിനാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയശേഷം ശ്രീനാഥ് ഭാസി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. മൂന്നര മണിക്കൂറോളമാണ് നടനെ ചോദ്യം ചെയ്തത്.
ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഹോടെലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും.
'ചട്ടമ്പി' എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയാണ് അവതാരകയോട് ശ്രീനാഥ് ഭാസി മോശമായി പെരുമാറിയത് എന്നാണ് പരാതി. ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നല്കിയ പരാതിയില്‍ പറയുന്നത്. യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും മോശമായ ഭാഷയില്‍ നടന് സംസാരിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
'എന്റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യന് എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല', എന്നാണ് ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. ഒരു റേഡിയോ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അതേസമയം, പരാതിയില്‍ പറയും പോലെ മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ അത് അംഗീകരിക്കില്ലെന്ന് ചട്ടമ്പി സിനിമയുടെ സംവിധായകന് അഭിലാഷ് എസ് കുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ തന്റെ സിനിമയെ മോശമാക്കാന്‍ മന:പൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകന് വിശദീകരിച്ചിരുന്നു.
Keywords: Actor Sreenath Bhasi granted bail, Kochi, News, Bail, Police, Arrested, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.