Actor Suresh Gopi | കോടിയേരിയെ ആശുപത്രിയിലെത്തി കാണാന്‍ ആഗ്രഹിച്ചിരുന്നു, സാധിച്ചില്ല; ആ വേദന ബാക്കിനില്‍ക്കുന്നുവെന്ന് നടന്‍ സുരേഷ് ഗോപി

 


കൊല്ലം: (www.kvartha.com) അന്തരിച്ച മുന്‍ മന്ത്രിയും സി പി എം സംസ്ഥാന സെക്രടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് നടന്‍ സുരേഷ് ഗോപി. ഫേസ്ബുകില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം കോടിയേരി ബാലകൃഷ്ണനെ പറ്റി പറഞ്ഞത്.

ചെന്നൈയില്‍ പോയി അദ്ദേഹത്തെ കാണുവാനുള്ള ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല എന്ന വേദന ബാക്കിനില്‍ക്കുന്നു. കേരളത്തിലെ അടിത്തട്ട് പൊലീസ് സംവിധാനത്തില്‍ വളരെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരിയെന്നും താരം പറഞ്ഞു.

Actor Suresh Gopi | കോടിയേരിയെ ആശുപത്രിയിലെത്തി കാണാന്‍ ആഗ്രഹിച്ചിരുന്നു, സാധിച്ചില്ല; ആ വേദന ബാക്കിനില്‍ക്കുന്നുവെന്ന് നടന്‍ സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ വാക്കുകള്‍:

പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം ഇനി നമ്മളോടൊപ്പം ഇല്ല. കേരളത്തിലെ പൊലീസ് സംവിധാനത്തില്‍, കേരളത്തിലെ അടിത്തട്ട് പൊലീസ് സംവിധാനത്തില്‍ വളരെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പൂര്‍വ ആഭ്യന്തര മന്ത്രി എന്ന നിലയ്ക്കും നിരവധി തവണ എംഎല്‍എ ആയി നിയമസഭയില്‍ എത്തിയ ജനപ്രതിനിധി എന്ന നിലയ്ക്കും ആ പാര്‍ടിക്ക് ഗുണകരമായി പ്രവര്‍ത്തിക്കുകയും ചെയ്ത പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു അദ്ദേഹം.

ഏതാണ്ട് 25 വര്‍ഷമായി അദ്ദേഹവുമായി കാത്തുസൂക്ഷിച്ചു പോകുന്ന, തീര്‍ത്തും വ്യക്തിപരമായ ബന്ധത്തില്‍ നിന്ന് ഞാന്‍ മനസിലാക്കിയിട്ടുള്ളത് ഒരു സരസനായ മനുഷ്യനാണ് അദ്ദേഹം എന്നാണ്. ഒരു ജ്യേഷ്ഠ സഹോദരന്‍. എന്റെ സുഹൃത്തുക്കള്‍ കൂടിയായ അദ്ദേഹത്തിന്റെ മക്കള്‍, സഹധര്‍മിണി ഇവരുടെയെല്ലാം വേദനയില്‍ പങ്കുചേരുവാനും അതുപോലെ തന്നെ മലയാളി സമൂഹത്തില്‍ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന തലത്തില്‍ നിന്നുകൊണ്ട് മലയാളികളുടെ വേദനയിലും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍, വ്യക്തിത്വത്തിന് മുമ്പില്‍ കണ്ണീരാഞ്ജലി ചെലുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പത്ത് ദിവസം മുമ്പ് ചെന്നൈയില്‍ ചെന്നപ്പോഴും അദ്ദേഹത്തെ ആശുപത്രിയിലെത്തി കാണാനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ ബിനോയി തന്നെ പറഞ്ഞത് ഡോക്ടര്‍മാര്‍ അതിന് അനുവദിക്കുന്നില്ല എന്നാണ്. അദ്ദേഹത്തെ ഒന്ന് കാണണം എന്നുണ്ടായിരുന്നു. ആ ആത്മാര്‍ഥമായ ആഗ്രഹം നടന്നില്ല. അതും ഇപ്പോള്‍ ഒരു വേദനയായി നില്‍ക്കുന്നു. എല്ലാം കൂടി ഉള്‍ക്കൊണ്ടുകൊണ്ടിരിക്കുന്ന നിമിഷത്തില്‍ ആഘോഷത്തിലൊന്നും പങ്കുചേരാനുള്ള മാനസികാവസ്ഥയില്‍ അല്ല എന്നും താരം പറഞ്ഞു.

 

Keywords: Actor Suresh Gopi remembering Kodiyeri Balakrishnan, Kollam, News, Politics, Kodiyeri Balakrishnan, Dead, Suresh Gopi, Facebook, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia