നടിയെ ആക്രമിച്ച കേസ്; ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരായി ദിലീപ്

 



കൊച്ചി: (www.kvartha.com 28.03.2022) നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി ദിലീപ്. രാവിലെ 11.30 നാണ് ആലുവ പൊലീസ് ക്ലബില്‍ ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. 

കഴിഞ്ഞ വ്യാഴാഴ്ച കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ദിലീപിന് നോടീസ് നല്‍കിയിരുന്നു. എന്നാല്‍, ദിലീപ് അസൗകര്യം അറിയിച്ചതോടെ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 

രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈം ബ്രാഞ്ച് തയാറാക്കിയിരിക്കുന്നത്. 

ദിലീപിന്റെ ഫോണിലെ ഫൊറെന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്. ഫോറന്‍സിക് റിപോര്‍ടുകള്‍, കൂടുതല്‍ പേരുടെ മൊഴികള്‍, രണ്ടുമാസത്തെ തുടരന്വേഷണത്തിലെ പുതിയ കണ്ടെത്തലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ദിലീപ് നേരിടേണ്ടി വരിക.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസില്‍ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നതിനാല്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയക്കുക എന്നതാകും നടപടി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയോ, മുഖ്യപ്രതിയുമായുളള ദിലീപിന്റെ അടുപ്പം സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടക്കമുളളവര്‍ നല്‍കിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങള്‍ എന്നിവയെല്ലാമാണ് ദിലീപില്‍ നിന്ന് ചോദിച്ചറിയുക. 

ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച വിവരങ്ങളില്‍ വിചാരണ കോടതി രേഖകളുമുണ്ടെന്ന് ഹാകറുടെ മൊഴി പുറത്ത് വന്നിരുന്നു. ഒരിക്കലും പുറത്തുപോകാന്‍ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകന്‍ പറഞ്ഞെന്നാണ് ഹാകര്‍ സായ് ശങ്കറിന്റെ മൊഴി. കോടതി രേഖകളില്‍ ചിലത് സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റെ ഫോണില്‍ വിചാരണ കോടതി രേഖ അയച്ചതാരെന്നതില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.

നടിയെ ആക്രമിച്ച കേസ്; ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരായി ദിലീപ്


അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ദിലീപിന്റെ രണ്ട് ഫോണ്‍ താന്‍ കോപി ചെയ്ത് നല്‍കിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ഇതില്‍ ഒരു ഫോണിലായിരുന്നു കോടതി രേഖകള്‍. മറ്റൊരു വാട്സ് ആപ് നമ്പറില്‍ നിന്നാണ് ഈ രേഖകള്‍ അയച്ചിട്ടുള്ളത്. ഇത് ഒരിക്കലും പുറത്ത് വരാന്‍ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകന്‍ പറഞ്ഞെന്ന് സായ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ഈ ഘട്ടത്തില്‍ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങള്‍ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോണ്‍ രേഖകള്‍ താന്‍ സ്വന്തം നിലയില്‍ കോപി ചെയ്ത വച്ചെന്നും ഹാകര്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാകര്‍ ഉത്തരം നല്‍കിയിട്ടില്ല. 

സായ് ശങ്കറിന്റെ ലാപ്ടോപ് പരിശോധന നടത്തിയപ്പോള്‍ കോടതി രേഖകളില്‍ ചിലത് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികളടക്കമുള്ള രേഖകളാണിത്. ഹാകറുടെ കൈവശം ദിലീപിന്റെ ഫോണിലെ കൂടുതല്‍ കോടതി രേഖകളുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എന്നാല്‍ ഇയാള്‍ ഒളിവിലായതിനാല്‍ ഇവ കണ്ടെത്താനായിട്ടില്ല. 

കോടതിയില്‍ നിന്ന് അഭിഭാഷകര്‍ക്ക് പകര്‍പ് എടുക്കാന്‍ കഴിയാത്ത രേഖകളും ദിലീപിന്റെ ഫോണില്‍ എത്തിയെന്നാണ് അനുമാനിക്കുന്നത്. ഇത് ആര് അയച്ചുനല്‍കി എന്നതില്‍ വിശദമായ അന്വേഷണം വേണ്ടിവരും. ക്രൈം ബ്രാഞ്ച് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഒരു ഫോണ്‍ കൈമാറാന്‍ ദിലീപ് തയ്യാറായിരുന്നില്ല. ഈ ഫോണിലേക്കാണോ കോടതി രേഖകള്‍ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്. ദിലീപിന്റെ ഫോണുകളുടെ ഫോറന്‍സിക് റിപോര്‍ടുകളുള്‍പെടെ ചോദ്യം ചെയ്യലില്‍ നിര്‍ണായകമാകും.

Keywords:  News, Kerala, State, Kochi, Case, Dileep, Trending, Crime Branch, Questioned, Actress assault case: Dileep appears at Aluva Police Club for question
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia